തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിൻ ഇന്ന് എത്തും.മൂന്നുലക്ഷം ഡോസ് മരുന്നാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ആദ്യബാച്ചായി പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിലാണ് ഇത് കൊച്ചി റീജണല്‍ സ്റ്റോറിലെത്തിച്ച് സൂക്ഷിക്കുക. മലബാര്‍ മേഖലയിലേക്കടക്കം വിതരണം ചെയ്യാനായി ആണിത്.വൈകിട്ട് 6 ന് ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് വാക്‌സിൻ എത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്‌സിൻ എത്തുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുക. കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.സംസ്ഥാനമാകെ 113 കേന്ദ്രങ്ങളിലായിയാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ഇതില്‍ 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..
സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;4270 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 433 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 733, കോട്ടയം 638, കോഴിക്കോട് 550, പത്തനംതിട്ട 414, തൃശൂര്‍ 464, കൊല്ലം 444, മലപ്പുറം 385, തിരുവനന്തപുരം 249, ആലപ്പുഴ 341, കണ്ണൂര്‍ 229, വയനാട് 193, പാലക്കാട് 91, ഇടുക്കി 167, കാസര്‍ഗോഡ് 54 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 22, എറണാകുളം 10, കോഴിക്കോട് 9, കണ്ണൂര്‍ 8, തൃശൂര്‍ 7, പാലക്കാട് 4, തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 277, പത്തനംതിട്ട 320, ആലപ്പുഴ 175, കോട്ടയം 850, ഇടുക്കി 74, എറണാകുളം 516, തൃശൂര്‍ 432, പാലക്കാട് 227, മലപ്പുറം 297, കോഴിക്കോട് 425, വയനാട് 110, കണ്ണൂര്‍ 201, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.ഇന്ന് 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 436 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി; ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചു
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കാര്‍ഷിക വിദഗ്ധരുടെ സമിതിയും സുപ്രീംകോടതി രൂപീകരിച്ചു. തുടര്‍ന്നുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.നിയമങ്ങള്‍ തിടുക്കത്തില്‍ ഉണ്ടാക്കിയതല്ലെന്നും രണ്ട് പതിറ്റാണ്ടായി നടന്ന ചര്‍ച്ചകളുടെ ഫലമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി കര്‍ഷക യൂണിയനുകളുമായി നടത്തിയ എട്ട് ഘട്ട ചര്‍ച്ചകളില്‍, നിയമങ്ങള്‍ പിന്‍വലിക്കുന്നത് സര്‍ക്കാര്‍ ശക്തമായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഭേദഗതികള്‍ നടത്താമെന്ന് പറഞ്ഞിരുന്നു.പ്രശ്‌നം മികച്ച രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നിയമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.അതിനിടെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.അതേസമയം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് നിയമങ്ങള്‍ സ്വീകാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് നിയമങ്ങളെ എതിര്‍ക്കുന്നത്. അവരുമായി ചര്‍ച്ച നടത്തി വരിയാണ്. മുന്‍വിധികളോടെയാണ് ചില കര്‍ഷക സംഘടനകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കര്‍ഷകര്‍ക്ക് ഇടയില്‍ തെറ്റായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കര്‍ഷകര്‍ അല്ലാത്ത ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വാക്സീന്‍ വിതരണത്തിന് തുടക്കമായി;ആദ്യ ലോഡ് വാക്‌സിൻ പൂനെയിൽ നിന്നും പുറപ്പെട്ടു
മുംബൈ:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി. ആദ്യ ലോഡുമായി പൂനെയില്‍ നിന്ന് ട്രക്കുകള്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. കനത്ത സുരക്ഷയിലാണ് ട്രക്കുകള്‍ പുറപ്പെട്ടത്. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്‌സിനുകള്‍ എത്തിക്കുന്നത്.വാക്‌സിനേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും. കൊവിഡ് വാക്‌സിന്‍ എത്തുന്ന ആദ്യ ബാച്ചില്‍ കേരളം ഇല്ല. ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് വാക്‌സിന്‍ വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങിയത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്കാണ് വാക്‌സിന്‍ എത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസുകാര്‍, സൈനികര്‍ തുടങ്ങി മുന്‍ഗണനാ പട്ടികയില്‍ ഉള്ള മൂന്നു കോടി പേര്‍ക്കാണ് വാക്‌സിന്‍ ആദ്യം ലഭിക്കുക. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവരുടെ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 50 വയസിന് മുകളിലുള്ളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേര്‍ക്കാണ് രണ്ടാം ഘട്ടത്തിലാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ വിതരണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2730 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 402, കോഴിക്കോട് 397, മലപ്പുറം 377, കോട്ടയം 293, കൊല്ലം 230, തിരുവനന്തപുരം 150, ആലപ്പുഴ 178, പാലക്കാട് 60, തൃശൂര്‍ 162, കണ്ണൂര്‍ 137, ഇടുക്കി 133, പത്തനംതിട്ട 105, വയനാട് 69, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, എറണാകുളം 7, പാലക്കാട് 6, കോഴിക്കോട് 5, കണ്ണൂര്‍ 4, കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 212, കൊല്ലം 299, പത്തനംതിട്ട 281, ആലപ്പുഴ 441, കോട്ടയം 193, ഇടുക്കി 46, എറണാകുളം 485, തൃശൂര്‍ 563, പാലക്കാട് 201, മലപ്പുറം 457, കോഴിക്കോട് 404, വയനാട് 34, കണ്ണൂര്‍ 277, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.
