കൊച്ചി:പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഐ.ഒ.സിക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകി. ബുധനാഴ്ച വരെ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നൽകിയത്.പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തു നാട്ടുകാരും പൊലീസുമായി ഇന്നു വീണ്ടും സംഘർഷം ഉടലെടുത്തിരുന്നു. പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളുൾപ്പെടെ നിരവധിപേർക്കു പരുക്കേറ്റു.കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറ് വന്നതെന്ന് സമരക്കാർ ആരോപിച്ചു.എല്ലാ അനുമതിയോടെയുമാണു ടെർമിനൽ നിർമാണം ആരംഭിച്ചതെന്നും സമരം മൂലം നിർമാണം നടക്കാത്തതിനാൽ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐഒസി പറയുന്നു.സമരവുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയുമായി ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യം നിമിത്തം ചർച്ച നടന്നില്ല. തിരുവനന്തപുരത്ത് മറ്റൊരു ദിവസം ചർച്ച നടത്താമെന്നു ഓഫിസ് അറിയിച്ചതായി സമരസമിതി നേതാക്കൾ പറയുന്നു.