തിരുവനന്തപുരം: സംസ്ഥാനത്തിന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം.ആദ്യ ഘട്ടത്തില്‍ മൂന്നരക്ഷം ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനെല്ലാം നാലരക്ഷം ഡോസ് വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ബാക്കി 50 ലക്ഷം ഡോസ് വയോജനങ്ങള്‍ക്ക് നല്‍കും.വാക്‌സിന്‍ വിതരണം ആരംഭിക്കുമ്പോൾ ആദ്യ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമേഹം അടക്കമുള്ള ജീവിത ശൈലീ രോഗങ്ങള്‍ കൂടുതലുള്ള സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാണെങ്കിലും മരണനിരക്ക് പിടിച്ചുനിര്‍ത്താനായി. നിലവില്‍ അതിതീവ്ര വൈറസിന്റെ സാനിധ്യം സ്ഥിരീകരിച്ചതിനാല്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ രോഗനിയന്ത്രണത്തിന് വാക്‌സിന്‍ അനിവാര്യമാണെന്ന് കണക്കുകളും രേഖകളും സഹിതമാണ് കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.കൊവീഷീല്‍ഡിനും കൊവാക്‌സിനും അനുമതി ലഭിച്ചിട്ടെങ്കിലും കൊവിഷീല്‍ഡ് കേരളത്തിന് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഐ.എം.എ ഭാരവാഹി ഡോ. സുള്‍ഫി നൂഹ് പറഞ്ഞു.എന്നാല്‍ കൊവിഡ് വാക്‌സിന്‍ വിതരണം എങ്ങനെയെന്ന കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു;മനുഷ്യരിലേക്ക് പകരാൻ സാധ്യത; ജാഗ്രതാ നിർദേശം
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി കെ രാജു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് റിപ്പോര്‍ട്ട്. എട്ട് സാമ്പിളുകൾ പരിശോധിച്ചതില്‍ നിന്നാണ് താറാവുകളുടെ മരണകാരണം പക്ഷി പനിയാണെന്ന് വ്യക്തമായത്.എച്ച്5എന്‍8 എന്ന വിഭാഗത്തില്‍പെട്ട പക്ഷിപ്പനിയാണ് സ്ഥിരീകരിച്ചതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കോഴിയെ കൊണ്ടുവരുന്നതില്‍ നിരോധനമില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതു വരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളില്‍ കളക്ടര്‍മാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതേസമയം താറാവുകള്‍ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന പക്ഷികളെ നശിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.അലങ്കാര പക്ഷികള്‍, വളര്‍ത്തു പക്ഷികള്‍ ഉള്‍പ്പെടെ ഇതില്‍ വരും. കര്‍ഷകര്‍ക്ക് സംഭവിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പന്തീരങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി;ഉടൻ കീഴടങ്ങാൻ നിർദേശം
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.എന്നാല്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല.അലന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.എന്‍ ഐ എ നല്‍കിയ അപ്പീലിലാണ് കോടതി നടപടി.താഹയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകളെല്ലാം യുഎപിഎ കേസ് നിലനിര്‍ത്താന്‍ പര്യാപ്‌തമാണെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിച്ചു. താഹയെ അല്‍പ്പസമയത്തിനകം കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റേണ്ടി വരും.2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2020 സെപ്‌തംബര്‍ ഒൻപതിന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
പാണത്തൂര്‍ ബസ് അപകടം;മരണസംഖ്യ ഏഴായി;അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ പരിചയക്കുറവ്
കാസർകോഡ്:പാണത്തൂര്‍ പരിയാരത്ത് ഏഴ് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് പ്രാഥമിക നിഗമനം.ഒരുപാട് വളവും തിരിവും ഇറക്കവും കയറ്റവും നിറഞ്ഞ ദുര്‍ഘട പാതയിലൂടെ ബസ് ഓടിച്ചുള്ള ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.സുള്ള്യയില്‍നിന്നു പാണത്തൂര്‍ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിനു വന്ന സംഘമാണ് ഇന്നലെ ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ ഈശ്വരമംഗലത്തുനിന്നു കര്‍ണാടകയിലെ തന്നെ ചെത്തുകയത്തേക്കു പോകുകയായിരുന്നു ബസ്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂര്‍ എത്തുന്നതിനു മൂന്നു കിലോമീറ്റര്‍ മുന്‍പായിരുന്നു അപകടം. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് ബസ് പാഞ്ഞ് കയറിയത്. വീട് ഭാഗികമായി തകര്‍ന്നു.വീടിനുള്ളില്‍ ആളില്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.അപകടത്തിൽ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്.അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂര്‍ സ്വദേശിനി സുമതി (50), പുത്തൂര്‍ സ്വദേശി ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാസർകോട് പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 പേർ മരിച്ചു;അപകടത്തിൽപെട്ടത് വിവാഹസംഘം സഞ്ചരിച്ച ബസ്
കാസർകോട്: പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹസംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സില്‍ 70 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു.കര്‍ണ്ണാടക പുത്തൂര്‍ ബള്‍നാട്ടെ പുത്തൂർ രാജേഷിന്റെ മകന്‍ 14 വയസ്സുള്ള ആദര്‍ശാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മറ്റ് അഞ്ചു പേരുടെയും മൃതദേഹം പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.ഈ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് വന്ന ബസ് ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് സമീപത്തുള്ള വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
രാജ്യത്ത് കോവിഡ് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും; ഡിസിജിഐയുടെ നിർണായക വാര്‍ത്താസമ്മേളനം രാവിലെ
