സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി കസ്റ്റംസ്

keralanews customs produces more evidences against sivasankar in gold smuggling case

കൊച്ചി; സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  എം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി കസ്റ്റംസ്.എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ മുദ്രവച്ച കവറിലാണ് തെളിവുകള്‍ നല്‍കിയത്. ശിവശങ്കറിനെ സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് നേരത്തെ കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു.ഇത് മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതിയാണ് നിര്‍ദേശിച്ചത്. ശിവശങ്കറിന്റെ ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ട്. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നാണ് കസ്റ്റംസ് നിലപാട്. നേരത്തെ കണ്ടെടുത്ത ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള സാധ്യതയാണുള്ളത്. ഡോളര്‍ കടത്തു കേസില്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ മറ്റു വിദേശികളും ഉള്‍പ്പെട്ടിട്ടുള്ളതിനാൽ വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും കസ്റ്റംസ് പറയുന്നു.വലിയ രീതിയിലുള്ള ആസൂത്രണം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. ഉന്നതര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ കസ്റ്റംസ് കോടതിയില്‍ നല്‍കിയിരുന്നു.

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

keralanews clash between other state workers two killed in idukki

ഇടുക്കി: വലിയതോവാളയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.ജാര്‍ഖണ്ഡ് സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഷുക്കു ലാലിന്റെ ഭാര്യ വാസന്തിക്ക് തലയില്‍ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതി ജാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍ പറയ് യാഹല്‍ സ്വദേശി സഞ്ജയ് ബാസ്കി (30) ആണ് പിടിയിലായത്. വലിയതോവാള പൊട്ടന്‍ കാലായില്‍ ജോര്‍ജിന്റെ തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ്.സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടില്‍ ആയിരുന്നു. പണം സംബന്ധമായ തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

ബുറേവി ചുഴലിക്കാറ്റ്;തമിഴ്‌നാട്ടിൽ ഒൻപത് മരണം;കേരളത്തിൽ ജാഗ്രത തുടരും

keralanews burevi cyclone nine deaths in tamilnadu alert in kerala

ചെന്നൈ:തമിഴ്‌നാട്ടിൽ ആഞ്ഞടിച്ച ബുറേവി ചുഴലിക്കാറ്റിൽ ഒൻപത് മരണം.കടലൂരും ചിദംബരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. പുതുച്ചേരി തീരത്തും മഴ ശക്തമായി. കടലൂര്‍, ചെന്നൈ, പുതുക്കോട്ട, കാഞ്ചീപുരം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കടലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു വീണാണ് അമ്മയും മകളും മരിച്ചത്. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. കടലൂരില്‍ മരം വീണും ഒരു യുവതി മരിച്ചു. പുതുക്കോട്ടയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരില്‍ 40 വയസുള്ള സ്ത്രീയും മരിച്ചു. കാഞ്ചീപുരത്ത് വെള്ളത്തില്‍വീണ്് മൂന്ന് പെണ്‍കുട്ടികളും മരിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും, പാമ്ബനില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.അതേസമയം, കാറ്റിന്റെ തീവ്രത കുറഞ്ഞതിനാല്‍ കേരളത്തിൽ ആശങ്കയൊഴിഞ്ഞു. എങ്കിലും ജാഗ്രത തുടരും. കേരളത്തിലെത്തും മുൻപ് കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോമീറ്റര്‍ മാത്രമായി മാറാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ തിരുവനന്തപുരം ഉള്‍പെടെ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.  മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരിച്ച്‌ വീടുകളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.

കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം; ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാള്‍ക്കെതിരെ;വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അടിച്ചു തകർത്തു

keralanews gunda attack in koyilandi car destroyed

കോഴിക്കോട്:കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം.പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്കെതിരെയാണ് ഗുണ്ടകള്‍ ആക്രമണം നടത്തിയത്. പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.ആറംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാ സംഘത്തിന്റെ പക്കല്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നു.കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചിരുന്നു.ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്.പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് യുവാവിന് നേരെ ആക്രമണം നടത്തിയത്. നാട്ടുകാര്‍ നോക്കി നില്‍ക്കവേയായിരുന്നു പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ അഴിഞ്ഞാട്ടം. ഇവര്‍ വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വരന്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. കാറിലുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കയ്യില്‍ വടിവാളുമായാണ് ഇവര്‍ സ്വാലിഹിനെ വഴിവക്കില്‍ കാത്തുനിന്നത്. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരില്‍ച്ചിലരെത്തി തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ വണ്ടിയുടെ വശങ്ങളിലെ ചില്ലുകളും തല്ലിപ്പൊളിച്ച്‌ അകത്തിരിക്കുന്നവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ കാര്‍ മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയില്‍ പിന്നിലെ ചില്ലും ഇവര്‍ തല്ലിത്തകര്‍ത്തു.സംഭവത്തിൽ ഇന്നലെ പരാതി നല്‍കിയിട്ടും പൊലീസ് വ്യക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ ആരോപിക്കുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അക്രമികള്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. ശ്രീനിവാസ് പ്രതികരിച്ചു. അതേസമയം പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ പൊലീസ് വീഴ്‌ച്ച വരുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഭീഷണിയൊഴിയുന്നു;’ബുറേവി’ കേരളത്തിലെത്തുക തീവ്രതയില്ലാത്ത ന്യൂനമര്‍ദ്ദമായി

keralanews threat decreases burevi reach kerala as non-extreme low pressure

തിരുവനന്തപുരം:കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് ഭീഷണിയൊഴിയുന്നു.തെക്കന്‍ തമിഴ്നാട് തീരം തൊട്ട അതിതീവ്ര ന്യൂനമര്‍ദം വീണ്ടും ദുര്‍ബലമായതോടെ കേരളത്തില്‍ സാധാരണ മഴ മാത്രമേ ഉണ്ടാകൂ.ഇതോടെ കേരളത്തിനുള്ള എല്ലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിന്‍വലിച്ചു. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് നിലവിലുള്ള മുന്നറിയിപ്പ്. കേരളത്തില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് സാധ്യത. അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ശക്തമായ മഴ ഉണ്ടാവുക.എന്നാൽ ബുറേവി ചുഴലിക്കാറ്റ് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റമില്ല.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വ്വീസുകള്‍, തെരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.അതേസമയം തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് അടച്ചിടും.ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. കേരള, എം ജി ആരോഗ്യ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നത്തെ പിഎസ്‍സി പരീക്ഷയും അഭിമുഖവും മാറ്റിവെച്ചു.

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;31 മരണങ്ങള്‍;5590 പേര്‍ക്ക് രോഗമുക്തി

keralanews 5376 covid cases confirmed in the state today 31 deaths 5590 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 690, തൃശൂര്‍ 624, കോഴിക്കോട് 509, എറണാകുളം 335, തിരുവനന്തപുരം 314, ആലപ്പുഴ 381, പാലക്കാട് 221, കോട്ടയം 331, പത്തനംതിട്ട 225, കണ്ണൂര്‍ 254, കൊല്ലം 282, ഇടുക്കി 220, വയനാട് 222, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 7 വീതം, എറണാകുളം, മലപ്പുറം 6 വീതം, തൃശൂര്‍ 5, തിരുവനന്തപുരം 4, ഇടുക്കി 3, പത്തനംതിട്ട 2, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 380, കൊല്ലം 332, പത്തനംതിട്ട 169, ആലപ്പുഴ 537, കോട്ടയം 337, ഇടുക്കി 148, എറണാകുളം 770, തൃശൂര്‍ 734, പാലക്കാട് 397, മലപ്പുറം 764, കോഴിക്കോട് 629, വയനാട് 97, കണ്ണൂര്‍ 196, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.31 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റ്‌ ശ്രീലങ്കന്‍ തീരത്ത്‌;കേരളം കനത്ത ജാഗ്രതയിൽ; നാല്‌ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌

keralanews cyclone burevi in srilankan coast high alert in kerala red alert in four districts

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ബുറേവി’ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തെത്തി.ശ്രീലങ്കയില്‍ ട്രിങ്കോമാലിക്കും മുല്ലെതീവിനും ഇടയിലുടെയാണ് ചുഴലിക്കാറ്റ് കടന്ന് പോകുന്നത്. ശ്രീലങ്കയില്‍നിന്ന് ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട് തീരത്ത് പ്രവേശിക്കും. തമിഴ്നാട്ടില്‍ കനത്ത മഴ തുടങ്ങി.പാമ്പൻ ഭാഗങ്ങളിലും ധനുഷ്കോടിയിലും കനത്തമഴയാണ് പെയ്യുന്നത്.മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജാഗ്രതാ നടപടികള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. നാല് ജില്ലകളിൽ റെഡ്‌അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍ കരുതലായി ഡാമുകള്‍ തുറന്നു.1077 ആണ് കണ്‍ട്രോള്‍ റൂം നമ്പർ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ശനിയാഴ്ചവരെ ഇത് തുടരും. കടല്‍ പ്രക്ഷുബ്ധമാകും.തിരുവനന്തപുരം ജില്ലയിലെ അപകട സാധ്യതാ മേഖലയിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി.ഇതിനായി 180 ക്യാമ്പുകളാണ് തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാമ്പുകളിൽ സുരക്ഷിതമായി പാർപ്പിക്കാനാകും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗതയില്‍ കാറ്റുണ്ടാകും. എറണാകുളത്തും ഇടുക്കിയില്‍ ചിലയിടത്തും 30 മുതല്‍ 40 കിലോമീറ്ററാകും വേഗത. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും മലയോരമേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകളെ വിന്യസിച്ചു.എയർഫോഴ്സും നാവികസേനയും സജ്ജമാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായി. എല്ലാ ജില്ലയിലും ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നു.ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനമെടുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്; 5924 പേര്‍ക്ക് രോഗമുക്തി

keralanews 6316 covid cases confirmed today in the state 5924 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5539 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.മലപ്പുറം 764, കോഴിക്കോട് 688, എറണാകുളം 585, തൃശൂര്‍ 637, കോട്ടയം 537, തിരുവനന്തപുരം 371, ആലപ്പുഴ 430, പാലക്കാട് 269, കൊല്ലം 358, പത്തനംതിട്ട 220, വയനാട് 261, കണ്ണൂര്‍ 165, ഇടുക്കി 152, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922, കോട്ടയം 264, ഇടുക്കി 73, എറണാകുളം 443, തൃശൂര്‍ 537, പാലക്കാട് 371, മലപ്പുറം 1054, കോഴിക്കോട് 814, വയനാട് 108, കണ്ണൂര്‍ 258, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 479 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബുറെവി ചുഴലിക്കാറ്റ്;തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് കലക്ടറുടെ മുന്നറിയിപ്പ്

keralanews burevi cyclone collector issued high alert in thiruvananthapuram district

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോയേക്കുമെന്ന് മുന്നറിയിപ്പ്.ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും അതീവജാഗ്രത പാലിക്കണമെന്നും ജില്ല കളക്‌ടര്‍ നവ്ജ്യോത് ഖോസ പറഞ്ഞു.ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും നവ്ജ്യോത് ഖോസ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ 1077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും.ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച്‌ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം , തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തെക്കന്‍കേരളത്തിനൊപ്പം മധ്യകേരളത്തിലും വരുന്ന മണിക്കൂറുകളില്‍ ശക്തമായ മഴകിട്ടും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയെ എല്ലാ തെക്കന്‍ജില്ലകളിലും ഇടുക്കിയിലും വിന്യസിച്ചു.