ന്യൂ മാഹി അഴിയൂരിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് കുട്ടിയടക്കം രണ്ടുപേർ മരിച്ചു

keralanews two died electric shock from electric line in mahe azhiyoor

കണ്ണൂർ:ശക്തമായ മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് കുട്ടിയടക്കം രണ്ടുപേർ മരിച്ചു.ന്യൂ മാഹി അഴിയൂരിലാണ് അപകടം നടന്നത്.അഴിയൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപം താമസിക്കുന്ന ഇര്‍ഫാന്‍ (30), സഹല്‍ (10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. വയസുകാരനായ സഹലിനാണ് ആദ്യം ഷോക്കേറ്റത്.കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇര്‍ഫാന് ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.മഴവെള്ളം കെട്ടിനിന്ന വഴിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണമായത്. ആള്‍ സഞ്ചാരം കുറഞ്ഞ വഴിയില്‍ ലൈന്‍ പൊട്ടിവീണത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.മഴവെള്ളത്തിൽ തേങ്ങ വീണ് കിടക്കുന്നത് കണ്ട് സഹല്‍ എടുക്കാന്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ കരച്ചില്‍ കേട്ടാണ് ഇര്‍ഫാന്‍ എത്തിയത്. സഹലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇര്‍ഫാനും അപകടത്തില്‍ പെടുകയായിരുന്നു.ഇരുവരും അയല്‍വാസികളാണ്.

24 മണിക്കൂറിനിടെ രാജ്യത്ത് 445 മരണം;15,372 പുതിയ കേസുകള്‍

keralanews 445 death and 15372 new cases confirmed in the coutry in 24 hours

ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 445 കോവിഡ് മരണം. 14,821 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കേസുകളില്‍ കൂടുതലും മഹാരാഷ്ട്രയിലാണ്.3870 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,32,075 ആയി ഉയര്‍ന്നു. 186 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 6,170 ആയി.ഡല്‍ഹിയില്‍ ഇന്നലെ 3000 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. അതേ സമയം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളെക്കാള്‍ കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഇതിനു പുറമേ മരിച്ചവരുടെ എണ്ണത്തിലും കുറവുണ്ട്. 59,746 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.അതേസമയം ഗോവയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. വടക്കന്‍ ഗോവയിലെ മോര്‍ലേം സ്വദേശിയായ 85കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച് ഐ.സി.യുവിലായിരുന്നു ഇദ്ദേഹം. നിര്‍ഭാഗ്യകരമെന്നാണ് ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞത്. ഇതുവരെ 19 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മോര്‍ലം പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഗോവയില്‍ ഇതുവരെ 818 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ കോവിഡ് മുക്ത സംസ്ഥാനമായി ഗോവയെ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

നവജാതശിശുവിനെ കട്ടിലിൽ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം;പിതാവ് അറസ്റ്റിൽ; കുഞ്ഞിന്റെ നില അതീവ ഗുരുതരം

keralanews try to kill newborn baby by throwing into bed father arrested and babys condition is critical

അങ്കമാലി:54 ദിവസം മാത്രം പ്രായമായ നവജാതശിശുവിനെ കട്ടിലിൽ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് പെണ്‍കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തലയോട്ടിക്കുളളില്‍ രക്തസ്രാവം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്. രണ്ടുദിവസം മുന്‍പാണ് സംഭവം.ഭാര്യയുടെ കൈയില്‍ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഷൈജു കൈകൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു. പിതാവ് ഷൈജു തോമസിനെ റിമാന്‍ഡ് ചെയ്തു. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിനെതിരെയുള്ള ആക്രമണത്തിനു കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ കാലുകളില്‍ ചതവുമുണ്ട്.ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതിയും ഷൈജുവും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. നേപ്പാളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്.

സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

keralanews 127 covid cases confirmed in the state today the highest rate ever reported

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.മലപ്പുറം 5, കോഴിക്കോട് 12, തിരുവനന്തപുരം 5, കാസർകോട് 7, പത്തനംതിട്ട 17, ഇടുക്കി 1, എറണാകുളം 3, കോട്ടയം 11, കൊല്ലം 24, തൃശൂർ 6, കണ്ണൂർ 4, ആലപ്പുഴ 4, പാലക്കാട് 23, വയനാട് 5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിച്ചവരുടെ കണക്ക്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്തു നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും(മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്‌നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1) വന്നവരാണ്.സമ്പർക്കം വഴി മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചു.അതേസമയം ഇന്ന് 57 പേർ രോഗമുക്തി നേടി.തിരുവനന്തപുരം-2,കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂര്‍-2 കാസര്‍കോട്-2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,516 പേര്‍ക്ക് കോവിഡ് ബാധ; 375 മരണം

keralanews 14516 new covid cases and 375 covid death reported in india within 24 hours

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,516 പേര്‍ക്ക് പുതുതായി കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,95,048 ആയി. 24 മണിക്കൂറിനിടെ 375 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 12,948 ആയി.രാജ്യത്ത് കോവിഡ് അതി രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 3,827 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 142 പേര്‍ മരിക്കുകയും ചെയ്തു.തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. 666 പേര്‍ ഇവിടെ രോഗബാധയേറ്റ് മരിച്ചു.അതിനിടെ തമിഴ്നാട്ടിൽ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുംബൈ, പൂനെ തുടങ്ങിയ പ്രദേശങ്ങളിൽ രോഗബാധക്ക് ശമനം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കോവിഡ് പ്രതിരോധം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ട്രെയിൻ കോച്ചുകളിൽ കോവിഡ് ബെഡ് സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 315 പുതിയ കോവിഡ് കേസുകളും 17 മരണവും റിപ്പോർട്ട്‌ ചെയ്തു. മണിപ്പൂരിൽ 54 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 96 പേര്‍ രോഗമുക്തി നേടി

keralanews 118 covid cases reported in kerala today and 96 people cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, യു.എ.ഇ-14, സൗദി അറേബ്യ-10, ഒമാന്‍-3, റഷ്യ-2, ഖത്തര്‍-1, താജിക്കിസ്ഥാന്‍-1, കസാക്കിസ്ഥാന്‍-1) 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, ഡല്‍ഹി-9, തമിഴ്‌നാട്-8, കര്‍ണാടക-5, ആസാം-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, തെലുങ്കാന-1) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (ഒരു പാലക്കാട് സ്വദേശി), കൊല്ലം, പാലക്കാട് (ഒരു മലപ്പുറം, ഒരു തൃശൂര്‍) ജില്ലകളില്‍ നിന്നുള്ള 14 പേരുടെ വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (ഒരു തിരുവനന്തപുരം സ്വദേശി), ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,509 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സമ്പർക്കത്തിലൂടെ കൊറോണ ബാധ;കണ്ണൂര്‍ നഗരം പൂര്‍ണമായും അടച്ചു

keralanews corona infection through contact kannur city closed completely

കണ്ണൂര്‍: സമ്പർക്കത്തിലൂടെയുള്ള കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ നഗരം പൂര്‍ണ്ണമായും അടച്ചു. കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ അടയ്ക്കാനും ഇവിടങ്ങളില്‍ മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ ഒരു വ്യാപാര സ്ഥാപനവും തുറക്കരുതെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.കണ്ണൂർ കോർപ്പറേഷനിലെ 5, 11 ഡിവിഷനുകളും 45 മുതൽ 53 വരെയുള്ള ഡിവിഷനുകളുമാണ് അടച്ചത്.ദേശീയപാത ഒഴികെയുള്ള മുഴുവന്‍ റോഡുകളും അടച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്ന പാതകളില്‍ പൊലീസ് പരിശോധനയും പുനരാരംഭിച്ചിട്ടുണ്ട്. ബസുകൾ നഗരത്തിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര ബസുകൾ ഒഴികെയുള്ളവക്കാണ് നിയന്ത്രണം.പതിനാലുകാരന് സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍, പരീക്ഷ, പരീക്ഷാ മൂല്യനിര്‍ണ്ണയം എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച പതിനാലുകാരന്റെ രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത്‌ 97 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു; 89 പേര്‍ രോഗമുക്തരായി

