കണ്ണൂർ:ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ ഹോട്ടല്‍ ഉള്‍പ്പെടെ നാലു സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടല്‍, കൂള്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.നഗരത്തിലെയും പരിസരങ്ങളിലെയും ചായക്കടകളിലും കൂള്‍ബാറുകളിലും ചില ഹോട്ടലുകളിലും പുറത്തുനിന്ന് കൊണ്ടുവരുന്ന വെള്ളമാണ് ഭക്ഷണം പാകംചെയ്യാനും മറ്റും ഉപയോഗിക്കുന്നത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇരിട്ടി പയഞ്ചേരി മുക്കിലെ ഒൻപത് വയസ്സുകാരിക്ക് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കാന്‍ ഫുഡ് സേഫ്റ്റി വിഭാഗം തീരുമാനിച്ചത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണു തീരുമാനം. പരിശോധനയ്ക്കു ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ വി കെ പ്രദീപ് കുമാര്‍, ഫുഡ് സേഫ്റ്റി നോഡല്‍ ഓഫിസര്‍ കെ വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ കെ വി സുരേഷ് കുമാര്‍, കെ സുമേഷ് ബാബു നേതൃത്വം നല്‍കി.
കര്‍ഷകസമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി:കര്‍ഷകസമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി കേന്ദ്രം.രാജ്യസഭയിലായിരിക്കും കര്‍ഷകസമരത്തെ സംബന്ധിച്ച ചര്‍ച്ച നടക്കുക. ഇത് 15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട് ദിവസത്തേക്ക് റദ്ദാക്കി.16 പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകസമരത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിന് മുൻപാകെ ഉന്നയിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 15 മണിക്കൂര്‍ ചര്‍ച്ചക്ക് അനുവദിക്കുകയായിരുന്നു.സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ കര്‍ഷകസമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തുടര്‍ന്ന് പാര്‍ലമെന്‍റ്കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5747 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 313, പാലക്കാട് 251, വയനാട് 218, ഇടുക്കി 121, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3776 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5161 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 403 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 718, കോട്ടയം 567, കൊല്ലം 577, തൃശൂര്‍ 553, പത്തനംതിട്ട 464, കോഴിക്കോട് 485, മലപ്പുറം 437, തിരുവനന്തപുരം 290, കണ്ണൂര്‍ 248, ആലപ്പുഴ 310, പാലക്കാട് 120, വയനാട് 205, ഇടുക്കി 111, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം 9, പത്തനംതിട്ട, വയനാട് 5 വീതം, കോഴിക്കോട് 4, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് 3 വീതം, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5747 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 326, കൊല്ലം 321, പത്തനംതിട്ട 787, ആലപ്പുഴ 249, കോട്ടയം 496, ഇടുക്കി 70, എറണാകുളം 667, തൃശൂര്‍ 437, പാലക്കാട് 350, മലപ്പുറം 520, കോഴിക്കോട് 750, വയനാട് 545, കണ്ണൂര്‍ 193, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇന്ന് 65 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 85 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ രാജ്യം മുഴുവനും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് അശ്വിനി കുമാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കുമെന്നും, ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.വാക്സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് ലഭിക്കുക എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ദേശീയ പണിമുടക്കില്‍ ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ദേശീയ പണിമുടക്കില്‍ ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 2019 ജനുവരി 8,9 ദിവസങ്ങളിലായിരുന്നു കേന്ദ്രനയങ്ങള്‍ക്കെതിരെ പണിമുടക്ക് നടന്നത്.സമരദിനങ്ങള്‍ ശമ്പള അവധിയാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തില്‍ പങ്കെടുത്ത ജീവനക്കര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നല്‍കിയിട്ടുണ്ടങ്കില്‍ തിരിച്ചുപിടിക്കാനും കോടതി നിര്‍ദ്ദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും.
കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കും;ശനിയാഴ്ച രാജ്യവ്യാപകമായി വഴിതടയൽ സമരം നടത്താനൊരുങ്ങി കർഷക സംഘടനകൾ
ന്യൂഡൽഹി:കാർഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഫെബ്രുവരി ആറ് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെ റോഡുകള്‍ തടയുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍(ആര്‍) പ്രതിനിധി ബല്‍ബീര്‍ സിങ് രജേവാല്‍ അറിയിച്ചു.കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു.ഉപാധികൾ അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണമെന്നും ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുകയും സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. വരുമാനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴില്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമര്‍ശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍കോട് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. മലപ്പുറം 504, കോഴിക്കോട് 412, എറണാകുളം 410, കോട്ടയം 279, തിരുവനന്തപുരം 202, തൃശൂര്‍ 255, ആലപ്പുഴ 248, കൊല്ലം 247, പത്തനംതിട്ട 158, കണ്ണൂര്‍ 134, പാലക്കാട് 64, ഇടുക്കി 109, വയനാട് 82, കാസര്‍കോട് 32 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 255, കൊല്ലം 332, പത്തനംതിട്ട 266, ആലപ്പുഴ 493, കോട്ടയം 681, ഇടുക്കി 193, എറണാകുളം 908, തൃശൂര്‍ 523, പാലക്കാട് 273, മലപ്പുറം 517, കോഴിക്കോട് 390, വയനാട് 126, കണ്ണൂര്‍ 181, കാസര്‍കോട് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കേന്ദ്ര ബജറ്റ്;കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ; കൊച്ചി മെട്രോക്ക് 1957 കോടി;1100 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ
ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ.കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ബഡ്ജറ്റില്‍ ധനമന്ത്രി അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. കൊച്ചി മെട്രോയ്ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സര്‍വീസുകള്‍ക്കും ബഡ്ജറ്റില്‍ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റര്‍ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്.കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും.കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരാദ്വീപ് തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിന് മാത്രമല്ല പശ്ചിമബംഗാളിനും നിര്‍ണായക പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. 675 കി.മി ദേശീയപാതയുടെ നിര്‍മ്മാണത്തിനായി പശ്ചിമ ബംഗാളില്‍ 25,000 കോടി രൂപ അനുവദിച്ചു.
