തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്ബതികളുടെ മക്കള്‍ക്ക് സ്ഥലവും വീടും 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെകെ ശൈലജ.വീട് വെച്ചു നല്‍കി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. തുടര്‍പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ കുട്ടികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഇവരുടെ വിദ്യാഭ്യാസ- ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. അതേസമയം രാജന്റെയും അമ്ബിളിയുടെയും മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ എസ് പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇന്ന് തന്നെ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. രാജന്‍ താമസിക്കുന്ന വീടിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ നവജ്യോത് ഖോസ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര തഹസീല്‍ദാറിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ ഭൂമിയില്‍ അയല്‍വാസി വസന്ത ഉന്നയിക്കുന്ന അവകാശ വാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം;കേരളാ നിയമസഭാ നടപടികള്‍ ആരംഭിച്ചു
തിരുവനന്തപുരം:കര്‍ഷകപ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സമ്മേളനം നടക്കുന്നത്. കേന്ദ്രം കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേരള നിയമസഭയുടെ പ്രമേയത്തില്‍ ആവശ്യപ്പെടും. മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രമേയത്തെ പിന്തുണച്ചു.നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കള്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. ഒരു മണിക്കൂറാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും നേതാക്കള്‍ സംസാരിച്ചുതീരുന്നതുവരെ സമ്മേളനം തുടരും.കേന്ദ്രം പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ന്യായവില എടുത്തുകളയുന്നതാണ് നിയമങ്ങള്‍.കര്‍ഷക പ്രതിഷേധം തുടര്‍ന്നാല്‍ അത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കും.കര്‍ഷകരുടെ സമരത്തിനു പിന്നില്‍ വലിയ ഇച്ഛാശക്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കര്‍ഷക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ല.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷിമന്ത്രി വി വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി.”കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങള്‍ കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്,” കൃഷിമന്ത്രി പറഞ്ഞു.
പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍
എറണാകുളം:പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍.പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി,മക്കളായ ആദിത്യന്‍, അര്‍ജ്ജുന്‍ എന്നിവരാണ് മരിച്ചത്.മക്കള്‍ രണ്ടുപേരും ഹാളിലും,ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ചുകിടന്നത്.ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. പൊലീസ് അന്വേഷിക്കുന്നു.തൊട്ടടുത്ത വീട്ടിലെ വരാന്തയില്‍ ഇവര്‍ കൊണ്ടുവെച്ച പാല്‍ പാത്രത്തിന് അടിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതിനൊപ്പം വെച്ച സ്വര്‍ണാഭരണം വിറ്റ് അന്ത്യകര്‍മങ്ങള്‍ നടത്തണമെന്ന് കുറിപ്പിലുണ്ട്. ചിട്ടി നടത്തിയതിന്‍റെ പണം നല്‍കേണ്ട അവസാന ദിവസമായിരുന്നു ഇന്നെന്ന് പറയുന്നു. മൂത്തമകന്‍ ആദിത്യന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അര്‍ജ്ജുന്‍ എട്ടാംക്ലാസിലാണ് പഠിക്കുന്നത്.ബന്ധുക്കളുമായി ഇവര്‍ കഴിഞ്ഞ കുറേ നാളുകളായി അകന്നു കഴിയുകയായിരുന്നു. ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്ന് ചുമരില്‍ എഴുതിവെച്ചിരുന്നു.
ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍; സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കാൻ സാധ്യത
പത്തനംതിട്ട:സമ്പർക്കത്തിൽ വന്ന മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിത്യ പൂജകള്‍ക്ക് മുടക്കമുണ്ടാവില്ല. തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാരായിരിക്കും അന്തിമ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു.
ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 20 ആയി
ന്യൂഡൽഹി:ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 20 ആയി. ബ്രിട്ടണില്‍ കണ്ടെത്തിയ ഈ വൈറസ് പുതിയതായി 14 പേര്‍ക്ക് കൂടി കണ്ടെത്തിയതോടെയാണ് രോഗബാധിതരുടെ എണ്ണം ഇത്രയും ഉയര്‍ന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ബ്രിട്ടണില്‍ നിന്നുവന്ന ആറ് പേര്‍ക്ക് രോഗബാധയുള്ളതായി ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു.എന്‍സിഡിസി ദല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും, ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐജിബി കൊല്‍ക്കത്ത, എന്‍ഐവി പൂനെ, ഐജിഐബി ദല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്കുമാണ് ഈ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരിലുള്ളത്.രോഗം സ്ഥിരീകരിച്ചവരില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് വയസ്സുകാരിയും ഉള്‍പ്പെടും.യുകെയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.ജനിതക മാറ്റം വന്ന കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരെ വെവ്വേറെ മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രത്യേകം സമ്പർക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.നവംബര്‍ 25-നുശേഷം 33,000 പേരാണ് ബ്രിട്ടനില്‍നിന്നെത്തിയത്. ഇവരെ മുഴുവന്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാംപിളുകള്‍ ജനിതകഘടനാശ്രേണി നിര്‍ണയത്തിനായി രാജ്യത്തെ പത്ത് പ്രമുഖ ലാബുകളുടെ കണ്‍സോര്‍ഷ്യത്തിന് അയച്ചുകൊടുത്തു. അതിലാണ് 20 പേരില്‍ പുതിയതരം വൈറസ് ബാധ കണ്ടെത്തിയത്.വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളില്‍നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് പകരും. എന്നാല്‍, ഈ ഇനം വൈറസ് കൂടുതല്‍ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായിവരികയാണ്. വാക്‌സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ കഴിയും എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം;പരാതിക്കാരി പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ പരാതിക്കാരി പോലീസ് കസ്റ്റഡിയില്‍.മരിച്ച ദമ്പതികളുടെ കുട്ടികളെ സന്ദര്‍ശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പറഞ്ഞതിന് പിന്നാലെയാണ് പരാതിക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ഇവർക്കെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി. വസന്തയെ പോലീസ് വീട്ടിൽ നിന്നും മാറ്റുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പരാതിക്കാരിയായ വസന്തയുടെ ഇടപെടല്‍ മൂലം ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് മരിച്ച ദമ്പതികളുടെ മക്കളുടെ ആരോപണം. അതേസമയം ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല, വേണമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വസന്ത മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.നിയമവഴി മാത്രമാണ് സ്വീകരിച്ചത്. വസ്തു തന്റേതെന്നു തെളിയിക്കും. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലും വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്‍റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വിട്ടുകൊടുക്കാമെന്നും വസന്ത പറഞ്ഞു.
കുടിയൊഴിപ്പിക്കല്‍ തടയാനുള്ള ആത്മഹത്യാ ഭീഷണി;ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
തിരുവനന്തപുരം:കുടിയൊഴിപ്പിക്കൽ തടയാനെത്തിയവർക്ക് മുൻപിൽ ആത്മഹത്യാ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നതിനിടെ ഗുരുതര പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ദമ്പതികൾ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജന്‍ (47), ഭാര്യ അമ്പിളി(40) എന്നിവരാണു മരിച്ചത്. കഴിഞ്ഞ 22നുണ്ടായ ദുരന്തത്തില്‍ പൊള്ളലേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രാജന്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയും അമ്പിളി ഇന്നലെ വൈകിട്ടുമാണ് മരണത്തിന് കീഴടങ്ങിയത്. രാജന്റെ മരണാനന്തരചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കവേയാണ് അമ്പിളിയുടെയും മരണവാര്‍ത്ത എത്തുന്നത്.രാജന്‍ ആശാരി പണിക്കാരനായിരുന്നു.തന്റെ മൂന്നുസെന്റ് പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച് അയല്‍വാസിയായ വസന്ത നല്‍കിയ പരാതിയിലാണ് ഒഴിപ്പിക്കല്‍ നടപടി ഉണ്ടായത്.വസന്തയ്‌ക്ക് അനുകൂലമായി ഉത്തരവിട്ട നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഈ വസ്‌തുവില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് വ്യാപനകാലത്ത് രാജന്‍ ഇവിടെ കുടില്‍കെട്ടി ഭാര്യയ്‌ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കി. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ രണ്ടുമാസം മുന്‍പ് കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജന്റെ എതിര്‍പ്പ് മൂലം നടന്നില്ല. വീണ്ടും സ്‌ഥലമൊഴിപ്പിക്കാനായി കോടതി ഉത്തരവുമായി കോടതി ജീവനക്കാരെയും പോലീസിനെയും കൂട്ടി വസന്ത കഴിഞ്ഞ 22ന് ഉച്ചയ്‌ക്കു രാജന്റെ വീട്ടിലെത്തി. ഇതോടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു രാജന്‍.ആത്മഹത്യാഭീഷണി മുഴക്കിയ രാജന്‍ കത്തിച്ചുപിടിച്ച ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോഴാണ് തീപിടിച്ചതെന്നു വ്യക്‌തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.മക്കളുടെ മുന്നില്‍വച്ചാണ് ഇരുവരുടെയും ദേഹത്തേക്ക് തീയാളിപ്പിടിച്ചത്.പോലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്‌ക്കു ശ്രമിച്ചതെന്നും ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നുമാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.തീ ആളിപ്പടര്‍ന്നു നിലത്തുവീണ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.രാജന് 70 ശതമാനത്തോളവും അമ്പിളിക്ക് 40 ശതമാനവും പൊള്ളലേറ്റിരുന്നു.സംഭവത്തില്‍ ഗ്രേഡ് എസ്.ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു
സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4,172 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2707 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 478, കോഴിക്കോട് 387, എറണാകുളം 322, തൃശൂര്‍ 286, കോട്ടയം 227, പാലക്കാട് 83, ആലപ്പുഴ 182, തിരുവനന്തപുരം 112, കൊല്ലം 170, വയനാട് 150, ഇടുക്കി 104, കണ്ണൂര്‍ 87, പത്തനംതിട്ട 84, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 7, തിരുവനന്തപുരം, കണ്ണൂര്‍ 5 വീതം, പാലക്കാട് 4, എറണാകുളം 3, കൊല്ലം, കോഴിക്കോട് 2 വീതം, മലപ്പുറം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 262, കൊല്ലം 311, പത്തനംതിട്ട 203, ആലപ്പുഴ 203, കോട്ടയം 301, ഇടുക്കി 49, എറണാകുളം 536, തൃശൂര്‍ 676, പാലക്കാട് 301, മലപ്പുറം 629, കോഴിക്കോട് 417, വയനാട് 72, കണ്ണൂര്‍ 176, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,76,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 465 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂർ ജില്ലയിൽ എട്ട് നഗരസഭകളില്‍ അഞ്ചിലും എല്‍ഡിഎഫ് അധികാരത്തിലേക്ക്
കണ്ണൂര്‍: ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളില്‍ അഞ്ചിലും എല്‍ഡിഎഫ് അധികാരത്തിലേക്ക്.ആന്തൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ പി മുകുന്ദനെ(സിപിഐ എം) ഐകകണ്‌ഠേന തെരഞ്ഞെടുത്തു.നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എല്‍ഡിഎഫാണ് നേടിയത്.പയ്യന്നൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ വി ലളിത(സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോണ്‍ഗ്രസ്) 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ വി ലളിതക്ക് 35 വോട്ടും പത്മിനിക്ക് ഏഴ് വോട്ടും ലഭിച്ചു. സിപിഐ എം ഏരിയകമ്മിറ്റിയംഗവും മഹിളാഅസോസിയേഷൻ ജില്ലാകമ്മിറ്റിയംഗവുമായ കെ വി ലളിത രണ്ടാം തവണയാണ് ചെയര്‍മാനാവുന്നത്.