keralanews 97 covid cases confirmed in the state today and 89 cured

തിരുവനന്തപുരം:സംസ്ഥാനത്ത്‌ 97 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 89 പേര്‍ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു.കണ്ണൂർ ജില്ലയിലെ എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തുവന്നവരും 29 പേർ ഇതരസംസ്ഥാനത്തുനിന്ന് വന്നവരുമാണ്( (മഹാരാഷ്ട്ര 12, ഡല്‍ഹി 7, തമിഴ്നാട് 5, ഗുജറാത്ത് 2, ഹരിയാന 2, ഒറീസ 1 ).സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം വന്നു.തിരുവനന്തപുരം 5, കൊല്ലം 13, പത്തനംതിട്ട 11, ആലപ്പുഴ 9, കോട്ടയം 11, ഇടുക്കി 6, എറണാകുളം 6, തൃശൂർ 6, പാലക്കാട് 14, മലപ്പുറം 4, കോഴിക്കോട് 5, കണ്ണൂർ 4, കാസർകോട് 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്കുകള്‍. തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, എറണാകുളം 4, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കണ്ണൂര്‍ 4, കാസര്‍ഗോഡ് 11 എന്നീങ്ങനെയാണ് കോവിഡ് മുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

keralanews one more covid death in kerala excise official under treatment died

കണ്ണൂർ:കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെ പി സുനില്‍(28) ആണ് മരിച്ചത്. ഇരുശ്വാസകോശങ്ങളുടെയും പ്രവർത്തനം തകരാറിലായിരുന്നു. ജീവൻ നിലനിർത്തിയിരുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്. രക്തസമ്മർദത്തിലും വ്യതിയാനമുണ്ടായി.പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെവേയാണ് അന്ത്യം.കഴിഞ്ഞ 14നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ വിദഗദ്ധധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചിരുന്നു.ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.ഒരാഴ്ച മുൻപ് ഇദ്ദേഹം തൊണ്ടവേദനയെത്തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടുന്ന് പനി മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ 14 നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടികയില്‍ 150 ഓളം പേര്‍ ഉള്‍പ്പെട്ടതായാണ് അരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. പടിയൂര്‍ പഞ്ചായത്തില്‍ മാത്രം 72 പേര്‍ സമ്പർക്ക പട്ടികയിലുണ്ട്. ഇനിയും കൂടുതല്‍ പേര്‍ സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സൈസ് ഡ്രൈവറുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മട്ടന്നൂരില്‍ എക്സൈസ് ഓഫീസും അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുള്ള ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്. ഇതോടെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി.

ഇന്ത്യ-ചൈന സംഘർഷം;സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്;പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

keralanews india china clash India wants peace and will retaliate if provoked says p m narendra modi

ന്യൂഡൽഹി:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ അത് ഏത് സാഹചര്യമായാലും ഉചിതമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തിരുന്നു.വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.

ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ – ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മോദി വെള്ളിയാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ജൂണ്‍ 19 ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കും.തിങ്കളാഴ്ച്ച രാവിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി കരസേന ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി സൈനിക വൃത്തത്തെ ഉദ്ധരിച്ചു എ‌എന്‍‌ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമാന്‍ഡിങ് ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമാണെന്നും ഐഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗാല്‍വന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് കൂടാരം ഇന്ത്യന്‍ സൈന്യം മാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ജൂണ്‍ ആറിന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം കൂടാരം നീക്കം ചെയ്യാന്‍ ചൈന സമ്മതിച്ചിരുന്നു. സംഘര്‍ഷത്തില്‍ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു. കല്ലും വടിയും മറ്റും ഉപയോഗിച്ചായിരുന്നു സൈനികര്‍ ഏറ്റുമുട്ടിയത്.