ഫൈസര്‍ കോവിഡ് വാക്‌സിനിനു യു കെ അംഗീകാരം; വിതരണം അടുത്ത ആഴ്ചമുതല്‍

keralanews u k authorises pfizer covid vaccine

ലണ്ടന്‍: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു കെ അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും . ഫൈസര്‍ ബയോ ടെക്കിന്റെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്‌ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു കെ സര്‍ക്കാരും വ്യക്തമാക്കി.വാക്‌സിന്‍ യു കെ യില്‍ വിതരണം ചെയ്യുന്നതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ തന്നെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന് ഫൈസര്‍ അറിയിച്ചിരുന്നു. കൂടാതെ വാക്‌സിന്‍ പ്രായം, ലിംഗ, വര്‍ണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തേക്ക്;നാളെ ഉച്ചയോടെ കേരളത്തിലെത്തും;അതീവ ജാഗ്രതാ നിർദേശം

keralanews cyclone burevi hits sri lankan coast reach kerala tomorrow high alert issued

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി ഇന്ന് ശ്രീലങ്കന്‍ തീരത്തെത്തിയേക്കും.ഇന്ന് വൈകീട്ടോടെ ബുറേവി ലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യന്‍ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും എന്നാണ് കണക്ക്കൂട്ടല്‍.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.നാളെ ശ്രീലങ്കയും കടന്ന് തമിഴ്‌നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ് കേരളത്തില്‍ ബുറെവിയുടെ സ്വാധീനം ആരംഭിക്കുക.നാളെ ഉച്ചമുതല്‍ മറ്റന്നാള്‍ ഉച്ചവരെ തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ശ്രീലങ്കന്‍ തീരത്തെത്തുമ്പോൾ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറില്‍ എത്തുകയും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പാന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യുമെന്നാണ് പ്രവചനം.നിലവില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ബുറെവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്‌നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കനത്ത മഴയ്ക്കും കാറ്റിനും ബുറെവി വഴി തുറക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പരമാവധി 95 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നതു പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3ന് റെഡ് അലര്‍ട്ടായിരിക്കും. ഇതേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഉണ്ട്. കക്കി ഡാം, കല്ലട ഡാം, നെയ്യാര്‍ റിസര്‍വ്വോയര്‍ എന്നിവിടങ്ങളില്‍ പരമാവധി ജാഗ്രത പാലിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് മണിമലയാറ്റിലും അച്ചന്‍കോവില്‍ ആറ്റിലും പമ്പയിലും ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ചർച്ച ബഹിഷ്‌കരിച്ച്‌ കർഷക സംഘടനകൾ;മുഴുവന്‍ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്ന് ആരോപണം

keralanews farmers will boycott discussion alleged that the entire organization was not invited to the discussion

ന്യുഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച്‌ ആറാം ദിവസത്തേക്ക് കടന്നു. കര്‍ഷകരെ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500ല്‍ ഏറെ കര്‍ഷക സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. ഇതില്‍ 32 സംഘടനകളെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. രാജ്യത്തെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നത് വരെ ചര്‍ച്ചയ്ക്കില്ലെന്നാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുഖ്‌വിന്ദര്‍ എസ്. സബ്രാന്‍ പറഞ്ഞു. വൈകിട്ട് മൂന്നിനാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ 500ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരം ആറാം ദിവസത്തിേലക്ക് കടക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തി പാതകളും ഉപരോധിച്ച്‌ സമരം ചെയ്യാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍.ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് ബി.കെ.യു നേതാവ് ജോഗീന്ദര്‍ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. നേരത്തെ ഡല്‍ഹി നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാല്‍ ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ചയ്ക്ക് തയാറാണെന്നായിരുന്നു അമിത് ഷാ അറിയിച്ചത്.ഈ നിര്‍ദ്ദേശം ഞായറാഴ്ച കര്‍ഷകര്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ വസതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തീരുമാനമെടുത്തത്.

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6055 പേര്‍ക്ക് രോഗമുക്തി

keralanews covid confirmed to 3382 persons in the state today 6055 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2880 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, തിരുവനന്തപുരം 6, കണ്ണൂര്‍ 4, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം 578, കോഴിക്കോട് 447, എറണാകുളം 246, ആലപ്പുഴ 258, തൃശൂര്‍ 244, കോട്ടയം 240, പാലക്കാട് 104, കൊല്ലം 235, തിരുവനന്തപുരം 153, കണ്ണൂര്‍ 121, പത്തനംതിട്ട 76, വയനാട് 78, കാസര്‍ഗോഡ് 75, ഇടുക്കി 25 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.തിരുവനന്തപുരം 334, കൊല്ലം 633, പത്തനംതിട്ട 143, ആലപ്പുഴ 765, കോട്ടയം 156, ഇടുക്കി 455, എറണാകുളം 518, തൃശൂര്‍ 659, പാലക്കാട് 482, മലപ്പുറം 507, കോഴിക്കോട് 913, വയനാട് 116, കണ്ണൂര്‍ 299, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 504 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പ്രക്ഷോഭത്തിനിടെ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി;കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍

keralanews during agitation prime minister again justified agricultural laws govt ready to hold talks with farmers tomorrow

ന്യൂഡൽഹി:കർഷകരുടെ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി.തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കോടിക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിലപാട്.പതിറ്റാണ്ടുകള്‍ നീണ്ട തെറ്റായ നടപടികള്‍ കാരണം കര്‍ഷകരുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടെന്ന് തനിക്കറിയാം. ഗംഗാ ദേവിയുടെ കരയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശ്യം തങ്ങള്‍ക്കില്ല. ഗംഗാ നദിയിലെ ജലം കണക്കെ പരിശുദ്ധമാണ് തങ്ങളുടെ ഉദ്ദേശ്യങ്ങളെന്നും മോദി പറഞ്ഞു.മുൻപുള്ള സംവിധാനമാണ് ശരിയെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ആരെയും ഈ നിയമം തടയുന്നില്ല.പരമ്പരാഗത മണ്ഡികളെയും സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയെയും പുതിയ തുറന്ന വിപണി സംവിധാനം ഇല്ലാതാക്കുമെന്ന് അര്‍ഥമില്ലെന്നും മോദി പറഞ്ഞു.രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് കര്‍ഷകര്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതാണ് പുതിയ നിയമങ്ങള്‍. കര്‍ഷകര്‍ക്ക് പുതിയ സാധ്യതകളും സുരക്ഷയും നല്‍കുന്നതാണ് ഇതെന്നും മോദി ന്യായീകരിച്ചു.എന്നാൽ നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ശക്തമായ നിലപാടിലാണ് കര്‍ഷകര്‍.അതിനിടെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്.

വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് ആരോപണം; വോളന്‍റിയര്‍ക്കെതിരെ 100കോടിയുടെ മാനനഷ്ടക്കേസിന് ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

FILE PHOTO: Small bottles labeled with a "Vaccine COVID-19" sticker and a medical syringe are seen in this illustration taken taken April 10, 2020. REUTERS/Dado Ruvic/File Photo

ചെന്നൈ: കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചെത്തിയ പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസിന് ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ കുത്തിവച്ചതിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിട്ടെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്. ഇയാള്‍ നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.
ആരോപണം ദുരൂഹത നിറഞ്ഞതാണെന്നും യുവാവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ വാക്സിന്‍ സ്വീകരിച്ചത് മൂലമുണ്ടായതല്ലെന്ന് ഡോക്ടര്‍മാറടക്കം സാക്ഷ്യപ്പെടുത്തിയിട്ടും പരസ്യമായി രംഗത്തെത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിനാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ എന്ന സ്ഥാപനത്തില്‍ നിന്ന് ഇയാള്‍ വാക്‌സിന്‍ എടുത്തത്. നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച്‌ രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച്‌ സഹതാപമുണ്ടെങ്കിലും വാക്സിനെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നൂറുകോടി രൂപയുടെ മാനനഷ്ടക്കേസിനാണ് കമ്പനി ഒരുങ്ങുന്നത്. അത്തരം അവകാശവാദങ്ങള്‍ ഇനിയും ഉയര്‍ന്നാലും അതിനെയെല്ലാം എതിര്‍ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യത;സംസ്ഥാനത്ത് ജാഗ്രതാ നിർദേശം;നാളെ അര്‍ധരാത്രി മുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് നിരോധിച്ചു

keralanews low pressure turns to cyclone alert in kerala fisherman do not go for fishing from today midnight

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുള്ളതിനാല്‍ നാളെ അര്‍ധരാത്രി മുതല്‍ കേരള തീരത്തുനിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. ഡിസംബര്‍ 1 മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ മല്‍സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതേ തുടർന്ന്  പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ കാലവസ്ഥാ മോഡലുകളുടെ സൂചന അനുസരിച്ച്‌ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ശക്തമായ മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാവുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 2 നോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാന്‍ തയ്യാറെടുക്കുവാന്‍ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടാവസ്ഥകള്‍ 1077 എന്ന നമ്പറിൽ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം. അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നതുകൊണ്ട് തന്നെ തെക്കന്‍ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രതപാലിക്കണം.

സംസ്ഥാനത്ത് 6,250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 6250 covid cases confirmed in the state today 5275 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂര്‍ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂര്‍ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസര്‍ഗോഡ് 121 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 365, കൊല്ലം 298, പത്തനംതിട്ട 146, ആലപ്പുഴ 231, കോട്ടയം 512, ഇടുക്കി 110, എറണാകുളം 451, തൃശൂര്‍ 405, പാലക്കാട് 379, മലപ്പുറം 766, കോഴിക്കോട് 1187, വയനാട് 145, കണ്ണൂര്‍ 179, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സോളാർ കേസിനു പിന്നിൽ ഗണേഷ് കുമാർ;വെളിപ്പെടുത്തലുമായി ശരണ്യമനോജ്

keralanews ganesh kumar behind solar case saranya manoj with revelation

കൊല്ലം: സോളാര്‍ കേസില്‍ മുഖ്യപ്രതി കെ.ബി ഗണേഷ്‌കുമാറാണെന്ന വെളിപ്പെടുത്തലുമായി ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യമനോജ്. പത്തനാപുരത്തു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സോളാര്‍ കേസിലെ പരാതിക്കാരിക്ക് പിന്നില്‍ ഗണേഷ് കുമാറാണ്. പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചതും ഗണേഷും പിഎയുമാണെന്നും മനോജ് പറഞ്ഞു. സോളാര്‍ വിഷയം വന്നപ്പോള്‍ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്‌കുമാര്‍ തന്നെ സഹായിക്കണം എന്നുപറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തില്‍ പിന്നീട് ആ സ്ത്രീയെക്കൊണ്ട് ഗണേഷ്‌കുമാറും പി.എയും ചേര്‍ന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’- മനോജ് പറഞ്ഞു.കേരളകോണ്‍ഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. ആര്‍ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യാ മനോജ്. മുൻപ് സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാക്കിയ ഇരയുടെ കത്തില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ബന്ധുവായ മനോജ് കുമാറും പി എയും ചേര്‍ന്ന് നാല് പേജുകള്‍ ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് എംഎല്‍എയുടെ വസതിയില്‍വെച്ചാണെന്നും ഇരയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ 2017ല്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

കെഎസ്‌എഫ്‌ഇ ചിട്ടിയില്‍ ക്രമക്കേട്; വിവിധ ശാഖകളില്‍ വിജിലന്‍സിന്റെ റെയ്ഡ് ഇന്നും തുടരും

keralanews irregularities in ksfe chit vigilance raids on various branches will continue today

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ഇന്നും നടക്കും. ഓപ്പറേഷന്‍ ‘ബചത്’ എന്ന പേരിലാണ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടര്‍ന്നാണിത്.റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്.40 ബ്രാഞ്ചുകളിൽ നടന്ന റെയ്ഡിൽ 35 ലും ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ് വ്യക്തമാക്കി. നിയമവിരുദ്ധമായി കൊള്ള ചിട്ടി നടത്തുന്നതും കണ്ടെത്തി.വൻതുക മാസ അടവുള്ള ചിട്ടികൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് സംശയം. മാസം രണ്ട് ലക്ഷം രൂപ മുതല്‍ പത്തുലക്ഷം വരെ ചിട്ടിയില്‍ അടക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സില്‍ വിജിലന്‍സ് സംശയം ഉയര്‍ത്തുന്നുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമാണോ എന്നും വിജിലന്‍സ് സംശയിക്കുന്നു.ചിട്ടികളിലെ ആദ്യ ഗഡു ട്രഷറികളിലോ ബാങ്കുകളിലോ നിക്ഷേപിക്കാത്തതായും കണ്ടെത്തിയിട്ടുണ്ട്. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തി.ഇന്നലെ രാത്രി വൈകിയും റെയ്ഡ് തുടര്‍ന്നു. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.റെയ്ഡ് ഇന്നും തുടരും.