എറണാകുളം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ്(67) ഇന്ന് മരിച്ചത്.സമ്പര്‍ക്കത്തിലൂടെയാണ് കുഞ്ഞുവീരാന് കോവിഡ് ബാധിച്ചത്. ജൂലൈ 8ന് കളമശ്ശേരി ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും പ്രമേഹവും ന്യൂമോണിയയുമുണ്ടായിരുന്നു.പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. കര്‍ഷകനായ ഇദ്ദേഹം ഉല്‍പന്നങ്ങള് വില്‍ക്കാന്‍ ആലുവാ – മരട് മാര്‍ക്കറ്റുകളില്‍ പോകാറുണ്ടായിരുന്നു. ആലുവയില്‍ നിന്നാണ് കോവിഡ് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. എട്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അടക്കം 13 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില് പ്രോട്ടോക്കോള് അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുക.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുക്കുന്നു
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി എൻഐഎ തിരുവനന്തപുരത്തെത്തിച്ചു.എന്‍ഐഎ രണ്ട് സംഘമായാണ് ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയത്.സ്വപ്നയെ സെക്രട്ടറിയേറ്റിനടുത്തുള്ള ഹെതര്‍ ഫ്ലാറ്റിലാണ് കൊണ്ടുപോയത്. തിരുവനന്തപുരത്ത് സ്വര്‍ണം പിടിച്ചെടുക്കുമ്പോള്‍ ഇവരുടെ ടവര്‍ ലൊക്കേഷന്‍ ഇവിടെയായിരുന്നു. മാത്രമല്ല പിടിക്കപ്പെട്ട മറ്റ് ചില പ്രതികളും ഹെതര്‍ ഫ്ലാറ്റിലെത്തിയിരുന്നതായി സൂചനയുണ്ട്.ഹെതര്‍ ഫ്ലാറ്റിന് പുറമെ കേശവദാസപുരത്തുള്ള റോയല്‍ ഫര്‍ണിച്ചര്‍ കട, സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലും സ്വപ്നയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വെള്ളയമ്പലം ആല്‍ത്തറയ്ക്ക് സമീപത്തെ വീട്, മരുതംകുഴിയിലെ വീട്, ഹെതര്‍ ഫ്ലാറ്റ്, സന്ദീപ് നായരുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപിനെ കൂട്ടി തെളിവെടുപ്പ് നടത്തിയത്.സന്ദീപിനെ ഫെദര്‍ ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും വാഹനത്തില്‍ നിന്ന് ഇറക്കിയിരുന്നില്ല.ഉദ്യോഗസ്ഥര്‍ മാത്രം ഇറങ്ങുകയായിരുന്നു. സന്ദീപിനെ വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. അരുവിക്കരയിലെ വാടകവീട്ടില്‍ എത്തിയപ്പോള്‍ എന്‍ഐഎ സംഘം സന്ദീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി. സന്ദീപിന്റെ അമ്മയുമായും ഉദ്യോഗസ്ഥര്‍ സംസാരിച്ചു. അതിനിടെ സന്ദീപ് നായരുടെ നെടുമങ്ങാട്ടുള്ള സ്ഥാപനത്തില്‍ കസ്റ്റംസ് റെയിഡ് നടത്തി. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സന്ദീപ് നായരുടെ ഫ്ലാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസ
കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസയാണ്(74) മരിച്ചത്.പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണിത്.ജൂലൈ 11 നാണ് നഫീസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നഫീസയുടെ മകന്‍ വിദേശത്ത് നിന്ന് എത്തിയതായിരുന്നു. ആദ്യ പരിശോധനയില്‍ മകന് കൊവിഡ് ബാധിച്ചിരുന്നില്ല. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ മകനും കൊവിഡ് സ്ഥിരീകരിച്ചു.മകനില്‍ നിന്ന് ആകാം നഫീസയ്ക്ക് രോഗം ബാധിച്ചതെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു നഫീസയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നതിനാല്‍ ഇവരെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. 558 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്നെത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98, ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി, ബിഎസ്‌എഫ് ഒന്ന് വീതം. തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരമേഖലയിൽ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് 133 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
