സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു;കൂടുതലും ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക്

keralanews 25 omicron cases confirmed in the state today more cases from low risk countries

തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ മൂന്ന് വീതം പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 305 ആയി.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.മലപ്പുറം ജില്ലയിലുള്ള 42 വയസുകാരിക്കും തൃശൂര്‍ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറത്ത് 14 പേര്‍ യുഎഇയില്‍ നിന്നും 4 പേര്‍ ഖത്തറിൽ നിന്നും, ആലപ്പുഴയില്‍ 2 പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ സൗദി അറേബ്യയില്‍ നിന്നും, തൃശൂരില്‍ ഒരാള്‍ ഖത്തറിൽ നിന്നും ഒരാള്‍ യുഎസ്‌എയില്‍ നിന്നും വന്നതാണ്.ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരിൽ 209 പേർ  ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 64 ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 32 പേർക്ക് സമർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മന്ത്രി പറഞ്ഞു.