തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ ശക്തമായി. കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലേർട്ട് നല്‍കിയിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണം.ബുധനാഴ്ചവരെ ഉയര്‍ന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കി.കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടാന്‍ കാരണമായത്. ന്യൂനമര്‍ദ്ദം രണ്ട് ദിവസത്തിനുളളില്‍ വടക്കോട്ട് നീങ്ങുന്നതോടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകും. അഞ്ചുദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം;മരിച്ചത് കാസര്‍കോട്, ആലപ്പുഴ സ്വദേശികൾ
ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി. കാസര്‍കോട്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ഓഗസ്റ്റ് 18 നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചു. രണ്ടുദിവസമായി അസുഖം കൂടി. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.ആലപ്പുഴയില്‍ കോവിഡ് ബാധിച്ച് മണ്ണഞ്ചേരി സ്വാദേശി സുരഭിദാസ് ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.
തമിഴ്നാട്ടിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി;9 മരണം
തമിഴ്നാട്:തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തിൽ 9 പേർ മരിച്ചു. പടക്ക നിർമാണശാല പൂർണമായും കത്തിയമര്‍ന്നു.മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണെന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എത്ര പേര്‍ പടക്കശാലയിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ കടലൂരിലെ വെടിക്കെട്ട് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. കട്ടുമന്നാര്‍കോയിലിന് അടുത്തുള്ള ലൈസന്‍സുള്ള യൂണിറ്റാണ് ഇത്. അഗ്‌നിരക്ഷാ സേനസംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടകാരകാരണം വ്യക്തമായിട്ടില്ല. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെ കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ബെംഗളൂരു മയക്കുമരുന്ന് കേസ്;അന്വേഷണം കേരളത്തിലേക്ക്; പ്രതി അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ചും ശൃംഖല
ബംഗളുരു: മയക്കുമരുന്ന് കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ( എന്‍സിബി). നിലവില്‍ മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റിജീഷ് രവീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലേക്കും എത്തുന്നത്. മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത് ബിനീഷ് കൊടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലില്‍ വച്ചാണെന്നാണ് റിജീഷ് മൊഴി നല്‍കിയിട്ടുള്ളത്.റിജീഷിന്റെ മൊഴിയിലുള്ള വിവരങ്ങള്‍ ബിനീഷിനുമേല്‍ വലിയ കുരുക്കുണ്ടാക്കുന്നതാണ്. ബിനീഷും ധര്‍മ്മടം സ്വദേശിയായ അനസും ചേര്‍ന്ന് ബംഗളുരുവില്‍ നടത്തിയിരുന്ന പണമിടപാട് സ്ഥാപനവും മയക്കുമരുന്നു കച്ചവടത്തിന് പണം മുടക്കിയതായും എന്‍സിബി സംശയിക്കുന്നുണ്ട്. 2015ല്‍ തുടങ്ങിയ ബി ക്യാപ്പിറ്റല്‍ ഫിനാന്‍സ് കമ്പനിയാണ് ഇപ്പോള്‍ സംശയ നിഴലിലുള്ളത്.ഈ സാഹചര്യത്തിലാണ് അന്വേഷണം കേരളത്തിലേക്ക് എത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദിന് ഒന്നാം പ്രതിയായ കന്നട സീരിയല്‍ നടി ഡി അനിഖയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയായ ജിംറിന്‍ ആഷിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജിംറിന്‍ ആഷിയുടെ ഫോട്ടോ എന്‍സിബിക്ക് ലഭിച്ചെങ്കിലും കൃത്യമായ വിലാസം ലഭ്യമായിട്ടില്ല.
അതേസമയം പ്രതി അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ച് വന്‍ ലഹരി മരുന്ന് ശൃംഖല ഉള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മലയാള സിനിമാ രംഗത്തെ യുവാക്കളും ലഹരി മരുന്നിന്റെ വിതരണക്കാരെന്ന് വിവരം. അനൂപ് മുഹമ്മദിന്റെ മൊഴിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.പ്രതികളുടെ മൊബൈല്‍ ഫോണുകളും ടെലഗ്രാം മെസേജുകളും അന്വേഷണ സംഘം പരിശോധിച്ചു. മലയാള സിനിമാ രംഗത്തെ എട്ട് യുവാക്കള്‍ക്ക് പ്രതികള്‍ മൂന്ന് വര്‍ഷമായി ലഹരി എത്തിച്ചു നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചു. അനൂപ് മുഹമ്മദാണ് ലഹരി മരുന്ന് എത്തിച്ചു നല്‍കിയത്. ഈ എട്ട് യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്തിന് കൂടുതല്‍ കണ്ണികളെ സംഘടിപ്പിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി.ലഹരി കടത്തില്‍ കൊച്ചിയിലെ മൂന്ന് യുവതികളുടെ വിവരങ്ങള്‍ അറസ്റ്റിലായ അനിഘയുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അനിഘയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അനിഘയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിനുള്ള ബന്ധം എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുകയാണ്.
മരിച്ചിട്ട് 39 ദിവസം; പത്തനംതിട്ടയിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും
പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സി.ബി.ഐയുടെ ആവശ്യപ്രകാരം ഫോറൻസിക് വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.പ്രതിഷേധങ്ങൾക്കും നാടകീയതകൾക്കും ഒടുവിലാണ് ചിറ്റാർ സ്വദേശി പി.പി മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിച്ച ടേബിളിലാണ് ഇന്ന് പോസ്റ്റ്മോർട്ടം നടക്കുക. നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ധരുടെയും നേത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് നടക്കുന്ന പോസ്റ്റ്മോർട്ടം ക്യാമറയിൽ ചിത്രീകരിക്കും.കേസ് അന്വേഷിക്കുന്ന സിബിഐ സംഘം റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും സംസ്ഥാന സർക്കാരിന് കത്ത് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയ് 28ന് വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച നിലയിലാണ് മത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മത്തായിയുടെ മരണകാരണമെന്നായിരുന്നു വിശദീകരണം. ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല.എന്നാൽ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ ഷീബയും ബന്ധുക്കളും മൃതദേഹം സംസ്കരിക്കാൻ തയ്യാറാവാതെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.തുടർന്ന് കോടതിയെ സമീച്ച കുടുംബം ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് ഇവർ നിലപാടിൽ മാറ്റം വരുത്തിയത്.പോസ്റ്റ്മോർട്ടത്തിന് ശേഷം പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് 3ന് കട്ടച്ചിറ കുടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 31 വരെ തിരിച്ചടവു മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി
ഡല്‍ഹി : തിരിച്ചടവു മുടങ്ങിയതിന് കഴിഞ്ഞ മാസം 31ന് വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടണമെന്നും കൂട്ടുപലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഉത്തരവ്.ബാങ്കുകളുടെ താത്പര്യം കണക്കിലെടുത്താണ്, മൊറട്ടോറിയം കാലത്തു തിരിച്ചടവു നീട്ടുന്ന വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.ബാങ്കുകള്‍ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വായ്പാ തിരിച്ചടവിന് അടിയന്തര ആശ്വാസം എന്ന നിലയിലാണ് മൊറട്ടോറിയം ക്രമപ്പെടുത്തിയിരിക്കുന്നതെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുള്ളതാണെന്ന്, ബെഞ്ചിനു നേതൃത്വം നല്‍കിയ അശോക് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമായ നടപടികളെടുക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പലിശ നിരക്കു കുറയ്ക്കല്‍, വായ്പാ കാലാവധി ദീര്‍ഘിപ്പിക്കല്‍, പിഴച്ചാര്‍ജ് ഒഴിവാക്കല്‍, മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു വരെ നീട്ടല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബാങ്കുകള്‍ക്കു തീരുമാനമെടുക്കാം.ഓരോ മേഖലയ്ക്കുമായി പ്രത്യേകമായി തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോള്‍ ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. ജീവിതം കൂടുതല്‍ പ്രതിസന്ധിയായവര്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാനാവുക എന്ന് കോടതി ആരാഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം;കസേരയും ജനാലയും തല്ലിത്തകര്‍ത്തു
കോഴിക്കോട്: മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം.നരക്കോടുള്ള ഇന്ദിരാഭവനു നേരെ രാത്രി പന്ത്രണ്ടോടെയാണ് ആക്രമണമുണ്ടായത്.ഓഫിസിലെ കസേരയും ജനല്‍ചില്ലുകളും തകര്‍ത്തു.15 പേരടങ്ങിയ സംഘം ഓഫിസിലേക്കു പാഞ്ഞെത്തി ഫര്‍ണിച്ചറുകളും മറ്റും തകര്‍ക്കുകയായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.സംഭവത്തില്‍ മേപ്പയ്യൂര്‍ പോലീസ് കേസെടുത്തു.സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്തു പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.
