കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നേരത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ രോഗനിരക്കില്‍ വര്‍ദ്ധനവുണ്ടായതും മന്ത്രി ചൂണ്ടിക്കാട്ടി.ജനകീയ പോരാട്ടത്തിലൂടെയായിരുന്നു കേരളത്തില്‍ കോവിഡിനെ പിടിച്ച് നിര്‍ത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍;പ്രതിദിനം നൂറ് പേര്‍ക്ക് കുത്തിവയ്പ്പ്
ന്യൂഡൽഹി:കോവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍.വാക്സിന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാര്‍ഗരേഖ.ഓരോ വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമേ കേന്ദ്രത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മൂന്നു മുറികളിലായിട്ടാണ് വാക്സിന്‍ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാവും സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ നടത്തുക.
ആരോപണത്തിൽ കഴമ്പില്ല;സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിഐജി സമര്‍പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും. സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ജയില്‍ വകുപ്പ് അന്വേഷണം നടത്തിയത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ നേരത്തെ ബോധിപ്പിച്ചത്.നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്‍റെ കുടുംബത്തെയും ജയിലിനകത്തു വച്ച് തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണു തങ്ങളെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു. അപേക്ഷ പരിഗണിച്ച കോടതി സ്വപ്ന സുരേഷിനു ജയിലില്‍ സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.അതേസമയം സ്വപ്നയുടെ അമ്മയും മക്കളും ഉള്‍പ്പെടെയുള്ള അഞ്ചു ബന്ധുക്കളും കസ്റ്റംസ്, ഇ.ഡി, വിജിലന്‍സ് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരും ജയിലില്‍ അവരെ കണ്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. അമ്മ, സഹോദരന്‍, ഭര്‍ത്താവ്, രണ്ടു മക്കള്‍ എന്നിവര്‍ക്ക് കസ്റ്റംസ്, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് കാണാനാവുക. കൊഫെപോസ ചുമത്തിയതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല. ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജയിലില്‍ നാലുപേര്‍ നിരവധി തവണയെത്തി ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ജയില്‍വകുപ്പിന്റെ നിഗമനം.
ആയുർവേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി;ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്;ദുരിതത്തിലായി രോഗികൾ
28 വർഷത്തെ കാത്തിരിപ്പിന് വിരാമം;സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി;വിധി പ്രഖ്യാപനം ഡിസംബര്‍ 22 ന്
തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഭയ കൊലക്കേസില്‍ വിധി പ്രഖ്യാപനം ഡിസംബര്‍ 22 ന്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവം നടക്കുന്നത്. കേസിലെ വിചാരണ പൂര്‍ത്തിയായി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂര്‍ത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ വാദം പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ പ്രതികളുടെയും വാദം പൂര്‍ത്തിയായത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പ്രതി മറ്റാരോ ആണെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു.കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂര്‍ കോടതി മുന്‍പാകെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വാദത്തിന് പ്രോസിക്യൂഷന്‍ ഇന്ന് മറുപടി പറഞ്ഞു. അതിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിയത്.പ്രോസിക്യൂഷന്‍ സാക്ഷികളായി 49 പേരെയാണ് കോടതിയില്‍ വിസ്തരിച്ചത്.പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാന്‍ പ്രതികള്‍ക്ക് സാധിച്ചില്ല.1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സിബിഐ കോടതിയില്‍ നിന്നും ഡിസംബര്‍ 22ന്വിധി പറയാന്‍ ഇരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി;അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു
എറണാകുളം:തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്.രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.അഞ്ച് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാരാണുള്ളത്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.473 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിനായി തയ്യാറാക്കിയ 12643 പോളിങ് ബൂത്തുകളും അണുവിമുക്തമാക്കി. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ പോയവർക്കും ആരോഗ്യ വകുപ്പിന്‍റെ സാക്ഷ്യപത്രം ഹാജരാക്കി പോളിങ് സ്‌റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം.സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ആം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47ആം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
പോളിങ് ശതമാനം (രാവിലെ 8.30 വരെ)
ജില്ല പോളിങ് ശതമാനം
കോട്ടയം 8.78 %
എറണാകുളം 8.22 %
തൃശൂര്‍ 8.25 %
പാലക്കാട് 7.99 %
വയനാട് 8.62 %
ആകെ 8.29 %
തദ്ദേശ തിരഞ്ഞെടുപ്പ്;രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ
എറണാകുളം:തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു ജില്ലകളിലായി ആകെ 98,56,943 വോട്ടുമാറാനുള്ളത്. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്. 12,643 പോളിംഗ് ബൂത്തുകളാണുള്ളത്.രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്.473 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 5 ജില്ലകളിലായി 63000 ത്തോളം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ പോയവർക്കും ഇന്ന് വൈകീട്ട് മൂന്ന് മണി മുതൽ നാളെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ആരോഗ്യ വകുപ്പിന്‍റെ സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്‌റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37 ആം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47 ആം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. പോളിംങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിംങ് സാമഗ്രികളുടെ വിതരണം അഞ്ച് ജില്ലകളിലും ഇന്ന് രാവിലെ ആരംഭിക്കും.
സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍കോട് 79, ഇടുക്കി 73 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 694, മലപ്പുറം 653, തൃശൂര്‍ 592, എറണാകുളം 415, കോഴിക്കോട് 412, പാലക്കാട് 160, കൊല്ലം 315, വയനാട് 269, തിരുവനന്തപുരം 169, ആലപ്പുഴ 226, പത്തനംതിട്ട 171, കണ്ണൂര്‍ 178, കാസര്‍ഗോഡ് 77, ഇടുക്കി 49 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 350, കൊല്ലം 269, പത്തനംതിട്ട 159, ആലപ്പുഴ 361, കോട്ടയം 460, ഇടുക്കി 72, എറണാകുളം 403, തൃശൂര്‍ 700, പാലക്കാട് 383, മലപ്പുറം 719, കോഴിക്കോട് 421, വയനാട് 125, കണ്ണൂര്‍ 158, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കര്‍ഷക സമരത്തിനിടെ കടുത്ത നടപടികളുമായി കേന്ദ്രം;ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക സമരത്തിനിടെ കടുത്ത നടപടികളുമായി കേന്ദ്രം.ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.കെ.കെ. രാഗേഷ് എം.പിയും അഖിലേന്ത്യാ കിസാന്‍ സഭാ ജോ.സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്പുരില്‍ വെച്ച് അറസ്റ്റിലായി.ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്.രാജസ്ഥാനിലെ സിപിഎം നേതാവ് അമ്രറാം, മറിയം ധാവ്‌ലെ എന്നിവരും അറസ്റ്റിലായിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അരുണ്‍ മേത്ത ഗുജറാത്തില്‍ വെച്ച് അറസ്റ്റിലായി. യു.പിയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സുഭാഷിണി അലിയുടെ വീടിന് മുന്‍പില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലിലാക്കുകയും സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു പൊലീസ്.തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചന്ദ്രശേഖര്‍ ആസാദ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പോലീസിനൊപ്പം ഇരിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ വീണ്ടും അടിയന്തരാവസ്ഥ കാലഘട്ടത്തിലേക്ക് പോയിരിക്കുന്നു എന്നാണ് ആസാദിന്റെ ട്വീറ്റ്. ഇന്ന് നമ്മുടെ അന്ന ദാതാക്കളായ കര്‍ഷകര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ പോലീസ് തന്നെ രാവിലെ മുതല്‍ക്കേ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് ആസാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്;ആദ്യഘട്ട വോട്ടിങ് ഇന്ന്;ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.തിരുവനന്തപുരം 10.41 ശതമാനം, കൊല്ലം 11.39 ശതമാനം, ആലപ്പുഴ 11.62 ശതമാനം, പത്തനംതിട്ട 11.96 ശതമാനം, ഇടുക്കി 11.29 ശതമാനം എന്നിങ്ങനെയാണ് ജില്ലകളിലെ ആദ്യ ഒന്നര മണിക്കൂറിനുള്ളിലെ പോളിങ് ശതമാനം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പു നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6,911 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പു നടക്കുന്നത്. ആകെ 88,26,620 വോട്ടര്‍മാരാണ് ഈ അഞ്ചു ജില്ലകളിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നിവോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്പോഴും പുറത്തു പോകുമ്പോഴും സാനിറ്റൈസര്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തപാല്‍ വോട്ടിന് അവസരം ലഭിക്കാത്ത കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും വോട്ടിംഗിന്‍റെ അവസാനമണിക്കൂറില്‍ വോട്ട് ചെയ്യാം.രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്.