ന്യൂഡല്‍ഹി:രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ഇന്ന് അറിയിക്കും. രാവിലെ 11 മണിയ്ക്ക് ഡിസിജിഐ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കണമെന്നാണ് വിദഗ്ധ സമിതി ഡിസിജിഐയ്ക്ക് ശുപാര്‍ശ നല്‍കിയത്. ആദ്യം കൊവിഷീല്‍ഡ് മാത്രമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം കൊവാക്‌സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയത്.ബ്രിട്ടനില്‍ നിന്നുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് രണ്ട് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നത്.കൊവാക്‌സിന്റെ 10 മില്യണ്‍ ഡോസുകള്‍ ഇതിനോടകം തയ്യാറായി കഴിഞ്ഞെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.പ്രതിവര്‍ഷം 300 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 100 മില്യണ്‍ ഡോസുകള്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. കൊവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസുകളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് വാക്‌സിൻ;സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഡ്രൈ റണ്‍ തുടങ്ങി
തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോവിഡ് വാക്‌സിൻ ഡ്രൈ റണ്‍ തുടങ്ങി.തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ ആരംഭിച്ചത്. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈ റണ്‍.തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. സംസ്ഥാനത്ത് വാക്‌സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കും.വാക്‌സിന്‍ വന്നു കഴിഞ്ഞാല്‍ കൃത്യമായി ആളുകളിലേക്ക് എത്തിക്കുന്നതെങ്ങനെ എന്നതാണ് ഡ്രൈ റണ്‍ കൊണ്ട് ഉദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഓക്‌സ്‌ഫോര്‍ഡും ആസ്‌ട്രാ സെനിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിനാണ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിന്‍. രണ്ടു മൂന്ന് ദിവസത്തിനകം വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കൊവിഷീല്‍ഡ് പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത വാക്‌സിന്‍ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ശീതികരണ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.എത്ര വാക്‌സിനാണ് കിട്ടുകയെന്ന് ഇപ്പോള്‍ പറയാനാകില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ മൂന്നര ലക്ഷം പേരുണ്ട്. വളരെയധികം വാക്‌സിന്‍ വേണ്ടി വരും. ആവശ്യത്തിന് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ തരുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;5111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4413 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 553, മലപ്പുറം 459, പത്തനംതിട്ട 433, കോട്ടയം 454, കോഴിക്കോട് 425, തൃശൂര്‍ 421, കൊല്ലം 412, തിരുവനന്തപുരം 248, ആലപ്പുഴ 353, കണ്ണൂര്‍ 202, പാലക്കാട് 120, വയനാട് 163, ഇടുക്കി 102, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, പത്തനംതിട്ട 9, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം 5 വീതം, വയനാട് 4, കൊല്ലം 3, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 357, കൊല്ലം 363, പത്തനംതിട്ട 255, ആലപ്പുഴ 393, കോട്ടയം 480, ഇടുക്കി 144, എറണാകുളം 594, തൃശൂര്‍ 637, പാലക്കാട് 246, മലപ്പുറം 480, കോഴിക്കോട് 707, വയനാട് 214, കണ്ണൂര്‍ 213, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 456 ഹോട്ട് സ്പോട്ടുകളാണുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3095 ആയി.
ലഹരി പാര്‍ട്ടി:കണ്ണൂരില്‍ യുവതിയടക്കം ഏഴു പേര്‍ പിടിയില്‍
കണ്ണൂര്‍: പുതുവര്‍ഷത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം പിടിയില്‍. ഒരു യുവതിയടക്കം ഏഴു പേരാണ് പിടിയിലായത്.എം.ഡി.എം.എ, എല്‍.എസ്.ഡി, ഹാഷിഷ് ഓയില്‍ എന്നിവ അടക്കം മയക്കുമരുന്നുകളുമായാണ് ഇവര്‍ പിടിയിലായത്.കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍.ബക്കളത്തെ സ്നേഹ ഇന്‍ ഹോട്ടലില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് 2,50,000 രൂപ വിലവരുന്ന എംഡിഎംഎ, 40,000 രൂപ വിലവരുന്ന 8 എല്‍എസ്ഡി സ്റ്റാമ്പുകൾ, 5000 രൂപയുടെ ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.
കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു
തിരുവനന്തപുരം:ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു ഭാഗികമായി തുറക്കുന്നു. 10, 12 ക്ലാസുകളില്‍ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഇന്നുമുതല്‍ സ്കൂളുകളിലേക്ക് എത്തുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവക്കു വേണ്ടിയാണ് സ്കൂളുകള്‍ തുടങ്ങുന്നത്.കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം.വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്ക് ധരിച്ച് മാത്രമേ സ്കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്.സ്കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുന്‍ഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും വിധം ക്രമീകരണം നടത്താം.ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികള്‍ കൂടി ഉപയോഗിച്ച് അധ്യയനം നടത്തണമെന്നുമാണു വിദ്യാഭ്യാസ വകുപ്പു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റം വരുത്തും.