കൊവിഡ് വാക്സിനേഷന്‍;സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ;എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍;മറ്റു ജില്ലകളിൽ 9 കേന്ദ്രങ്ങള്‍ വീതം
തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.133 കേന്ദ്രങ്ങളിലും വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടുവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഈമാസം 16 മുതൽ വാക്സിനേഷൻ ആരംഭിയ്ക്കാൻ തീരുമാനിച്ചത്.ആദ്യഘട്ടത്തിൽ പടിയായി മൂന്നുകോടി പേർക്കാണ് വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവരെയാണ് ഈ മുന്നുകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 30 കോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നടത്തുന്നത്. അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, 50 വയസിൽ താഴെ പ്രായമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങി മുൻഗണന ക്രമത്തിൽ 27 കോടിയോളം പേർക്ക് ആദ്യഘട്ടത്തിന്റെ രണ്ടാം പടിയായി വാക്സിൻ നൽകും.
വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും; പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു
തിരുവനന്തപുരം:വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും.മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മാതാവ് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമാണ് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുത്താലേ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്നും അമ്മ പറഞ്ഞിരുന്നു.2017ലാണ് വാളയാളിലെ സഹോദരിമാര്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തത്. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.
കോവിഡ് വാക്സിന്‍ വിതരണം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും
ന്യൂ ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും.വൈകിട്ട് 4 മണിയ്ക്കാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടത്തുന്നത്.ചര്‍ച്ചയില്‍ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. തുടര്‍ന്ന് പ്രധാനമന്ത്രി വാക്സിനേഷന്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ വിശദീകരിയ്ക്കും.വാക്സിന്‍ ഉപയോഗം തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും പരിഹരിയ്ക്കാനാണ് യോഗം ചേരുന്നത്.അതേസമയം, വാക്സിനേഷന് മുന്നോടിയായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ഉള്ളതും രോഗബാധ രൂക്ഷവുമായ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടുതല്‍ വാക്സിന്‍ ലഭിക്കുമെന്നാണ് സൂചന.അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും.കൊവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാഹചര്യം, ചികിത്സ തുടരേണ്ട രീതി തുടങ്ങിയ കാര്യങ്ങളില്‍ കൂടിക്കാഴ്ചയില്‍ തീരുമാനമാകും.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും.അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അന്‍പത് വയസിന് താഴെയുള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യും. ഇത്തരത്തില്‍ എകദേശം 27 കോടിയോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.പൂനയില്‍ നിന്ന് വാക്‌സിന്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ തന്നെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പതിനാറാം തീയതി മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതില്‍ മൂന്ന് കോടി പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.ഇന്നലെ നടന്ന ട്രയല്‍ റണ്ണിന്റെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി. ട്രയല്‍ റണ്‍ വിജയകരമാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
മഹാരാഷ്ട്ര ജനറല്‍ ആശുപത്രി എസ്‌എന്‍സിയുവില്‍ തീപിടിത്തം;10 നവജാത ശിശുക്കള്‍ വെന്ത് മരിച്ചു
മുംബൈ : മഹാരാഷ്ട്ര ഭണ്ഡാര ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍(എസ്‌എന്‍സിയു) തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്‌എന്‍സിയുവിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. മഹാരാഷ്ട്ര ജനറല്‍ ആശുപത്രിയിലുണ്ടായ സംഭവം അത്യധികം ദുഃഖം ഉളവാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.അപകടം അതിദാരുണമായ സംഭവമാണെന്നും കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ ചെയ്യണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.