യു.എ.ഇ അറ്റാഷേയുടെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്നും കാണാതായ യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. വീടിന് പുറകിലുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്.കയ്യിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഇയാള്‍. ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് സൂചന. ഗണ്‍മാനെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധു അജിത്കുമാര്‍ പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തി. ഫോണ്‍ ചെയ്യാനായി വീടിന് പുറത്തിറങ്ങിയ ജയഘോഷിനെ കാണാതാകുകയായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു.ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം വട്ടിയൂര്‍ക്കാവില്‍ താമസിക്കുകയായിരുന്നു ജയ്ഘോഷ്.വ്യാഴാഴ്ച വൈകീട്ട് കുടുംബത്തെ കരിമണലിലെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. അനുവദിച്ചിരുന്ന പിസ്റ്റള്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ തിരികെ ഏല്‍പ്പിച്ച ശേഷമാണ് ഇയാളെ കാണാതാവുന്നത്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെയാണ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനോട് ചേര്‍ന്ന പറമ്പിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.ഞരമ്പ് മുറിച്ച ജയ്‌ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ അഞ്ചിന് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്ക് 30 കിലോ സ്വര്‍ണം കണ്ടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത സ്വപ്‌നാ സുരേഷിന്റെ കാള്‍ ലിസ്റ്റില്‍ ജയ്‌ഘോഷിന്റെ നമ്പറുണ്ടായിരുന്നു.ജൂലൈ 3,4,5 തീയതികളില്‍ സ്വപ്നാ സുരേഷ് പല തവണയായി ജയാഘോഷിനെ വിളിച്ചു എന്ന വാര്‍ത്തകള്‍ വന്നിരുന്നു.
കണ്ണൂരിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ കോവിഡ് വ്യാപിക്കുന്നു; 8 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കണ്ണൂർ:കണ്ണൂരിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ കോവിഡ് വ്യാപിക്കുന്നു.ജൂൺ 28ന് പാനൂർ അണിയാരത്തെ മരണ വീട്ടിൽ എത്തിയ എട്ട് പേർക്ക് കൂടിയാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.കുന്നോത്ത് പറമ്പ് സ്വദേശികളാണിവർ. നേരത്തെ ഇവിടെ 10 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതിൽ ആയിഷ എന്ന സ്ത്രീ ഇക്കഴിഞ്ഞ ഞായറാഴ്ച മരിച്ചു. നാദാപുരം തൂണേരിയിലെ കോവിഡ് രോഗികളിലൊരാൾ പാനൂരിലെ മരണ വീട്ടിൽ എത്തിയതായി സൂചനയുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം രൂക്ഷമായതോടെ മേഖലയിലെ നാല് പോലീസ് സ്റ്റേഷന്‍ പരിധികള്‍ പൂർണ്ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം. മേഖലയിൽ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകൾക്ക് മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ.മഞ്ചേരി സ്വദേശി അന്‍വർ, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. സ്വർണക്കടത്തിന് ഇവർ പണം മുടക്കിയതായി കണ്ടെത്തി.നേരത്തെ അറസ്റ്റിലായ റമീസിനെ ചോദ്യംചെയ്തതില്‍ നിന്നാണ് അന്‍വറിനെയും സെയ്തലവിയെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സന്ദീപും റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാർ എന്നാണ് കസ്റ്റംസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. സ്വർണം കടത്താൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കുന്നത് റമീസ് ആണ്. ജലാൽ മുഖേന സ്വർണക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തുന്നു. ഈ പണം ഉപയോഗിച്ചാണ് സന്ദീപും റമീസും വിമാനത്താവളം വഴി സ്വർണം കടത്തുന്നത്. ലാഭവിഹിതം പണം മുടക്കിയവർക്ക് നൽകുന്നതും സ്വർണത്തിന് ആവശ്യക്കാരെ കണ്ടെത്തുന്നതും താഴെത്തട്ടിൽ വിതരണം ചെയ്യുന്നതും ജലാൽ ആണ്. അംജത് അലിയും മുഹമ്മദ് ഷാഫിയും സ്വർണക്കടത്തിന് ഫിനാൻസ് ചെയ്തവരിൽ ഉൾപ്പെടുന്നുവെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കസ്റ്റംസിന് ലഭിച്ച വിവരം.അതേസമയം സന്ദീപിന്റെ ബാഗിൽ നിന്നും നിര്‍ണായക രേഖകള്‍ ലഭിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളാണ് ലഭിച്ചത്. പണവും ഫിക്സഡ് ഡെപ്പോസിറ്റിന്‍റെ റെസിപ്റ്റും ബാഗിലുണ്ടായിരുന്നു. കോടതിയുടെ സാന്നിധ്യത്തില്‍ എന്‍ഐഎ ആണ് ഇന്നലെ സന്ദീപിന്റെ ബാഗ് പരിശോധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 451 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം:സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണിത്. സമ്പര്‍ക്കത്തിലൂടെയാണ് 451 പേര്‍ക്ക് രോഗം ബാധിച്ചത്. 37 പേരുടെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.196 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4880 പേർ ചികിത്സയിൽ. 2,60,356 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82568 സാംപിളുകള്‍ ശേഖരിച്ചതില്‍ 78415 സാംപിളുകള്‍ നെഗറ്റീവ് ആയി.16 പ്രദേശങ്ങള്‍ കൂടി ഇന്ന് പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.
ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; 46 പേര്‍ക്ക് രോഗമുക്തി;എട്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍;
കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരമാണ്. ഒരാള്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ.കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 29ന് അബുദാബിയിൽ നിന്ന് ഇവൈ 8211 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 50കാരന്‍, ജൂലൈ 10ന് കുവൈറ്റില്‍ നിന്ന് കെയു 1727 വിമാനത്തിലെത്തിയ ആലക്കോട് തേര്‍ത്തല്ലി സ്വദേശി 54കാരന്‍, 11ന് സൗദി അറേബ്യയില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 38കാരന്‍, ജൂലൈ ഒന്‍പതിന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 27കാരി, ജൂലൈ 11ന് എത്തിയ 19 വയസ്സുകാരായ രണ്ട് ചെമ്പിലോട് സ്വദേശികള്‍, മുംബൈയില്‍ നിന്ന് ജൂലൈ അഞ്ചിന് നേത്രാവതി എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കണ്ണപുരം സ്വദേശി 25കാരി, ജൂലൈ 11ന് മംഗലാപുരത്ത് നിന്നെത്തിയ കരിവെള്ളൂര്‍ സ്വദേശി 50കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സ്വദേശികളാണ്. അഗ്നി-രക്ഷാ സേന ഉദ്യോഗസ്ഥനായ കോടിയേരി സ്വദേശി 34കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 760 ആയി. ഇവരില്‍ 458 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇന്നലെ 46 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25294 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 242 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 78 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 35 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 31 പേരും വീടുകളില്‍ 24884 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കരിവെള്ളൂര്‍ പെരളം- 4, അഞ്ചരക്കണ്ടി- 1, കോട്ടയം മലബാര്‍- 8, വേങ്ങാട്- 1, കണ്ണപുരം- 8, തലശ്ശേരി- 1 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ സമ്പർക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ്- 13, തലശ്ശേരി- 23 വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
സംസ്ഥാനത്ത് ആശങ്ക;ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 608 പേര്‍ക്ക്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
തിരുവനന്തപുരം:ആശങ്കയുണർത്തി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന.ഇന്ന് 608 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.181 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
അതേസമയം കേരളം കോവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അടുത്ത ഘട്ടം സമൂഹ വ്യാപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായിയെന്നും ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുകയാണെന്നും ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാനാകൂ എന്നാണ് ഒരു വിലയിരുത്തല്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം , ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം. കേരളം മൂന്നാംഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. അടുത്തത് സമൂഹവ്യാപനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കരോഗവ്യാപനം കൂടാന്‍ കാരണം നമ്മുടെ അശ്രദ്ധയാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. പ്രതിരോധരംഗത്തെ മടുപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ കൊവിഡ് പകര്‍ച്ച കൂടിയപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു.