തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. തനിക്ക് നിയമനം നല്‍കിയത് ശിവശങ്കറിന്റെ വിശ്വസ്ത ആയതുകൊണ്ടാണെന്നും സ്വപ്‌ന എന്‍ഫോഴ്‌മെന്റ് ഡയറക്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടിരുന്നെന്നും സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്‌നയുടെ ഈ മൊഴിയുള്ളത്.യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതിന് ശേഷം പുതിയൊരു ജോലി നേടാൻ അടുത്ത സുഹൃത്തുകൂടിയായ ശിവശങ്കറിന്റെ സഹായം തേടിയിരുന്നു. സ്‌പേസ് പാര്‍ക്കില്‍ പുതിയ ഒരു ഓപ്പണിങ് ഉണ്ടെന്നും ഒരു ബയോഡാറ്റ തയ്യാറാക്കി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് അയക്കാനും റഫറന്‍സായി തന്റെ പേരു വെക്കാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് ബയോഡാറ്റ അയച്ചു. ഇതിന് ശേഷം കെ.എസ്.ടി.എ.എല്‍ എം.ഡി ഡോ. ജയശങ്കറിനെ കാണാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഔദ്യോഗികമായി സ്‌പേസ്പാര്‍ക്കില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്.സ്‌പേസ് പാര്‍ക്കിലെ കാര്യം അറിയിച്ചപ്പോള്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി താന്‍ സംസാരിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്റെ നിയമനം അറിഞ്ഞിരുന്നെന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു.എട്ട് തവണ ഔദ്യോഗികമായി ശിവശങ്കറിനെ കണ്ടിരുന്നു. ഇതില്‍ ആറ് തവണയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഔദ്യോഗികമല്ലാതെ നിരവധി തവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മൊഴിയില്‍ പറയുന്നു.
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ജീവനക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. ഡോക്ടടറുടെയും നഴ്സുമാരുടെയും സസ്പെൻഷനാണ് പിന്‍വലിച്ചത്. ഡി.എം.ഇ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.അതേസമയം ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരായ വകുപ്പ് തല നടപടികള്‍ തുടരും.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. ഡിഎംഇയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സര്‍ജറി വിഭാഗം പ്രഫസര്‍ക്ക് കൊവിഡ് ചുമതല കൈമാറി. സസ്പെന്‍ഷനിലായവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, നേഴ്‌സുമാരും സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്പെന്‍ഡ് ചെയ്ത ആരോഗ്യപ്രവര്‍ത്തകരെ ഉപാധികളില്ലാതെ തിരിച്ചെടുക്കുക, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് നിര്‍ത്തലാക്കുക. പിടിച്ച ശമ്പളം തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡോക്ടര്‍മാര്‍ സമരം നടത്തിയത്.അതേസമയം സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അനില്‍കുമാറിന്‍റെ കുടുംബം പറഞ്ഞു. നിയമനപടികളുമായി മുന്നോട്ടുപോകുമെന്നും മകള്‍ അജ്ഞന മീഡിയവണിനോട് പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4,981 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 892, മലപ്പുറം 793, കൊല്ലം 833, എറണാകുളം 688, തൃശൂര്‍ 733, കോഴിക്കോട് 691, കണ്ണൂര്‍ 398, പാലക്കാട് 293, കോട്ടയം 424, ആലപ്പുഴ 406, കാസര്‍ഗോഡ് 393, പത്തനംതിട്ട 218, വയനാട് 124, ഇടുക്കി 24 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂര്‍ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 884 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 850, കൊല്ലം 485, പത്തനംതിട്ട 180, ആലപ്പുഴ 302, കോട്ടയം 361, ഇടുക്കി 86, എറണാകുളം 337, തൃശൂര്‍ 380, പാലക്കാട് 276, മലപ്പുറം 541, കോഴിക്കോട് 628, വയനാട് 102, കണ്ണൂര്‍ 251, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 87,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കാസര്‍കോട് വൻ ചന്ദന വേട്ട;കളക്ടറും സംഘവും ചേര്‍ന്ന് പിടികൂടിയത് ഒരു ടണ്ണോളം വരുന്ന ചന്ദനം
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ചന്ദന വേട്ട . ജില്ലാ കളക്ടറും സംഘവും ചേര്‍ന്ന് വന്‍ ശേഖരം പിടികൂടി . കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ചന്ദനം ശേഖരം പിടികൂടിയത്. ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ നാലരയ്ക്കായിരുന്നു സംഭവം.കളക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് പോയി നോക്കുകയും ചെയ്തപ്പോഴാണ് സംഭവങ്ങള്‍ മനസ്സിലാകുന്നത്.വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഈ സമയം ചന്ദനം കയറ്റുകയായിരുന്നു. സിമന്റ് കടത്തുന്ന ലോറിയില്‍ സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താന്‍ ഒരുങ്ങിയത്.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച അവസ്ഥയില്‍ ചന്ദനത്തടികള്‍ കാണുന്നത്.സമീപത്തു തന്നെയാണ് കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. വീട്ടില്‍ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമയെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. ചന്ദനം ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറും.സംഭവത്തില്‍ മുഖ്യപ്രതി അബ്ദുള്‍ ഖാദറിനെ (58) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കോവിഡ്; 4640 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 587, തിരുവനന്തപുരം 532, കോഴിക്കോട് 609, മലപ്പുറം 545, കൊല്ലം 451, തൃശൂര്‍ 413, കോട്ടയം 348, കണ്ണൂര്‍ 212, പാലക്കാട് 188, കാസര്‍ഗോഡ് 187, ആലപ്പുഴ 194, ഇടുക്കി 36, വയനാട് 24, പത്തനംതിട്ട 12 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 910, കൊല്ലം 283, പത്തനംതിട്ട 102, ആലപ്പുഴ 387, കോട്ടയം 400, ഇടുക്കി 61, എറണാകുളം 236, തൃശൂര്‍ 285, പാലക്കാട് 327, മലപ്പുറം 757, കോഴിക്കോട് 507, വയനാട് 90, കണ്ണൂര്‍ 130, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,111 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തൃശ്ശൂരിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി
തൃശൂർ:തൃശൂര്‍ ചിറ്റിലങ്ങാട്സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ്(26) ആണ് കൊല്ലപ്പെട്ടത്. മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ എരുമപ്പെട്ടി ഇയ്യാല്‍ ചിറ്റിലങ്ങാട്ടാണ് സംഭവം. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരുക്ക്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സി.പി.എം ആരോപണം.സംഭവത്തിൽ ഉൾപ്പെട്ടവർ സഞ്ചരിച്ചതെന്നു കരുതുന്ന കാർ താലൂക്ക് ആശുപത്രിയിൽ നിന്നും പൊലീസ് കണ്ടെത്തി. എട്ടോളം ബജ്റംഗ്ദൾ പ്രവർത്തകർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സി.പി.എം പറഞ്ഞു.ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചു പോയ സനൂപ് വല്ല്യമ്മയുടെ കുടുംബത്തോടൊപ്പമാണ് ഇത്രയും കാലം ജീവിച്ചത്. കോവിഡ് കാലത്തെ സേവനപ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായിരുന്നു സനൂപ്.സനൂപിന് ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും പ്രദേശത്ത് നേരത്തെ രാഷ്ട്രീയസംഘര്‍ഷം ഒന്നും നിലനിന്നിരുന്നില്ലെന്നുമാണ് പൊലീസും നാട്ടുകാരും പറയുന്നത്.
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ സർക്കാർ നടപടി;നോഡല്‍ ഓഫിസര്‍ സ്ഥാനത്ത് നിന്ന് ഡോക്ടര്‍മാര്‍ രാജിവച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കൊവിഡ് നോഡല്‍ ഓഫിസര്‍മാരായ ഡോക്ടര്‍മാരുടെ കൂട്ട രാജി. അധിക ചുമതല വഹിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ.അരുണക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കല്‍ കോളജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്.നടപടി പിന്‍വലിച്ചെങ്കില്‍ ചുമതലകളില്‍ നിന്ന് രാജിവെക്കുമെന്നും കൊവിഡ് ഇതര ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുത്തത്.
സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് മുതൽ നിരോധനാജ്ഞ;പൊതുഇടങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം
തിരുവനന്തപുരം:സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് നിയന്ത്രണം. ഈ മാസം ഒമ്പതുവരെയുള്ള ഒരാഴ്ച കാലയളവിലേക്കാണ് കാസര്‍കോട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ സമ്പര്‍ക്ക രോഗവ്യാപനം തടയാനാണ് ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം.കണ്ടെയ്‍ന്‍മെന്‍റ് സോണിനു പുറത്ത് അഞ്ചുപേരില്‍ കൂടുതലുള്ള പൊതുപരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. വിവാഹത്തിന് 50 പേര്‍ക്കും ശവസംസ്കാര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മതചടങ്ങുകള്‍ എന്നിവ പരമാവധി 20 പേരെ വരെ പങ്കെടുപ്പിക്കാം. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുണ്ടാകും.ഇപ്പോള്‍ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല.
സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്; 4092 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂര്‍ 807, പാലക്കാട് 441, കണ്ണൂര്‍ 475, ആലപ്പുഴ 590, കാസര്‍ഗോഡ് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 357, കൊല്ലം 295, പത്തനംതിട്ട 218, ആലപ്പുഴ 342, കോട്ടയം 174, ഇടുക്കി 93, എറണാകുളം 212, തൃശൂര്‍ 270, പാലക്കാട് 221, മലപ്പുറം 951, കോഴിക്കോട് 423, വയനാട് 75, കണ്ണൂര്‍ 303, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 63 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സ്വർണ്ണക്കടത്ത് കേസ്;കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു; ചോദ്യം ചെയ്തത് 36 മണിക്കൂര്‍
കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനൊടുവിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. 36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇന്നലെയാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.കരാട്ട് ഫൈസലിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് കൊടുവള്ളിയിലെ വീട്ടില്‍ നിന്നാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.മുമ്പ് 84 കിലോ സ്വര്‍ണം കൊണ്ടുവന്നതിലടക്കം ഫൈസല്‍ മുഖ്യകണ്ണിയായിരുന്നുവെന്നും മൊഴിയുണ്ട്. സ്വര്‍ണം വിറ്റത് കൂടാതെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയും നിർണായകമായിരുന്നു. സന്ദീപ് നായരെ കാണാനായി കാരാട്ട് ഫൈസൽ പലതവണ എത്തിയതായി സന്ദീപിന്‍റെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.അതേസമയം സ്വര്‍ണ്ണം കടത്തിയതില്‍ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകന്‍ അബ്ദുല്‍ നിസ്താര്‍ പറഞ്ഞു. ഫൈസലിനെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളില്‍ പ്രമുഖനാണ് കാരാട്ട് ഫൈസല്‍. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍ വാര്‍ഡിലെ കൗണ്‍സിലറാകും മുന്‍പ് സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഫൈസല്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികളുമായി കാരാട്ട് ഫൈസലിനുള്ള ബന്ധത്തെക്കുറിച്ചും കസ്റ്റംസ് ചോദിച്ചറിഞ്ഞു.