ന്യൂഡല്‍ഹി: ബ്രിട്ടന്‍ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലും കോവിഡ് വാക്സിന്‍ എത്തുന്നു. വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തും. ആശുപത്രികളില്‍ വാക്സിന്‍ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള പരിശീനം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഒരു മുഴുവന്‍ ദിവസ പരിശീലനവും നല്‍കുന്നുണ്ട്.വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യമുള്ളത്. ലോക്‌നായക്, കസ്തൂര്‍ബ,ജിടിബി ആശുപത്രികള്‍, ബാബാസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിന്‍ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കി.മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ്ങ് ഓഫീസര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ വാക്‌സിനേറ്റിങ് ഓഫീസര്‍മാര്‍ക്ക് ഈ മൂന്ന് ഡോക്ടര്‍മര്‍ പരിശീലനം നല്‍കും. പിന്നീടവര്‍ ജില്ലാ തലത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.
അഭയ കൊലക്കേസ്;പ്രതികൾ കുറ്റക്കാർ;ശിക്ഷ നാളെ
തിരുവനന്തപുരം:അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി.ഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റര്‍ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. തോമസ് കോട്ടൂര്‍ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൗൺസിൽ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്‍റെ വാദം ശരിയല്ലെന്നു സി.ബി.ഐ കണ്ടെത്തിയെങ്കിലും ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും തെളിവുകള്‍ നശിപ്പിച്ചതിനാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിച്ചു.പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ എറണാകുളം സിജെഎം കോടതി 1996 ഡിസംബര്‍ ആറിന് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സിബിഐ 1999 ജൂലൈ 12 നും 2005 ആഗസ്റ്റ് 30 നും സിബിഐ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ മൂന്ന് തവണയും കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേരള ഘടകം കേസ് ഏറ്റെടുത്തതോടെ വഴിത്തിരിവായി. അഭയ കൊല്ലപ്പെട്ട് 16 വര്‍ഷത്തിന് ശേഷം 2008 നവംബര്‍ 18ന് ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയിൽ മാരകമായി മർദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്റിൽ ഉപേക്ഷിച്ചുവെന്നായിരുന്നു കേസ്. കേസില്‍ 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൂറുമാറി. മൂന്നാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകം. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഈ മാസം 10 നാണ് വാദം പൂര്‍ത്തിയായത്.
കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ നടിയും കുടുംബവും പ്രതികള്‍ക്ക് മാപ്പ് നല്‍കിയെങ്കിലും കേസ് നടപടി അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെ രാത്രി 8.30യോടെ കളമശ്ശേരി കുസാറ്റ് പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് പുലര്‍ച്ചെ 12.30യോടെയാണ് രേഖപ്പെടുത്തിയത്. രാത്രി വൈകിയും സ്‌റ്റേഷനില്‍ സൂക്ഷിച്ച പ്രതികളെ 11 മണിയോടെ മെഡിക്കല്‍ പരിശോധക്കയച്ചു. അതേ സമയം അന്വേഷണം ശരിയായ ദിശയിലാണന്നും നടിയുടെ മൊഴി രേഖപ്പെടുത്തിയതായും തൃക്കാക്കര എ.സി.പി ജിജിമോന്‍ പറഞ്ഞു. പ്രതികള്‍ പിടിയിലായതിന് പിന്നാലെ കുടുംബാഗങ്ങളെ ഓര്‍ത്ത് ഇരുവര്‍ക്കും മാപ്പ് നല്‍കിയതായി നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നടി മാപ്പ് നല്‍കിയത് കൊണ്ട് മാത്രം കേസ് അവസാനിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.നടിയെ അപമാനിച്ചതില്‍ പൊലീസ് സ്വമേധയാ ആണ് നടപടികള്‍ തുടങ്ങിയതെങ്കിലും നടിയുടെ അമ്മ നല്‍കിയ മൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ തുടർനടപടികൾ കോടതിയുടെ തീരുമാന പ്രകാരം ആയിരിക്കും. നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ ഇല്ലാത്തതിനാല്‍ ഫോണിലൂടെയാണ് മൊഴിയെടുത്തത്. കൊവിഡ് പരിശോധനക്ക് ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു
കൊച്ചി:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു.പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ.ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം. കോര്‍പറേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടേത് 11.30ന് ആരംഭിക്കും.തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗത്തിന് ജില്ലാ കളക്ടറാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത്. മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്.അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളില്‍ നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം നടക്കും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിലാകും യോഗം. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20-ന് പൂര്‍ത്തിയാകാത്ത എട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ 22, 26, ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിലായി സത്യപ്രതിജ്ഞ നടക്കും. കൊവിഡ് പോസിറ്റീവായതോ ക്വാറന്റീനില്‍ ഉള്ളതോ ആയ അംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ടാകും. മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാകും ഇവര്‍ക്ക് അവസരം.
കോഴിക്കോട് ഷിഗെല്ല രോഗം പടര്‍ന്നു പിടിച്ചത് കുടിവെള്ളത്തിൽ നിന്നെന്ന് പ്രാഥമിക റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട്ടെ മായനാട് കൊറ്റമ്പരം കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല രോഗം പടര്‍ന്നു പിടിച്ചത് കുടിവെള്ളത്തിലൂടെയെന്ന് കണ്ടെത്തല്‍.കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിനും സമര്‍പ്പിച്ചു.ഷിഗെല്ല രോഗം ബാധിച്ചു മരിച്ച പതിനൊന്നുകാരന്റെ മരണാനന്തരച്ചടങ്ങില്‍ വിതരണം ചെയ്ത വെള്ളത്തിലൂടെയാണു രോഗം പടര്‍ന്നതെന്നാണു കണ്ടെത്തല്‍. അതേസമയം കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല ബാക്ടീരിയ എങ്ങനെ എത്തിയെന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ഒരാഴ്ചയോളം തുടര്‍പഠനം നടത്തും.ഷിഗെല്ല സോനി ഇനത്തില്‍ പെട്ട ബാക്ടീരിയയാണു രോഗത്തിനു കാരണം. ഇതിന്റെ അളവു കൂടുമ്പോഴാണ് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്.കോട്ടാംപറമ്പിൽ 11 വയസ്സുകാരന്‍ മരിച്ചതു ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന കണ്ടെത്തലിനു പിന്നാലെയാണ് 6 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സംസ്കാരത്തില്‍ പങ്കെടുത്തവരായിരുന്നു 6 പേരും.കൂടുതല്‍ പേര്‍ക്ക് രോഗം പകരാതിരിക്കാന്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്തു. കുട്ടികള്‍ക്ക് കൂടുതലായി രോഗം കണ്ടെത്തിയതിനാല്‍ ജാഗ്രത നിര്‍ദ്ദേശം കര്‍ശനമാക്കിയിട്ടുണ്ട്. കിണറിലെ വെള്ളം തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യക്തി ശുചിത്വം നിര്‍ബന്ധമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. പ്രദേശത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനാണ് ജില്ല മെഡിക്കല്‍ വിഭാഗത്തിന്റെ തീരുമാനം.
സംസ്ഥാനത്ത് ഇന്ന് 6,293 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;4,749 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6,293 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍കോട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5578 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 644, കോഴിക്കോട് 753, മലപ്പുറം 616, തൃശൂര്‍ 640, കോട്ടയം 560, ആലപ്പുഴ 447, കൊല്ലം 400, പാലക്കാട് 208, പത്തനംതിട്ട 289, തിരുവനന്തപുരം 291, കണ്ണൂര്‍ 218, വയനാട് 237, ഇടുക്കി 164, കാസര്‍ഗോഡ് 111 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.49 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, കണ്ണൂര്‍ 8, തൃശൂര്‍ 7, കോഴിക്കോട് 5, തിരുവനന്തപുരം 4, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് 3 വീതം, പാലക്കാട്, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂര്‍ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂര്‍ 330, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി;അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും
ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി.ഇതോടെ അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരും.പാര്‍ട്ടിയില്‍ തിരുത്തല്‍ ശബ്ദമുയര്‍ത്തിയ നേതാക്കളുമായി സോണിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്.പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ശക്തമായ നേതൃത്വമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇനിയും തിരിച്ചടികളുണ്ടാകുമെന്നും സംഘടനാ സംവിധാനം ശക്തമാക്കാന്‍ നേതൃത്വം നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയും യോഗത്തില്‍ ഉയര്‍ന്നുവന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനും ഡ്രൈവറും പിടിയില്‍