കണ്ണൂരില്‍ ബസ്സിനടിയില്‍പ്പെട്ട് ഗര്‍ഭിണിയായ നഴ്സ് മരിച്ചു
കണ്ണൂര്‍: പേരാവൂര്‍ വാരപ്പിടികയില്‍ ബസ്സിനടിയില്‍പ്പെട്ട് ഗര്‍ഭിണിയായ നഴ്സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യയും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നേഴ്സുമായ ദിവ്യ (26)യാണ് മരിച്ചത്.രാവിലെ വാരപീടികയില്‍ വെച്ച് ബസില്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ആറു മാസം ഗര്‍ഭിണിയാണ് ദിവ്യ. കയറുന്നതിനിടെ വസ്ത്രം കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. അപകടത്തിനിടയാക്കിയ പുലരി ബസ് പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മിംസ് ആശുപത്രിയിലേക്ക് മാറ്റി.അറയങ്ങാടിലെ പഴയ മഠത്തില്‍ ജോര്‍ജിന്റെയും അന്നമ്മയുടെയും മകളാണ്. സഹോദരി: നീതു(ബെംഗളൂരു).
ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു മക്കള്‍ക്ക് നല്‍കിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു
കണ്ണൂര്‍:പയ്യാവൂരില്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു മക്കള്‍ക്ക് നല്‍കിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. സ്വപ്‌ന അനീഷാണ് മരിച്ചത്. വിഷം കഴിച്ച ഇവരുടെ ഇളയ മകന്‍ നേരത്തെ മരിച്ചിരുന്നു.11 വയസ്സുള്ള മൂത്ത കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണു സൂചന. ഇവരുടെ ഭര്‍ത്താവ് ഇസ്രായേലില്‍ ആണുള്ളത്. യുവതി പയ്യാവൂരില്‍ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു.ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂര്‍ സ്വദേശി സ്വപ്‌ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സീലയ്ക്കും ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്.പിറ്റേന്ന് ഇളയമകളായ അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ ലോണെടുത്ത് വീടും സ്ഥലവും വാങ്ങിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്;2111 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.തിരുവനന്തപുരം ജില്ലയില്‍ 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ 221 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 186 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 144 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 143 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 121 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 59 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 40 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 31 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 21 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11പേര്‍ക്കും, വയനാട് ജില്ലയില്‍ 6 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ 394 പേരുടെയും, കൊല്ലം ജില്ലയില്‍ 67 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ 78 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 302 പേരുടെയും, കോട്ടയം ജില്ലയില്‍ 115 പേരുടെയും, ഇടുക്കി ജില്ലയില്‍ 14 പേരുടെയും, എറണാകുളം ജില്ലയില്‍ 134 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 120 പേരുടെയും, പാലക്കാട് ജില്ലയില്‍ 153 പേരുടെയും, മലപ്പുറം ജില്ലയില്‍ 286 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 240 പേരുടെയും, വയനാട് ജില്ലയില്‍ 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 97 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 87 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.