പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം

keralanews palarivattom bridge scam case bail for v k ibrahim kunju

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച്‌ കര്‍ശന ഉപാധികളോടെയാണ് വെളളിയാഴ്ച(08/01/21) ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ വികെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടാണ് ജാമ്യം.നേരത്തെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും

keralanews distribution of covid vaccine in the country will start today

ന്യൂ ഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ദില്ലി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്‌സിന്‍ എത്തിക്കും. തുടര്‍ന്ന് രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്‌സിനുകള്‍ മാറ്റും.യാത്ര വിമാനങ്ങളിലായിരിക്കും വാക്‌സിനുകള്‍ എത്തിക്കുന്നത്.വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടക്കും. വാക്‌സിന്‍ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താന്‍ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ന് ഡ്രൈ റണ്‍ നടത്തുന്നത്. കഴിഞ്ഞ ഡ്രൈ റണ്ണുകളില്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് അന്തിമമായി ഉറപ്പാക്കുന്നതും ഇന്നത്തെ ഡ്രൈ റണ്ണിലൂടെ ആയിരിക്കും.

കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു;പ്രതിപക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

keralanews 22nd session of the kerala legislative assembly begins the opposition boycotts the assembly

തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. എന്നാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പത്തു മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്.ഗവര്‍ണര്‍ സഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണയും സഭാ സമ്മേളനം നടത്തുന്നത്. ഇരിപ്പിടങ്ങള്‍ തമ്മിലുള്ള അകലം കൂട്ടിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മാസം 15 നാണ് കേരള ബജറ്റ്. നാല് മാസ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. വോട്ടിംഗ് സംവിധാനം ഡിജിറ്റിലാക്കും. വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. അതേസമയം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സ്വര്‍ണക്കടത്ത് മുതല്‍ സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ വരെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എം ഉമ്മര്‍ നല്‍കിയ നോട്ടീസ് സഭ പരിഗണിക്കുമെന്നാണ് വിവരം. 14 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാണ് ഇക്കുറി എം ഉമ്മര്‍ നോട്ടിസ് നല്‍കിയത്.

സംസ്ഥാനത്ത് ഇന്ന് 5051പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5051 covid cases confirmed in the state today 5638 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5051പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പർക്ക ഉടവിടം വ്യക്തമല്ല.എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍കോട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. .കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്.എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂര്‍ 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂര്‍ 111, കാസര്‍കോട് 84 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര്‍ 5, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട, വയനാട് 2 വീതം  ഇടുക്കി, പാലക്കാട്, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 340, കൊല്ലം 270, പത്തനംതിട്ട 545, ആലപ്പുഴ 485, കോട്ടയം 349, ഇടുക്കി 65, എറണാകുളം 1102, തൃശൂര്‍ 395, പാലക്കാട് 210, മലപ്പുറം 545, കോഴിക്കോട് 517, വയനാട് 256, കണ്ണൂര്‍ 458, കാസര്‍കോട് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത;ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

keralanews chance for heavy rain in the state for the coming five days yellow alert in ten districts today

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നതും ഒഴിവാക്കണമെന്നും കേന്ദ്ര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലിലും തമിഴ്‌നാട് തീരത്തും രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതിതീവ്ര കോവിഡ് വൈറസ്;എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

keralanews union health minister today held a meeting with the health ministers of all the states to discuss covid situation

ഡല്‍ഹി: രാജ്യത്ത് അതി തീവ്ര കോവിഡ് വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇന്ന് ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തുക.കോവിഡ് വാക്‌സിന്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും. വാക്‌സിന്‍ വിതരണത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വാക്‌സിന്‍ വിതരണത്തിന് സജ്ജമാകാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള മൂന്നാംഘട്ട ഡ്രൈ റണ്‍ നാളെ നടക്കും.ഹരിയാന, ഉത്തര്‍പ്രദേശ് ഒഴികെയുള്ള രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടത്തുന്നത്. മൂന്നാം ഘട്ട ഡ്രൈ റണ്‍ ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് വിദഗ്ധ സമിതി ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