കണ്ണൂർ:കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനും ഡ്രൈവറും പിടിയില്‍.കോര്‍പ്പറേഷനിലെ എടക്കാട് മേഖലാ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ രമേശ് ബാബു (52), ഡ്രൈവര്‍ എടക്കാട് നടാലിലെ പ്രജീഷ് (38) എന്നിവരാണ് പിടിയിലായത്. അലവില്‍ സ്വദേശി സഞ്ജയ്കുമാറാണ് പരാതി നല്‍കിയത്. ഭാര്യ സഹോദരിയുടെ പേരില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സഞ്ജയ് കുമാര്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയുടെ തുടര്‍നടപടികള്‍ക്കായി പലതവണ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.പിന്നീട് ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി 5000രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സഞ്ജയ് കുമാര്‍ വിജിലന്‍സിനെ സമീപിച്ചു.വിജിലന്‍സ് ഇയാളെ 500 ന്റെ 10 നോട്ടുകള്‍ ഏല്‍പ്പിച്ചു. പണം ഡ്രൈവര്‍ പ്രജീഷിനെ ഏല്‍പ്പിക്കാന്‍ ആയിരുന്നു രമേശ് ബാബു നിര്‍ദ്ദേശിച്ചിരുന്നത്.പ്രജീഷിന് ആദ്യം വിളിച്ചപ്പോള്‍ പണവുമായി താണയില്‍ എത്താന്‍ ആവശ്യപ്പെട്ടു. സഞ്ജയ് കുമാര്‍ താണയിലെത്തി വിളിച്ചപ്പോള്‍ ശ്രീപുരം സ്കൂളിന് സമീപത്തു വരാന്‍ പറഞ്ഞു. അവിടെവച്ചാണ് ആണ് വിജിലന്‍സ് നല്‍കിയ 5000 രൂപ സഞ്ജയ് കുമാര്‍ പ്രജീഷിന് നല്‍കിയത്. പണം കിട്ടിയ ഉടനെ ഡ്രൈവര്‍ പ്രജീഷ് ഇടക്കാട് ഓഫീസിലേക്ക് വിളിച്ച് അറിയിച്ചു. അപ്പോഴേക്കും മറഞ്ഞുനിന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രമേശ് ബാബുവിനുവേണ്ടിയാണ് പണം വാങ്ങിയതെന്ന പ്രജീഷ് മൊഴിനല്‍കി. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.ഇന്‍സ്‌പെക്ടര്‍മാരായ എ.വി. ദിനേശ്, ടി.പി. സുമേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പങ്കജാക്ഷന്‍, മഹേഷ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു;1.45 ലക്ഷം മരണം
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു.അമേരിക്കയ്ക്ക് ശേഷം കൊവിഡ് ബാധിതര്‍ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് രാജ്യത്തെ ആകെ കേസുകളുടെ എണ്ണം ഒരു കോടി പിന്നിട്ടത്.രാജ്യത്ത് 24 മണിക്കൂറിനിടെ 25,153 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 95,50,712 പേരാണ് രോഗമുക്തി നേടി. 35,08,751 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, ഇതുവരെ 1.45 ലക്ഷം പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. സെപ്റ്റംബറില്‍ രാജ്യത്താകമാനം ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ 400ല്‍ താഴെയാണ്. അതേസമയം രാജ്യത്ത് നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4970 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പർക്ക ത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 540, മലപ്പുറം 467, കോട്ടയം 474, എറണാകുളം 357, തൃശൂര്‍ 446, പത്തനംതിട്ട 356, കൊല്ലം 339, ആലപ്പുഴ 304, പാലക്കാട് 137, തിരുവനന്തപുരം 192, കണ്ണൂര്‍ 222, ഇടുക്കി 230, വയനാട് 135, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 9, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 5 വീതം, മലപ്പുറം 4, കൊല്ലം, തൃശൂര്‍, പാലക്കാട് 2 വീതം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 265, കൊല്ലം 418, പത്തനംതിട്ട 184, ആലപ്പുഴ 484, കോട്ടയം 576, ഇടുക്കി 98, എറണാകുളം 565, തൃശൂര്‍ 440, പാലക്കാട് 277, മലപ്പുറം 520, കോഴിക്കോട് 780, വയനാട് 209, കണ്ണൂര്‍ 101, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.