ആകെ 42 പേരാണ് വോട്ട്‌ചെയ്‌തത്. ലീഗ് വിമതല്‍ എം ബഷീന്‍ വോട്ടെടുപ്പില്‍ നിന്ന്‌വിട്ടുനിന്നു. എത്താന്‍ വൈകിയതിനാല്‍ ലീഗിലെ ഹസീന കാട്ടൂരിന് വോട്ട് ചെയ്യാനായില്ല.കൂത്തുപറമ്പ് നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ വി സുജാത (സിപിഐഎം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 സീറ്റുകളില്‍ 26 ലും എല്‍ഡിഎഫാണ് വിജയിച്ചത്. തലശേരി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ ജമുനറാണി(സിപിഐ എം )തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഇ ആശയെ 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജമുനറാണിക്ക് 36 വോട്ടും ആശയ്‌ക്ക് 8 വോട്ടും ലഭിച്ചു. മുസ്ലീം ലിഗിലെ ടിവി റാഷിദ ആറ് വോട്ട് നേടി. 50 അംഗങ്ങളാണ് വോട്ട്‌ചെയ്‌തത്. അസുഖത്തെ തുടര്‍ന്ന് സിപിഐ എമിലെ തബസും ലീഗിലെ കെ പി അന്‍സാരിയും വോട്ട് ചെയ്‌തില്ല.ഇരിട്ടി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ ശ്രീലത(സിപിഐ എം)തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ പി കെ ബല്‍ക്കീസിനെ(ലീഗ്) 11നെതിരെ 14 വോട്ടുകള്‍ നേടിയാണ് കെ ശ്രീലത പരാജയപ്പെടുത്തിയത്.ശ്രീകണ്‌ഠപുരം നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ ഡോ. കെ വി ഫിലോമിന തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ വി ഗീതയെ (സിപിഐ എം) ആറ് വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്‌ത 30 വോട്ടുകളില്‍ കെ വി ഫിലോമിനക്ക് 18 വോട്ടും കെ വി ഗീതക്ക് 12 വോട്ടും ലഭിച്ചു. കെ വി ഫിലോമിന കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ജില്ലാ പഞ്ചായത്തംഗവുമാണ്.പാനൂര്‍ നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ വി നാസര്‍(ലീഗ്) തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ കെ സുധീര്‍കുമാറിനെ ഒൻപത് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വി നാസറിന് 23 വോട്ടും കെ കെ സുധീര്‍കുമാറിന് 14 വോട്ടും ലഭിച്ചു.
കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും
കണ്ണൂർ: സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം കിട്ടിയ ഏക കോർപറേഷനായ കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും. ഞായറാഴ്ച നടന്ന കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് അഡ്വ. ടി.ഒ. മോഹനനെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. ഏതാനും ദിവസങ്ങളായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചകളിലൊന്നും സമവായത്തിൽ മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോർപറേഷൻ കോൺഗ്രസ് പാർട്ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. ഇതിലും സമവായത്തിൽ എത്താനാകുന്നില്ലെങ്കിൽ വോട്ടെടുപ്പ് നടത്തി മേയർ സ്ഥാനാർത്ഥിയെ തീരുമനിക്കാൻ കെപിസിസി ഡി.സി.സിക്ക് നിർദ്ദേശം നൽകിയിരുന്നു. മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷും അഡ്വ.ടി.ഒ. മോഹനനും തമ്മിലായിരുന്നു പ്രധാനമായും മേയർ സ്ഥാനത്തിന് വേണ്ടി മത്സരിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് അടക്കം മുന്നുപേരാണ് ആദ്യം രംഗത്തുണ്ടായിരുന്നത്. പി.കെ. രാഗേഷും ടി.ഒ. മോഹനനും ഉറച്ചു നിന്നതോടെ മാർട്ടിൻ ജോർജ് മത്സര രംഗത്തു നിന്നും ഒഴിവായി. ടി.ഒ. മോഹനന് 11 വോട്ടും പി.കെ. രാഗേഷിന് ഒമ്പത് വോട്ടും കിട്ടി. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഡ്വ. ടി.ഒ. മോഹനൻ മേയറാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.ഡി സി സി ഓഫീസിൽ നടന്ന യോഗത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എം പി, ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും പങ്കെടുത്തു.കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ടി ഓ മോഹനൻ ഡി സി സി ജനറൽ സെക്രട്ടറിയായിരുന്നു.നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമാണ്.