തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനം.കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സർക്കാർ നീക്കം.അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.രോഗവ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.എന്നാല്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത കക്ഷികളില്‍ ഭൂരിഭാഗവും ലോക് ഡൌണിനെ എതിര്‍ത്തതോടെയാണ് സര്‍ക്കാര്‍ താത്കാലികമായി പിന്നോട്ട് പോയത്. രോഗവ്യാപനം കൂടിയ മേഖലകളെ പ്രത്യേകം തിരിച്ച് അവിടെ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രബാധിത മേഖലകളില്‍ നിലവിലെ നിയമത്തില്‍ ഒരു വിട്ട് വീഴ്ചയും വരുത്തേണ്ടെന്ന് പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അടുത്ത രണ്ടാഴ്ച സംസ്ഥാനത്തെ സംബന്ധിച്ച് നിർണായകമാണ്. നിലവിലെ രോഗ വ്യാപനം ഇതിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലെന്നാണ് ആരോഗ്യവകുപ്പും സര്‍ക്കാരും കാണുന്നത്.
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ കൂടി;മരിച്ചത് പാലക്കാട്,കാസർകോഡ് സ്വദേശികൾ
തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി.പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40),കാസർകോട് പടക്കാട് സ്വദേശിനി നബീസ (63) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് അഞ്ജലി നാട്ടിലെത്തിയത്.കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു നബീസ.നബീസയുടെ മരണത്തോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയിലായിരുന്നു നബീസയെ പ്രവേശിപ്പിച്ചിരുന്നത്.എന്നാല്‍ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നബീസക്ക് ഉണ്ടായിരുന്നില്ല എന്നാണറിയുന്നത്.അതേ സമയം നേരത്തെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട്ടെ റുഖിയാബിയുടെ മകള്‍ ഷാഹിദയും (52) മരിച്ചു. കൊളക്കാട്ടുവയലില്‍ ഷാഹിദയാണ് മരിച്ചത്. ഇവര്‍ ക്യാന്‍സര്‍ ബാധിതയാണ്.ഇവരുടെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നിട്ടില്ല.കണ്ണൂരില്‍ അപകടത്തില്‍ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമല്‍ജോ (19)ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് എന്നതിനാല്‍ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അമലിനും രോഗം ബാധിച്ചിരിക്കുക ആശുപത്രിയില്‍ നിന്ന് തന്നെയാകാം എന്നാണ് ഇത് നല്‍കുന്ന സൂചന.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; എം.ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും;തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാൻ നിർദേശം
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി.വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂറോളം നീണ്ടു.തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് എന്‍.ഐ.എ ചോദ്യം ചെയ്‍തത്.കൊച്ചിയിലെ ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയാണ് ഇന്നലെ ഇദ്ദേഹത്തെ വിട്ടയച്ചതെന്നാണ് വിവരം. കേസിലെ മുഖ്യപ്രതികളായ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കറിയില്ലായിരുന്നില്ലെന്ന് ശിവശങ്കര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ദേശീയ അന്വേഷണ ഏജന്‍സിക്ക് ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് സൂചനകള്‍.അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികള്‍ നല്‍കിയ ജാമ്യഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.
സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍.സ്വര്‍ണക്കടത്ത് പ്രതികളുമായി ശിവശങ്കറിന് ഉണ്ടായിരുന്ന ബന്ധം, സ്വര്‍ണക്കടത്തിന് സഹായിച്ചോ എന്നീ സുപ്രധാന കാര്യങ്ങള്‍ എന്‍.ഐ എ വിശദമായി ചോദിച്ചറിയും എന്നാണ് സൂചന.കേസിലെ പ്രതികളുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ചോദ്യം ചെയ്യല്‍. നേരത്തെ ശിവശങ്കറിനെ കസ്റ്റംസ് ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചെങ്കിലും അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നാണ് അന്ന് കസ്റ്റംസ് അറിയിച്ചിരുന്നത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ അറസ്റ്റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പ്രതികളായ സ്വപ്ന , സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.നാളെയാണ് സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്.
സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം കൂടുന്നു;സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത
തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിക്കാൻ സാധ്യത.വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് കൊണ്ട് കാര്യമില്ലെന്ന് നിഗമനത്തിലേക്കും സര്‍ക്കാര്‍ എത്തിയതായാണ് സൂചന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ നാളെ വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.സമ്പൂര്‍ണ അടച്ചിടല്‍ വിദഗ്ധരടക്കം പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ‘നേരത്തെ നമ്മള്‍ സമ്പൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്തെ തീരദേശ മേഖലയിലും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും സമ്പർക്ക വ്യാപനം രൂക്ഷമാണ്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 397ലേക്കും എത്തി. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന് മുന്‍പിലുള്ള മാര്‍ഗങ്ങളില്‍ ഒന്ന്.1038 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പിടിപ്പെട്ടത്. ആദ്യമായി നാല് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം 100 കവിഞ്ഞു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സാഹചര്യം ഗുരുതരമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.അതേസമയം സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതിരൂക്ഷമാകും.പ്രതിസന്ധി ഘട്ടങ്ങള്‍ മുന്നിലുള്ളതിനാല്‍ എല്ലാ കാര്യങ്ങളും വിലയിരുത്തും. നിലവില്‍ കര്‍ണാടകത്തില്‍ നിന്ന് വരുന്നതിനടക്കം തടങ്ങളില്ല. അതുകൊണ്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിര്‍ത്തി അടച്ചിടല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. അതേസമയം പുതുതുതായി മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയും കനത്ത ജാഗ്രതയിലാണ്. ഒരു ഡോക്ടര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കുമാണ് ഉറവിടം വ്യക്തമാകാത്ത രോഗബാധയുള്ളത്.സമ്പർക്ക ഭീതി ഉള്ളതിനാല്‍ കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.
സ്വര്‍ണക്കടത്ത് കേസ്;ഫൈസല്‍ ഫരീദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി കസ്റ്റംസ്
കൊച്ചി:ഫൈസല്‍ ഫരീദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് അപേക്ഷ നല്‍കും. ഇന്റര്‍പോളിന് സഹായത്തോടെ നോട്ടീസ് നല്‍കി പിടികൂടാനാണ് നീക്കം. സിബിഐ മുഖേന നോട്ടീസ് നല്‍കാനാണ് ശ്രമം. ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയ്ക്കും സരിത്തിനും സന്ദീപിനുമെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും.പ്രതികള്‍ക്കെതിരെ ഉടന്‍ കൊഫെപോസ ചുമത്താനാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെടും.സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കും. പ്രതികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും നീക്കമുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നീട്ടീ
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി.വെള്ളിയാഴ്ച വരെ ഇവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയും സന്ദീപും കോടതിയെ അറിയിച്ചു.പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയെന്ന കേസിൽ രണ്ടാംപ്രതിയാണ് സ്വപ്‌ന സുരേഷ്. സന്ദീപ് നായര്‍ നാലാം പ്രതിയാണ്. കേസിലെ ഒന്നാംപ്രതി സരിത്തും എൻഐഎ കസ്റ്റഡിയിലാണുള്ളത്. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.സ്വർണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് അന്വേഷണം സജീവമായത്.കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ പരിശോധിച്ചപ്പോഴാണ് 30 കിലോ സ്വർണം കണ്ടത്തിയത്. ആദ്യ ദിനത്തിൽ തന്നെ കോൺസുലേറ്റിലേ മുൻ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയെങ്കിലും അടുത്ത അറസ്റ്റിനായി ഒരാഴ്ച സമയമെടുത്തു. ഇതിനിടയിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. ഇതോടെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎയുടെ പിടിയിലായി.സ്വപ്നയെയും സന്ദീപിനേയും ചോദ്യം ചെയ്തതോടെ എന്‍ഐഎക്ക് നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്ഥിതി ആശങ്കാജനകം; മെഡിക്കല്‍ കോളേജിലെ പതിനാല് രോഗികള്‍ക്കും പത്ത് കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്
തിരുവനന്തപുരം:സമ്പർക്കം വഴിയുള്ള രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്ക് ഉള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്ക് ഇടയിലും രോഗവ്യാപനമുണ്ടായത്.ആശുപത്രിയിലെ 14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്കും ആണ് കൊവിഡ് പിടിപെട്ടത്. കഴിഞ്ഞ ദിവസം തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥിതി രൂക്ഷമായിരുന്നു. ഡോക്ടര്‍മാരടക്കം 20 പേര്‍ക്കാണ് രോഗം ബാധിച്ചത്. 150 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കൊവിഡ് പടരുന്ന പശ്‌ചാതലത്തില്‍ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി;മരിച്ചത് ഫോര്‍ട്ട് കൊച്ചി, തൊടുപുഴ സ്വദേശികള്‍
കൊച്ചി:സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്.ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായിരുന്നു ഹാരിസ്.ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 46 ആയി.
കണ്ണൂർ അഴീക്കലിൽ ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കണ്ണൂര്‍: അഴീക്കല്‍ ഹാശ്മി പാല്‍സൊസൈറ്റിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അഴീക്കല്‍ വെള്ളക്കല്ലിലെ ചിറമ്മല്‍ ഹൗസില്‍ സജിത്തിന്റെയും ഷൈനിയുടെയും മകനാണ് അഭിജിത്ത്. സഹോദരി: അനാമിക. വെള്ളക്കല്ലിലെ സദാനന്ദന്റെയും അനിലയുടെ മകനാണ് നിഖില്‍ സഹോദരി: അഹന്യ. മൃതദേഹങ്ങള്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.