ബജറ്റ് അവതരണം തുടങ്ങി;ഇത് രാജ്യത്തെ ആദ്യ പേപ്പര്‍ രഹിത ബജറ്റ്;പ്രതിഷേധവുമായി പ്രതിപക്ഷവും
ന്യൂഡല്‍ഹി:രാജ്യത്തെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു.പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആണ്. ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയെ കണ്ടിരുന്നു. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നു. ഇതിന് ശേഷമാണ് അവതരണം തുടങ്ങിയത്.കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ബജറ്റ് വിതരണം ഡിജിറ്റലാക്കിയത്.അതേസമയം ബജറ്റ് അവതരണം തുടങ്ങിയതോടെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധവുമായി ആദ്യമെത്തിയത് പഞ്ചാബില്‍ നിന്നുള്ള എം.പിമാരാണ്. കറുത്ത ഗൌണ്‍ ധരിച്ചാണ് പഞ്ചാബില്‍ നിന്നുള്ള എംപിമാര്‍ ഇന്ന് പാര്‍ലമെന്‍റിലെത്തിയിട്ടുള്ളത്. അകാലിദള്‍, ആപ് എംപിമാരും പ്രതിഷേധിച്ചു.ഇത് വകവയ്ക്കാതെ നിര്‍മ്മലാ സീതാരാമന്‍ അതവരണം തുടങ്ങി. ആഗോള സമ്പത് വ്യവസ്ഥ തകര്‍ന്നപ്പോഴും രാജ്യം പിടിച്ചു നിന്നുവെന്നും കര്‍ഷകര്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും പണം എത്തിച്ചെന്നും ധനമന്ത്രി ആമുഖമായി അവകാശപ്പെട്ടു. കോവിഡ് പോരാട്ടത്തില്‍ ജയിച്ചുവെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. രണ്ട് വാക്‌സിനുകള്‍ കൂടി കോവിഡിനെ പ്രതിരോധിക്കാന്‍ ഉടന്‍ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സമ്പത് വ്യവസ്ഥയെ വളര്‍ച്ചയിലേക്കാണ് നയിക്കാനാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.ബജറ്റ് വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
കേന്ദ്ര ബജറ്റ് ഇന്ന്;പ്രതീക്ഷയോടെ രാജ്യം
ന്യൂഡൽഹി:കേന്ദ്ര ബജറ്റ് ഇന്ന്.ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെ 11 ന് ബജറ്റ് അവതരിപ്പിക്കും.കൊവിഡില്‍ സമ്പത് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വളരെ പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റിനെ ഉറ്റ് നോക്കുന്നത്.കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ മിനി ബജറ്റ് തന്നെയായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായിരിക്കും കേന്ദ്ര ബജറ്റ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബജറ്റ് സമ്മേളനത്തിന് മുൻപായി മാധ്യമങ്ങളോട് പ്രതികരിച്ചത്.സമ്പത് വ്യവസ്ഥയുടെ ഉത്തേജനത്തിനുള്ള പദ്ധതികള്‍ ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മാത്രമല്ല കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്ക് കൂടി ബജറ്റില്‍ മുന്‍തൂക്കം ലഭിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആരോഗ്യമേഖലയില്‍ 15 ശതമാനമെങ്കിലും അധികമായി ചെലവഴിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിന് ഹെല്‍ത്ത് ടാക്സ് ഉയര്‍ത്തിയേക്കും.വിവാദ കാര്‍ഷിക നിയമങ്ങളെ ചൊല്ലി രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷക മേഖലയ്ക്കും ബജറ്റില്‍ പ്രത്യേക ഊന്നല്‍ ലഭിച്ചേക്കും. കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ നീട്ടിനല്‍കാനും സാധ്യതയുണ്ട്.തൊഴില്‍ അവസരങ്ങള്‍ പ്രതിരോധ മേഖല എന്നിവയ്ക്കും ബജറ്റില്‍ ഊന്നല്‍ ലഭിക്കും.ഏപ്രില്‍ മാസം ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയില്‍ വ്യക്തമാക്കിയത്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.