ന്യൂഡല്‍ഹി:കാർഷിക ബില്ലിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ 86 പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഡല്‍ഹി പോലീസ് 15 കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. മുകര്‍ബാ ചൗക്ക്, ഗാസിപുര്‍, ഐടിഓ, സീമാപുരി, നാംഗ്‌ളോയി ടി പോയിന്റ്, ടിക്രി ബോര്‍ഡര്‍, റെഡ്‌ഫോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം അക്രമം നടന്നു. ഗാസിപൂര്‍, ടിക്രി, സിംഗു അതിര്‍ത്തി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു.പല തവണ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയ ഡല്‍ഹി പോലീസ് സമാധാനപരമായ റാലി എന്ന ഉറപ്പിന്മേലായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് റാലി നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ റാലി തുടങ്ങിയ രാവിലെ എട്ടു മണിയോടെ തന്നെ സംഘര്‍ഷങ്ങളും തുടങ്ങുകയായിരുന്നു. 8.30 യോടെ 6000 – 7000 ട്രാക്ടറുകള്‍ സിംഗു അതിര്‍ത്തിയില്‍ നിന്നും സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തുടങ്ങി. വാളും കൃപാണും ഉള്‍പ്പെടെ ആയുധധാരികളായ വിഭാഗമായിരുന്നു കര്‍ഷകരെ നയിച്ചത്.ഇവര്‍ മുകര്‍ബ ചൗക്കിനും ട്രാന്‍സ്‌പോര്‍ട്ട് നഗറിനും ഇടയിലും വെച്ചിരുന്ന ബാരിക്കേഡുകള്‍ ഒന്നൊന്നായി തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതായും പോലീസ് പറയുന്നു. ഗാസിപൂരില്‍ നിന്നും സിംഗു അതിര്‍ത്തിയില്‍ നിന്നും വന്ന കര്‍ഷകരുടെ ഒരു വലിയ കൂട്ടം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇരിക്കുന്നിടത്തേക്കും ഓടിക്കയറി.ഇവരെ തടയാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായി മാറിയതെന്നും പോലീസ് പറയുന്നു. വൈകുന്നേരത്തോടെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി അവസാനിപ്പിച്ചത്. പോലീസ് നിര്‍ദേശം അവഗണിച്ചും അക്രമം നടത്തല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമപാലകരെ ഡ്യൂട്ടി തടസ്സപ്പെടുത്തി ക്രൂരമായി മര്‍ദ്ദിക്കല്‍ തുടങ്ങിയ കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നിലവില്‍ കര്‍ഷക സമരക്കാര്‍ സമര ഭൂമിയിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകര്‍ മരിച്ചിരുന്നു. പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5741 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 426 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 836, കോട്ടയം 589, കൊല്ലം 592, തൃശൂര്‍ 565, പത്തനംതിട്ട 506, തിരുവനന്തപുരം 389, മലപ്പുറം 486, ആലപ്പുഴ 471, കോഴിക്കോട് 449, കണ്ണൂര്‍ 233, പാലക്കാട് 135, വയനാട് 232, ഇടുക്കി 179, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം 7, കോഴിക്കോട് 6, വയനാട് 5, തൃശൂര്‍ 4, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട 2, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 372, കൊല്ലം 333, പത്തനംതിട്ട 806, ആലപ്പുഴ 226, കോട്ടയം 564, ഇടുക്കി 154, എറണാകുളം 881, തൃശൂര്‍ 485, പാലക്കാട് 185, മലപ്പുറം 261, കോഴിക്കോട് 475, വയനാട് 264, കണ്ണൂര്‍ 139, കാസര്‍ഗോഡ് 145 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 402 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംഘർഷം;ഡല്‍ഹിയില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു;മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു
ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി പോലീസ്. ഡല്‍ഹി നഗരം ഒന്നടങ്കം കര്‍ഷകര്‍ വളഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമര കേന്ദ്രങ്ങളായിട്ടുള്ള ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.ഡല്‍ഹി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളും അടച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള വിവിധ റോഡുകളും നേരത്തെ പൊലിസ് അടച്ചുപൂട്ടിയിരുന്നു.
റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളില്‍ പൊലീസ് സേനയും പ്രതിഷേധിച്ച കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനാല്‍ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും ഡല്‍ഹി പോലീസ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. ട്രാക്ടര്‍ റാലി പരേഡിനായി മുന്‍കൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു.
കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം;ചെങ്കോട്ടയ്ക്ക് മുകളിൽ കൊടിയുയർത്തി കർഷകർ
ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി കൊടിയുയര്‍ത്തി കര്‍ഷകര്‍ പ്രതിഷേധമറിയിച്ചു.അതേസമയം, ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്നത് തങ്ങളുടെ കൂട്ടത്തിലുള്ളവരല്ലെന്ന് സംയുക്ത സമരസമിതി പറഞ്ഞു. വിലക്ക് ലംഘിച്ച് നഗരത്തിലേക്ക് കടന്നത് ബി കെ യു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവരാണ് എന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസ് അനുവദിച്ച് നല്‍കിയ മൂന്നു റൂട്ടുകള്‍ അംഗീകരിക്കാത്ത ഇവര്‍ രാവിലെ എട്ടുമണിയോടെ ട്രാക്ടറുകളുമായി പുറപ്പെടുകയായിരുന്നു എന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആയിരക്കണക്കിന് കര്‍ഷകരാണ് ചെങ്കോട്ടയിലെത്തിയത്.വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാർച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. പൊലീസുകാര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതോടെയാണ് പൊലീസും തിരിച്ച് തല്ലാനൊരുങ്ങിയത്. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലതരത്തിലുള്ള ആയുധങ്ങളും വാഹനത്തിലുണ്ട്. കര്‍ഷകരുടെ പണിയായുധങ്ങളായ കലപ്പ, വടിവാള്‍, അരിവാള്‍, തൂമ്പ തുടങ്ങിയ കാര്‍ഷിക ആയുധങ്ങളാണ് ട്രാക്ടറുകളില്‍ ഉള്ളത്. ഒരു പരേഡ് എന്ന രീതിയില്‍ തന്നെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. മാര്‍ച്ച് തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്.ഇതോടെ റോഡില്‍ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മിക്കയിടങ്ങളിലും ചെറിയരീതിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു;കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. റിപ്പബ്ലിക് ദിന പരേഡിന് ശേഷം റാലി നടത്താണ് അധികൃതര്‍ അനുമതി നല്‍കിയതെങ്കിലും, നിശ്ചയിച്ച സമയത്തിലും നേരത്തെയാണ് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്.ഗാസിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോഴായിരുന്നു കണ്ണീര്‍വാതകം പ്രയോഗിച്ചത്.ആദ്യം പിന്തിരിഞ്ഞ് ഓടിയെങ്കിലും കര്‍ഷകര്‍ സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് വീണ്ടും ആരംഭിച്ചു.നേരത്തെ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്നു വ്യതിചലിച്ചായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്. ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കുകയായിരുന്നു. കര്‍ഷകര്‍ വാഹനം തടഞ്ഞതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.
കണ്ണൂരിൽ അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്തര്‍ സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍
കണ്ണൂർ:അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്തര്‍ സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍.ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശി പ്രവീണ്‍ കുമാര്‍ (30) ആണ് പിടിയിലായത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കണ്ണൂരിലെ കൃഷ്ണമേനോന്‍ വനിതാ കോളജിലെ അധ്യാപികയാണ് തട്ടിപ്പിനിരയായത്. അധ്യാപികയുടെ അക്കൗണ്ടില്‍നിന്ന് രണ്ടു ഘട്ടങ്ങളിലായി 9 ലക്ഷം രൂപയാണ് പ്രവീണ്‍ കുമാറും സംഘവും തട്ടിയെടുത്തത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ എന്നത് പരിചയപ്പെടുത്തിയാണ് പ്രതി അധ്യാപികയെ വിളിച്ചത്. ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ അധ്യാപിക വിശ്വസിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി തന്ത്രത്തില്‍ ബാങ്ക് യൂസര്‍ ഐ ഡിയും പാസ്‌വേര്‍ഡും കൈക്കലാക്കുകയായിരുന്നു. കണ്ണൂര്‍ പോലീസ് മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നാലു പേര്‍ ചേര്‍ന്നാണ് അധ്യാപികയില്‍ നിന്നും പണം തട്ടിയെടുത്തത്.സംഘത്തിലെ മറ്റ് മൂന്നുപേരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ അധികം വൈകാതെ പിടിയിലാകുന്ന കരുതുന്നതായി കണ്ണൂര്‍ ഡിവൈ എസ് പി പി പി സദാനന്ദന്‍ പറഞ്ഞു.കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. എസ് ഐ സജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്, സജിത്ത് എന്നിവരാണ് ഉത്തര്‍പ്രദേശിലെ അറോറ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. സംഘം കേരളത്തിലെ കൂടുതല്‍ പേരില്‍ നിന്നും പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.ഇത്തരം ബാങ്കിങ് തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കണ്ണൂര്‍ പൊലീസ് നിര്‍ദ്ദേശിച്ചു.
കോവിഡിനൊപ്പം ന്യൂമോണിയയും; സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്
കണ്ണൂർ: കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്.ആരോഗ്യനില വഷളായതോടെ ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്.അദ്ദേഹത്തിന് പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം രാത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രി മെഡിക്കല്‍ സംഘത്തോടു മന്ത്രി സംസാരിച്ചു. ഡോക്ടര്‍മാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് വിദഗ്ധന്‍ ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചു.വൈകിട്ട് മൂന്നോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.അനില്‍ സത്യദാസ്, ഡോ. സന്തോഷ് എന്നിവര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലെത്തി ജയരാജനെ പരിശോധിക്കും. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
കേരളത്തില്‍ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ലേറെ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നു. ഒന്നരമാസത്തിനു ശേഷമാണ് ടിപിആര്‍ 12 നു മുകളിലെത്തുന്നത്.ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമാണ്. എന്നാല്‍ ദേശീയ ശരാശരി 2ശതമാനം മാത്രം. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കേസുകള്‍ ആറായിരത്തിന് മുകളിലാണ്. ചികിത്സയിലിരിക്കുന്നവരുടെ 72,891 പേര്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലിരിക്കുന്നവരുടെ എണ്ണവും കൂടുതലുള്ളതും കേരളത്തില്‍ തന്നെ. എറണാകുളം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാണ്.കോഴിക്കോട്, കോട്ടയം ജില്ലകളിലും രോഗവ്യാപനം ഉയരുന്നുണ്ട്. ആകെ കോവിഡ് മരണം 3607 ആയിട്ടുണ്ട്. അതേസമയം രോഗവ്യാപനം രൂക്ഷമാകുമ്പോള്‍ നിയന്ത്രണങ്ങളും പാളുകയാണ്. പല ഇടങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നില്ല. കോവിഡിന്‍റെ ആദ്യഘട്ടത്തില്‍ ഫലപ്രദമായി നടപ്പാക്കിയിരുന്ന സമ്പര്‍ക്ക പട്ടിക തയ്യാറാക്കലും ക്വാറന്‍റൈനും ഇപ്പോഴില്ല. എത്ര പേര്‍ക്ക് രോഗം വന്നു പോയി എന്നു കണ്ടെത്താനുള്ള സിറോ സര്‍വേയും പ്രഖ്യാപനത്തിലൊതുങ്ങി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം കൃത്യമായി മനസിലാക്കിയാല്‍ പ്രതിരോധം ഫലപ്രദമാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു മാത്രമാണ് ഇളവുകള്‍ വരുത്തിയത്. സ്‌കൂളുകള്‍ തുറന്ന ശേഷം ഇതുവരെയുള്ള പ്രവര്‍ത്തനം ഡിഡിഇ/ആര്‍ഡിഡി/എഡി എന്നിവരുമായി ചേര്‍ന്ന് അവലോകനം ചെയ്ത ശേഷമാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. നൂറില്‍ താഴെ കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും എല്ലാം കുട്ടികള്‍ക്കും ഒരേ സമയം വരാവുന്നതാണ്. കൂടാതെ നൂറിലേറെ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേ സമയം പരമാവധി അന്‍പത് ശതമാനം പേര്‍ എത്തുന്ന രീതിയില്‍ കുട്ടികളെ ക്രമീകരിക്കണം. പുതിയ ഇളവ് പ്രകാരം ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഇരിക്കുന്നതിനും അനുമതിയുണ്ട്. രാവിലെയും ഉച്ചയുമായി വേണം ക്ലാസുകള്‍ ക്രമീകരിക്കാന്‍. കുട്ടികള്‍ക്ക് യാത്ര സംബന്ധമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാവിലെ വരുന്ന കുട്ടികളെ വൈകിട്ട് വരെ ക്ലാസ് മുറിയില്‍ തുടരാന്‍ അനുവദിക്കാം.വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ അവരവരുടെ ഇരിപ്പിടത്തില്‍ വച്ചു തന്നെ കഴിക്കേണ്ടതും സാമൂഹിക അകലം പാലിച്ചു കൊണ്ടു കൈ കഴുകാന്‍ പോകേണ്ടതുമാണ്. ശനിയാഴ്ച ദിവസവും പ്രവൃത്തി ദിനമായതിനാല്‍ ആവശ്യമെങ്കില്‍ അന്നേ ദിവസം കുട്ടികളെ സംശയനിവാരണത്തിനും മറ്റുമായി പ്രധാനധ്യാപകന് വരുത്താവുന്നതാണ്. വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത എല്ലാ അധ്യാപകരും സ്‌കൂളുകളില്‍ ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പുതിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.
ആന്ധ്രപ്രദേശിൽ വീണ്ടും അജ്ഞാത രോഗം; നിരവധിപേർ ആശുപത്രിയില്‍
എലുരു: ആന്ധ്രാപ്രദേശില്‍ വീണ്ടും അജ്ഞാതരോഗം റിപ്പോര്‍ട്ട് ചെയ്തു.പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കാണ് ഇപ്പോള്‍ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം സ്ഥിരീകരിക്കുന്നത്. നിന്ന നില്‍പ്പില്‍ ആളുകള്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നവരുടെ വായില്‍ നിന്നും നുരയും പതയും വരുന്നു. അജ്ഞാത രോഗം സംശയിച്ച് ഇതുവരെ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ ആറുപേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു.15 പേര്‍ എലുരുവിലെ ആശുപത്രിയിലും ഒരാള്‍ സമീപത്തെ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്.ആരോഗ്യ വിദഗ്ധരോട് സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും എലുരുവില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സംഭവം നിരീക്ഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ എലുരുവിലേക്ക് അയച്ചു.