തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് എട്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലം,കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത്‍ ഇന്ന് കൊറോണ ചികിത്സയിലായിരുന്ന മൂന്നു പേര്‍ മരിച്ചു. അഞ്ചല്‍ സ്വദേശിനി അശ്വതി (25) ചെറിയ വെളിനല്ലൂര്‍ ആശാ മുജീബ് (45), കൊല്ലം ദേവിനഗര്‍ സ്വദേശി ആന്റണി (70) എന്നിവരാണു മരിച്ചത്.മൂവരും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂവര്‍ക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.കാസര്‍കോട് മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അറുപത് വയസുകാരനായ ഇദ്ദേഹത്തിന് ഹൃദ്രോഗവും, പ്രമേഹവും ഉള്‍പ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നു.കോഴിക്കോട് ജില്ലയില്‍ രണ്ട് മരണമുണ്ടായി. മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കണ്ണൂരിലും മലപ്പുറത്തും ഒരോ കൊവിഡ് മരണങ്ങളും ഇന്നുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സത്താര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായിരുന്നു സത്താര്‍. മലപ്പുറം ഒളവട്ടൂര്‍ സ്വദേശി ആമിന മഞ്ചേരി മെഡിക്കല്‍ കോളജിലും മരിച്ചു.
വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം:പ്രതികള്‍ കോണ്‍ഗ്രസ് പ്രവർത്തകരെന്ന് എഫ്.ഐ.ആര്‍; എട്ടുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്.എന്നാൽ രാഷ്ട്രീയ കൊലപാതകമാണേ അല്ലേയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മുഖ്യ പ്രതികളായ സജീവ്, സനൽ ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ഞായറാഴ്ച സംഭവസ്ഥലത്തെത്തിയത്. ഒന്നാം പ്രതി സജീവ്, രണ്ടാം പ്രതി അൻസിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ അസഭ്യം പറഞ്ഞ ശേഷമാണ് മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും പ്രതികൾ ആക്രമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.മുഖ്യ പ്രതികളെന്ന് കരുതുന്ന സജീവ്, സനൽ മറ്റ് പ്രതികളായ ഷജിത്ത്, അൻസാർ, സതി എന്നിവരുൾപ്പെടെ എട്ട് പേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. സജീവിനും സനലിനും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. പൊലീസ് പിടികൂടിയ അന്‍സാര്‍ കൊലപാതക സമയത്ത് കൂടെ ഇല്ലായിരുന്നുവെന്ന് സജീവും സനലും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് ദൃക്സാക്ഷിയായ ഷഹീന്‍ പറയുന്നത് പ്രകാരം അന്‍സര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ്. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രതികളെ സഹായിച്ച ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണി ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്. മുഴുവൻ പ്രതികൾക്കുമായി അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം റൂറൽ എസ്.പി. വ്യക്തമാക്കി.
ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങളുടെ നിലപാട് തേടും
ന്യൂഡല്‍ഹി:തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കിയേക്കും.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടും. തദ്ദേശ, നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിലവില്‍ കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിര്‍ദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.ഒരു രാജ്യം ഒറ്റ വോട്ടര്‍ പട്ടിക എന്നത് നടപ്പിലാവുകയാണെങ്കില്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. ഇതിലൂടെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ കുറയ്ക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തില്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.
പാലത്തായി പീഡന കേസ്;ഇരയായ പെൺകുട്ടിക്കെതിരെ അന്വേഷണ സംഘം ഹൈക്കോടതിയില്‍
കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ ഇരയ്‌ക്കെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് .പീഡനത്തിന് ഇരയായ 11 കാരി നുണ പറയുന്നതായി അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടിയ്ക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും മൊഴി സംബന്ധിച്ച് വ്യക്തത വരുത്തണമെങ്കില്‍ വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടെ സഹായം ആവശ്യമാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.പെണ്‍കുട്ടിക്ക് നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സഹായം നല്‍കിയിരുന്നു. കൗണ്‍സിലേര്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.
