കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കേസ് 23 ആം തിയതി വീണ്ടും പരിഗണിക്കും. ഇഡി കേസിലെ ജാമ്യ ഹര്‍ജിയിലും അന്ന് തീരുമാനം വരും. കസ്റ്റംസ് തന്നെ ക്രിമിനലിനെ പോലെ പരിഗണിക്കുന്നുവെന്ന വാദവുമായാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്.കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഏതു കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും കസ്റ്റംസ് നല്‍കിയിരുന്നില്ല. അറസ്റ്റിനുള്ള ശ്രമമാണ് കസ്റ്റംസ് നടത്തിയത്. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കാന്‍ തയാറാണെന്ന് കസ്റ്റംസ് അറിയിച്ചു. 23നകം തെളിവുകള്‍ ഹാജരാക്കുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് അറിയിച്ച കസ്റ്റംസ് അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ വാദം അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്.സ്വര്‍ണവും ഡോളറും കടത്തിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മൊഴികള്‍ പരസ്പരവിരുദ്ധവും അവിശ്വസനീയവുമെന്നു കസ്റ്റംസ് വിലയിരുത്തുന്നുണ്ട്.
സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസ്.ശിവശങ്കറിന് ചികിത്സ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗവും ഇന്ന് ചേരും. നടുവിനും കഴുത്തിനും വേദനയെന്നാണ് ശിവശങ്കര്‍ ഇന്നലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്.ഇതനുസരിച്ച് വിവിധ പരിശോധനകളും നടത്തിയിട്ടുണ്ട്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നില്ല. പരിശോധനാ ഫലം വിലയിരുത്തി ശിവശങ്കറിന്റെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഐസിയുവില്‍ കഴിയുന്ന എം ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത നടുവേദന തുടരുന്നതായി ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്.ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിന്‍ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടര്‍ നടപടികളില്‍ നിര്‍ണായകമാകും.ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. വിദഗ്‍ധ പരിശോധനയ്ക്ക് ചികിത്സ ആശുപത്രിയില്‍ തന്നെ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്താല്‍ കസ്റ്റംസ് നീക്കങ്ങള്‍ക്ക് തല്‍ക്കാലം തിരിച്ചടിയാകും. കസ്റ്റംസ് തീരുമാനിച്ചത് പോലെ ചോദ്യം ചെയ്യലോ അറസ്റ്റോ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ നടന്നേക്കില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് നല്‍കിയാലും ശിവശങ്കറിനോട് വിശ്രമം നിര്‍ദ്ദേശിക്കാനാണ് സാധ്യത.
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7991 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മലപ്പുറം 1445, തൃശൂര്‍ 1079, എറണാകുളം 525, കോഴിക്കോട് 888, തിരുവനന്തപുരം 576, പാലക്കാട് 383, കൊല്ലം 651, ആലപ്പുഴ 604, കണ്ണൂര്‍ 328, കോട്ടയം 358, കാസര്‍ഗോഡ് 270, പത്തനംതിട്ട 153, ഇടുക്കി 87, വയനാട് 117 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ഇന്ന് 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 200ല്‍പരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 860, കൊല്ലം 718, പത്തനംതിട്ട 302, ആലപ്പുഴ 529, കോട്ടയം 217, ഇടുക്കി 63, എറണാകുളം 941, തൃശൂര്‍ 1227, പാലക്കാട് 343, മലപ്പുറം 513, കോഴിക്കോട് 1057, വയനാട് 144, കണ്ണൂര്‍ 561, കാസര്‍ഗോഡ് 516 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
എം ശിവശങ്കറിനെ പി ആർ എസ് ഹോസ്പിറ്റലിൽ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചു.ശിവശങ്കറിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരന്‍ തട്ടിക്കയറിയത്. ദൃശ്യം പകര്‍ത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഇയാളുടെ കൈയ്യേറ്റം. സംഭവത്തില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.മാദ്ധ്യമപ്രവര്‍ത്തകരുടെ കൈയ്യിലുളള സ്റ്റില്‍ ക്യാമറകള്‍ തട്ടികളയാനുളള ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി. ആംബുലന്‍സ് ശിവശങ്കറിനേയും കൊണ്ട് ആശുപത്രിയില്‍ നിന്നും തിരിച്ചതിന് പിന്നാലെ ഇയാള്‍ ആശുപത്രിക്കകത്തേക്ക് ഓടി ഒളിക്കുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ജീവനക്കാരനെതിരെ പൊലീസിന് പരാതി എഴുതി നല്‍കിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.ഉച്ചയ്ക്ക് രണ്ടേകാലോടെ ആംബുലൻസിലാണ് ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആദ്യം ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനായിരുന്നു തീരുമാനം.എന്നാല്‍ കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. എംആർഐ സ്കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ; അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്
തിരുവനന്തപുരം:ആരോഗ്യവകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ.അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്.നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല്‍ തന്നെയാണ് ഇച്ഛാശക്തിയോടെ കര്‍ശനമായ നടപടി സ്വീകരിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.385 ഡോക്റ്റർമാർക്ക് പുറമേ 5 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.385 ഡോക്റ്റർമാർക്ക് പുറമേ 5 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.നിലവിലെ അവസ്ഥയിൽ ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും.സര്‍വീസില്‍ പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ദൃശ്യമാധ്യമങ്ങളില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ മറുപടി നല്‍കിയതും ജോലിയില്‍ പ്രവേശിച്ചതും വളരെ കുറച്ച് പേരാണ്. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസ്;ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം; വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം. കസ്റ്റംസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ശിവശങ്കറിന് ദേഹാസ്വസ്ഥ്യമുണ്ടായി.ഇതേ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുപോകും വഴി ശിവശങ്കറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് കൂടുതല്‍ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ശിവശങ്കറിന്‍റെ ഇസിജിയില്‍ വ്യത്യാസമുണ്ട്. രക്തസമ്മര്‍ദവും കൂടിയ നിലയിലാണ്.അതിനാല്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബാഹ്യ ശക്തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും കാണിച്ച് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6767 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 786, കോഴിക്കോട് 878, തൃശൂര്‍ 795, പാലക്കാട് 434, എറണാകുളം 184, തിരുവനന്തപുരം 405, ആലപ്പുഴ 543, കോട്ടയം 268, കൊല്ലം 410, കണ്ണൂര്‍ 369, പത്തനംതിട്ട 227, കാസര്‍ഗോഡ് 214, വയനാട് 149, ഇടുക്കി 69 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.250 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 76, മലപ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, കോഴിക്കോട് 8, കണ്ണൂര്‍ 5, പത്തനംതിട്ട, തൃശൂര്‍ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, വയനാട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 780, കൊല്ലം 767, പത്തനംതിട്ട 257, ആലപ്പുഴ 181, കോട്ടയം 246, ഇടുക്കി 53, എറണാകുളം 843, തൃശൂര്‍ 831, പാലക്കാട് 322, മലപ്പുറം 432, കോഴിക്കോട് 1154, വയനാട് 155, കണ്ണൂര്‍ 440, കാസര്‍ഗോഡ് 306 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 24 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1113 ആയി. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 643 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന് ഹര്‍ജിയുമായി പ്രോസിക്യൂഷന്‍; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യവുമായി പ്രോസിക്യൂഷന്‍.പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹരജി നല്‍കിയത്.വിചാരണ കോടതിയില്‍ നിന്ന് സുതാര്യമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു.ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.ഇരയായ നടിയുടെ ആവശ്യപ്രകാരം ഹൈക്കോടതിയാണ് വനിതാ ജഡ്ജിയുള്ള സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് കേസിന്‍റെ വിചാരണ മാറ്റിയത്. ഈ കോടതിയില്‍ വിചാരണ തുടര്‍ന്നാല്‍ ഇരയായ നടിക്കും നീതി ലഭിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. അതിനാല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതുവരെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 182 ആമത്തെ സാക്ഷിയെ കോടതിയില്‍ വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്തും കോടതി വായിച്ചു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇതിനാല്‍ കോടതി മാറ്റണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി ഇന്ന് തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന.തീര്‍ത്തും അസാധാരണമായ ഈ സംഭവത്തില്‍ ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. കോടതി നടപടികള്‍ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റുക എന്നതാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്റെ ലക്ഷ്യം. കേസില്‍ വളരെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിചാരണ നീണ്ട് പോവുകയായിരുന്നു. അതിനിടയിലാണ് വിചാരണകോടതി തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്; 7082 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര്‍ യാത്രാചരിത്രമുള്ളവരാണ്. 6486 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1195, എറണാകുളം 1130, തൃശൂര്‍ 850, തിരുവനന്തപുരം 350, കണ്ണൂര്‍ 489, കൊല്ലം 550, ആലപ്പുഴ 506, കോട്ടയം 130, മലപ്പുറം 327, പാലക്കാട് 217, പത്തനംതിട്ട 226, കാസര്‍ഗോഡ് 290, ഇടുക്കി 85, വയനാട് 141 എന്നിങ്ങനേയാണ് എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം 30, തിരുവനന്തപുരം 15, പാലക്കാട്, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശൂര്‍, കോഴിക്കോട് 8 വീതം, എറണാകുളം 2, കൊല്ലം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, കോട്ടയം 178, ഇടുക്കി 124, എറണാകുളം 719, തൃശൂര്‍ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂര്‍ 650, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.23 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സ്വർണക്കടത്ത് കേസ്;എം ശിവശങ്കറെ എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു
കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. സ്വപ്നയും ഒന്നിച്ചുള്ള വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ മുന്നോട്ട് പോകുന്നത്. അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയത്.മൂന്നാം തവണയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യുന്നത്. 1,90,000 യുഎസ് ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഡോളര്‍ കടത്താന്‍ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇതില്‍ ശിവശങ്കറിന്റെ പങ്കാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.ഡോളര്‍ കടത്താന്‍ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ സ്വപ്നയും ശിവശങ്കറും 2 തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റിന് വ്യക്തമായി.