കണ്ണൂർ ജില്ലയിൽ ആറുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു

keralanews shigella confirmed to six year old boy in kannur district

കണ്ണൂർ:ജില്ലയിൽ ആദ്യമായി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു.വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചിറ്റാരിപ്പറമ്പ്  പഞ്ചായത്ത് എട്ടാം വാർഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.കുട്ടി ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 27നാണ് കുട്ടിക്ക് വയറിളക്കം തുടങ്ങിയത്. ഇതേ വീട്ടിലെ മറ്റ് രണ്ട് കുട്ടികൾക്കും വയറിളക്കമുണ്ടായിരുന്നു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാളുടെ രോഗം ഭേദമാകാത്തതിനാൽ നടത്തിയ പരിശോധനയിലാണ് ഷിഗല്ല കണ്ടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, വാർഡ് അംഗം കെ വി ശ്രീധരൻ എന്നിവർ വീട് സന്ദർശിച്ചു. തൊടീക്കളം പിഎച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. ഷെറീജ് ജനാർദനൻ,ഹെൽത് ഇൻസ്പെക്റ്റർ എം ബദറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ കിണർ വെള്ളം പരിശോധിക്കുകയും സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തു.

നവജാത ശിശുവിനെ അമ്മ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി;ക്രൂരസംഭവം കാസര്‍​ഗോഡ് ജില്ലയിൽ

keralanews newborn baby strangled to death by mother in kasargod district (2)

കാസർകോഡ്:നവജാത ശിശുവിനെ അമ്മ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. ജനിച്ചയുടന്‍ കുഞ്ഞിനെ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്ബ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്. ഡോക്ടറില്‍ നിന്നാണ് ഭര്‍ത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്.തുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുഞ്ഞിന്റേത് കൊലപാതകമെന്ന് തെളിഞ്ഞത്.കുഞ്ഞിനെ ഇയര്‍ഫോണുപയോഗിച്ച്‌ ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം യുവതി ഗര്‍ഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രതിക്ക് ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് വിവരം.

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;4922 പേര്‍ക്ക് രോഗമുക്തി

keralanews 5615 covid cases confirmed in the state today 4922 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5037 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 655, കോട്ടയം 670, പത്തനംതിട്ട 602, തൃശൂര്‍ 603, കൊല്ലം 432, കോഴിക്കോട് 399, ആലപ്പുഴ 382, തിരുവനന്തപുരം 271, മലപ്പുറം 360, പാലക്കാട് 110, കണ്ണൂര്‍ 204, വയനാട് 167, ഇടുക്കി 126, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തൃശൂര്‍, കോഴിക്കോട് 6 വീതം, എറണാകുളം 5, തിരുവനന്തപുരം, കണ്ണൂര്‍ 4 വീതം, മലപ്പുറം 3, കൊല്ലം, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 284, കൊല്ലം 283, പത്തനംതിട്ട 327, ആലപ്പുഴ 304, കോട്ടയം 707, ഇടുക്കി 140, എറണാകുളം 401, തൃശൂര്‍ 520, പാലക്കാട് 251, മലപ്പുറം 495, കോഴിക്കോട് 655, വയനാട് 171, കണ്ണൂര്‍ 341, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇന്ന് 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 445 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം;കേരളത്തിൽ ജാഗ്രതാ നിർദേശം

keralanews center declares bird flu as a state disaster alert in kerala
ന്യൂഡൽഹി:കേരളത്തിലെ രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. കെഎം ദിലീപ് പ്രതികരിച്ചു.രോഗം കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം.പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്കേര്‍പ്പെടുത്തി. തമിഴ്നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിയന്ത്രിക്കും. അതേസമയം മറ്റ് ജില്ലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.ആലപ്പുഴയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ കോട്ടയം ജില്ലയിലെ നീണ്ടൂര്‍ എന്നിവിടങ്ങളിലെ താറാവുകളാണ് വലിയതോതില്‍ കഴിഞ്ഞ ദിവസം ചത്തൊടുങ്ങിയത്. തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകൾ പരിശോധിച്ചു.എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തില്‍ എച്ച്‌5എന്‍8 വൈറസ് ആണ് പക്ഷിപ്പനിക്ക് കാരണമായതെന്നു കണ്ടെത്തി. വൈറസിന്റെ ജനിതകമാറ്റം അനുസരിച്ച്‌ ഇവ മാരകമാവുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്.കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.