സ്വര്‍ണകടത്ത് കേസ്; ജനം ടിവിയുടെ ചുമതലകളിൽ നിന്നും മാറിനിൽക്കുന്നതായി അനില്‍ നമ്പ്യാർ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ജനം ടി.വി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാർ വിശദീകരണവുമായി രംഗത്ത്. നീതിക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ഒന്നും ചെയ്യാത്തിടത്തോളം കാലം ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
”തന്നെ ഒരു രാജ്യദ്രോഹിയായി ചിത്രീകരിച്ച് ഇകഴ്ത്തലുകളുടെ ഘോഷയാത്രയുമായി സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ വാര്‍ത്താദിവസം ആഘോഷിച്ചു. കഥയറിയാതെ ആട്ടം നടത്തിയവരോട് ഒന്നും പറയാനില്ല. റേറ്റിങ്ങിനായുള്ള അഭ്യാസമെന്നതിലുപരിയായി ഈ ആട്ടക്കഥയെ കാണുന്നില്ല. സഹപ്രവര്‍ത്തകരുടെ കൂരമ്പുകളേറ്റ് എെന്‍റ പ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറല്‍ പോലും ഏറ്റിട്ടില്ല. യു.എ.ഇ കോണ്‍സുലേറ്റിെന്‍റ വിശദീകരണം തേടാന്‍ മാത്രമാണ് സ്വപ്നയെ വിളിച്ചത്.സ്വര്‍ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണ്. ഞാന്‍ വഴി ജനം ടി.വിയിലൂടെ ബി.ജെ.പിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം. ചാനലിലെ എെന്‍റ സാന്നിദ്ധ്യം ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ എന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടി.വി ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍നിന്നും ഞാന്‍ മാറി നില്‍ക്കുന്നു” -അനില്‍ നമ്പ്യാർ കുറിപ്പില്‍ പറഞ്ഞു. ബി.ജെ.പിക്ക് യു.എ.ഇ കോണ്‍സുലേറ്റിെന്‍റ പിന്തുണ ലഭിക്കാന്‍ സഹായിക്കണമെന്ന് ജനം ടി.വി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാർ ആവശ്യപ്പെട്ടുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗുവഴിയല്ല സ്വര്‍ണമെത്തിയതെന്ന പ്രസ്താവന പുറത്തിറക്കണമെന്ന് കോണ്‍സുലേറ്റ് ജനറലിനോട് ആവശ്യപ്പെടാന്‍ അനില്‍ നമ്പ്യാർ നിര്‍ദേശിച്ചുവെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റംസ് അനിലിനെ കഴിഞ്ഞദിവസം നാലേമുക്കാല്‍ മണിക്കൂറാണ് ചോദ്യംചെയ്തത്. മൊഴിയില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. സ്വപ്ന സുരേഷിന്റെ മൊഴിയുമായി ഒത്തുനോക്കിയശേഷം അനില്‍ നമ്പ്യാരെ വീണ്ടും വിളിപ്പിക്കും.
സെക്രട്ടേറിയേറ്റിലെ തീപിടിത്തം;അന്വേഷണ സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും
തിരുവനന്തപുരം:സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാനാണ് ഇത്. തീപിടിത്തം നടന്ന പ്രോട്ടോകോൾ ഓഫീസിനകത്ത് സിസിടിവിയില്ല. ഇതിന്റെ പരിസരത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങളാണ് പ്രത്യേക പോലീസ് സംഘം പരിശോധിക്കുന്നത്.അതേസമയം തീപിടിത്തം സംബന്ധിച്ച് അഗ്നിശമന സേന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.തീപിടിത്തത്തിന് കാരണം ഫാൻ ചൂടായി ഉരുകിയതാണെന്നാണ് അഗ്നിശമന സേനയുടെ റിപ്പോർട്ട്. തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും വിലയിരുത്തലുണ്ട്. ഇതേ അനുമാനം തന്നെയാണ് അന്വേഷണ സംഘത്തിനും. അതേസമയം ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണർ എ.കൗശികന്റെ നേതൃത്വത്തിൽ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്റിലെ ഫയലുകളുടെ കണക്കെടുപ്പ് തുടരുകയാണ്. മുഴുവൻ ഫയലുകളും പരിശോധിച്ച് സ്കാൻ ചെയ്ത് സൂക്ഷിക്കും. ഏതൊക്കെ ഫയലുകളാണ് കത്തിയതെന്ന് കണക്കെടുത്ത ശേഷം അഞ്ച് ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
സ്വര്‍ണക്കടത്ത് കേസ്;അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അനില്‍ നമ്പ്യാരെ കസ്റ്റംസ് വിട്ടയച്ചു;വീണ്ടും വിളിപ്പിച്ചേക്കും
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.മൊഴി വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന സൂചന.കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു.തുടര്‍ന്നാണ് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ മൊഴി നല്‍കാന്‍ ഹാജരായത്. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കസ്‌റ്റംസ് പിടികൂടുന്നത്. അതേ ദിവസം ഉച്ചയ്‌ക്ക് സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുണ്ട്.സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല.നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണം കടത്തിയത് പിടികൂടിയ ദിവസം അനില്‍ നമ്പ്യാർ സ്വപ്നയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സ്വപ്ന ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്. സ്വപ്നയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
സ്വർണ്ണക്കടത്ത് കേസ്;ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണ കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടുതവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വപ്‌നയുടെ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ചോദ്യംചെയ്യുന്നത്.അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരിൽ നിന്നും ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം.അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണില്‍ ബന്ധപ്പെട്ടവരില്‍ ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.അതേസമയം യുഎഇ വിസിറ്റിംഗ് വിസയ്ക്കു വേണ്ടി തികച്ചും ഔദ്യോഗികമായാണ് സ്വപ്നയെ പരിചയപ്പെടുന്നതെന്ന് അനില്‍ നമ്പ്യാർ പറഞ്ഞു. സ്വര്‍ണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജോലിയുടെ ഭാഗമായാണ് താന്‍ സ്വപ്‌നയെ വിളിച്ചിരുന്നതെന്നും അനില്‍ നമ്പ്യാർ പറഞ്ഞു.യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നപ്പോള്‍ കോണ്‍സുലേറ്റില്‍ തനിക്ക് പരിചയമുള്ള ഒരാളെന്ന നിലയിലാണ് സ്വപ്നയെ വിളിക്കുന്നതെന്നും എന്നാല്‍ സ്വപ്ന കോണ്‍സുലേറ്റിലെ ജോലി വിട്ടുപോയ കാര്യം അറിയില്ലായിരുന്നുവെന്നും അനില്‍ നമ്പ്യാർ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി;മരിച്ചത് കണ്ണൂർ,മലപ്പുറം സ്വദേശികൾ
കണ്ണൂർ:സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി. മലപ്പുറം ജില്ലയില്‍ രണ്ടും കണ്ണൂർ ജില്ലയിൽ ഒരു കോവിഡ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജിയും(80) കോട്ടക്കൽ സ്വദേശി ഇയ്യത്തുട്ടിയും(65) മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെയാണ് മരിച്ചത്.കണ്ണൂരാണ് ഒരു കോവിഡ് മരണം ഉണ്ടായത്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തനാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. അനന്തന്‍റെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടന്ന് പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.കഴിഞ്ഞ ദിവസം യുവാക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ കോവിഡ് ബാധിച്ചുമരിച്ചിരുന്നു. അനന്തന്റെ മരണത്തോടെ അതു 29യായി ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂരില്‍ ബിജെപി കലക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം;നിരവധി പേർക്ക് പരിക്ക്
കണ്ണൂര്‍: സെക്രട്ടറിയറ്റിലെ തീപിടുത്തത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്.ബിജെപി ജില്ലാ കമ്മിറ്റി ആസ്ഥാനമായ മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന താളിക്കാവില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി കലക്‌ട്രേറ്റ് പടിക്കല്‍ എത്തിയപ്പോൾ പൊലീസ് ബാരികേഡ് ഉപയോഗിച്ച് തടഞ്ഞു.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപിരങ്കി പ്രയോഗിച്ചു.ഇതോടെ യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബിജെപി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സി.സി. രതീഷ് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു വളക്കുഴി അടക്കമുള്ള നേതാക്കള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി.