തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ സമയം മാറ്റുന്നതിൽ സർക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും മന്ത്രി പറഞ്ഞു. യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു ആശയം മാത്രമാണ് സർക്കാർ മുന്നോട്ടുവെച്ചത്, ഇക്കാര്യത്തിൽ വിശ്വാസി സമൂഹത്തിന് ആശങ്കവേണ്ടെന്നും നിയമസഭയിൽ എൻ.ഷംസുദ്ദീന്‍റെ സബ്മിഷന് മന്ത്രി മറുപടി നൽകി.മിക്‌സഡ് ബെഞ്ചുകള്‍, ജെന്‍ഡര്‍ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലിം സംഘടനകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തിരക്കിട്ട് പരിഷ്‌കരണം വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കണം സംബന്ധിച്ച പഠിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയത്. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശ്യം സർക്കാരിനില്ല. ബഹുസ്വരതയെയും വൈവിധ്യങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയ പല സ്കൂളുകളിലും രാവിലെ 8ന് ക്ലാസ് നടക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പല സ്വകാര്യ സ്കൂളുകളിലും രാവിലെ 8 മണിയ്ക്കാണ് ക്ലാസ് തുടങ്ങുന്നത്.മിക്സഡ് ബെഞ്ചുകളും മിക്സഡ് ഹോസ്റ്റലുകളും എന്ന നിർദേശം ഒരിടത്തും നൽകിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ലിംഗപരമായ സവിശേഷത എന്നിവ മൂലം ഒരു കുട്ടിയും മാറ്റിനിർത്തപ്പെടരുത്. സ്ത്രീകള്‍ക്ക് നൽകി വരുന്ന പരിഗണനയും സംരക്ഷണവും ജെന്‍ഡർ ന്യൂട്രല്‍ ആശയങ്ങൾ വഴി നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ഇന്ന് ചേരും.വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാവുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ അവലോകന യോഗത്തിൽ ആരാധാനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനമായിരുന്നു.എന്നാൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിക്കുകയായിരുന്നു.കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരണമോ എന്നത് യോഗം ചർച്ച ചെയ്യും. ഞായറാഴ്ച നിയന്ത്രണളിൽ ഇളവിന് സാധ്യതയെന്നും കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നുമാണ് സൂചന. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. സംസ്ഥാനത്ത് അര ലക്ഷത്തിന് മുകളിൽ നിന്നിരുന്ന പ്രതിദിന രോഗ ബാധ 22,000 യിലേക്ക് കുറഞ്ഞിട്ടുണ്ട്പരിശോധിക്കുന്നത്തിൽ രണ്ടിൽ ഒരാൾ പോസിറ്റീവ് ആവുന്ന തീവ്ര വ്യാപനത്തിൽ നിന്ന് ടി പി ആർ 30 ന് താഴേയ്ക്കും എത്തി. ഇതോടെയാണ് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. ഞായറാഴ്ചയിലെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വേണമെന്ന് മത സമുദായിക സംഘടനകൾ അടക്കം ആവശ്യം ഉന്നയിച്ചിരുന്നു.അതേസമയം, ജില്ലാ അടിസ്ഥാനത്തിൽ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരും. നിലവിൽ കൊല്ലം ജില്ലയാണ് കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ ഉള്ളത്. കാസർഗോഡ് ജില്ല ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. രോഗ വ്യാപന തോത് അനുസരിച്ചു ജില്ലകളെ പുനർക്രമീകരിക്കാനും അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.
സംസ്ഥാനത്ത് ഇന്ന് 6,293 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;4,749 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6,293 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍കോട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5578 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 644, കോഴിക്കോട് 753, മലപ്പുറം 616, തൃശൂര്‍ 640, കോട്ടയം 560, ആലപ്പുഴ 447, കൊല്ലം 400, പാലക്കാട് 208, പത്തനംതിട്ട 289, തിരുവനന്തപുരം 291, കണ്ണൂര്‍ 218, വയനാട് 237, ഇടുക്കി 164, കാസര്‍ഗോഡ് 111 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.49 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, കണ്ണൂര്‍ 8, തൃശൂര്‍ 7, കോഴിക്കോട് 5, തിരുവനന്തപുരം 4, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് 3 വീതം, പാലക്കാട്, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂര്‍ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂര്‍ 330, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ബിജെപി യുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; എ.പി അബ്ദുള്ളകുട്ടി ദേശീയ ഉപാധ്യക്ഷൻ
ദില്ലി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു.എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ അധ്യക്ഷൻ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് 23 പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബി.ജെ.പി ദേശീയ വക്താക്കളായി. പൂനം മഹാജന് പകരമായാണ് തേജ്വസി സൂര്യ യുവമോർച്ച അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻ.ടി.ആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു. അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.
വായില്‍ കുലുക്കുഴിഞ്ഞ വെള്ളം ഉപയോഗിച്ച് പരിശോധന;കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍
ന്യൂഡൽഹി:കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ നിറച്ച വെള്ളം പരിശോധിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍. ഇതിനായി ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആർ പറയുന്നത്. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന നടത്തിയാൽ മതിയാകും.ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളില്‍ മെയ് മുതല്‍ ജൂണ്‍ വരെ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. രോഗനിര്‍ണയം നടത്തി 72 മണിക്കൂറിനുളളില്‍ ഇവരില്‍നിന്ന് രണ്ടു തരത്തിലുളള സാമ്പിളുകളും ശേഖരിച്ചിരുന്നു. സാമ്പിളുകൾ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്കാണ് വിധേയമാക്കിയത്.മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിച്ച സ്രവപരിശോധനയ്ക്ക് സമാനമായി ഗാര്‍ഗിള്‍ സാമ്പിളും പോസ്റ്റീവായിരുന്നു.സ്രവം ശേഖരിക്കുന്നവര്‍ക്ക് രോഗം പകരാനുളള സാധ്യത തുടങ്ങി സാമ്പിളുകൾ ശേഖരിക്കുന്നതിന് ഒരു പാട് പോരായ്മകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു പകരം വായില്‍ കുലുക്കുഴിഞ്ഞ വെളളം സാമ്പിളായി ശേഖരിക്കുന്നതിലൂടെ ഈ തരത്തിലുള്ള ന്യൂനതകളെല്ലാം മറികടക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒപ്പം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതുള്‍പ്പടെ പരിശോധനയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്നും വേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി.ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിൽ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌൺ പാലിച്ച ജനങ്ങൾക്ക് നന്ദി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു എന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണം. ഏപ്രിൽ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് ബാധയുണ്ടാകുന്നതിന് മുന്‍പ് തന്നെ വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചു. കേവലം 500 രോഗബാധിതരായപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ ലോക് ഡൌണ്‍ ഇന്ത്യയില്‍ നടത്തി. മുന്‍പ് ഇന്ത്യക്കൊപ്പം രോഗബാധയുണ്ടായിരുന്ന രാജ്യങ്ങളില്‍ ഇന്ന് 30 ഇരട്ടി വരെ രോഗബാധിതരുണ്ട്. അവിടെയൊക്കെ മരണനിരക്കും കൂടുതലാണ്. ഇന്ത്യ സ്വീകരിച്ച സമീപനവും പെട്ടെന്നെടുത്ത തീരുമാനങ്ങളുമാണ് സഹായകരമായതെന്ന് മോദി പറഞ്ഞു.ലോക്ഡൌണ്‍ കാരണം സാമ്പത്തിക പ്രശ്നങ്ങളുണ്ട്. എന്നാല്‍ മനുഷ്യ ജീവന്‍ അതിനെക്കാള്‍ പ്രധാനമാണ്. നമ്മള്‍ സ്വീകരിച്ച രീതിയെ കുറിച്ച് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. സംസ്ഥാനങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തി. ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൌണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം കോവിഡ് കിടക്കകളുണ്ട്. അറുന്നൂറിലധികം കോവിഡ് ആശുപത്രികളുണ്ട്. കൊറോണക്ക് വാക്സിന്‍ നിര്‍മിക്കാന്‍ യുവശാസ്ത്രജ്ഞര്‍ മുന്നോട്ട് വരണം. ആരോഗ്യ സേതു മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന് ശേഷം നാലാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
- മുൻപ് രോഗങ്ങൾ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം അവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാൽ കരുതൽ വേണം.
- സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
- മാസ്ക് ധരിക്കണം, രോഗ പ്രതിരോധ ശേഷി കൂട്ടാൻ ശ്രമിക്കണം.
- ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങൾ പിന്തുടരണം.
- ദരിദ്ര വിഭാഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണം.
- ജോലിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകരുത്.
- കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കണം.
ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
മുംബൈ:ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.സമൂഹമാധ്യമങ്ങളില്‍ കണ്ട പല സന്ദേശങ്ങളും പേടിപ്പെടുത്തുന്നതായിരുന്നു.ഹീനമായ അധിഷേപങ്ങളും ഉണ്ടായി.എന്നാല്‍ യുവതി പ്രവേശനം അനുവദിച്ച ശബരിമല വിധിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമലയില്‍ യുവതി പ്രവേശനമനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിലെ അംഗമാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.ശബരിമല വിധി വന്ന് ഒരു വര്‍ഷം പൂർത്തിയാകുമ്പോഴാണ് വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍.വിധി പറഞ്ഞതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലുടെ നിരവധി ഭീഷണികള്‍ ഉണ്ടായി.ഓഫീസിലെ സഹപ്രവര്‍ത്തകര്‍, ഇന്റേണികള്‍,ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പല ഭീഷണി സന്ദേശങ്ങളും കണ്ടു.പലതും പേടിപ്പെടുത്തുന്നവയായിരുന്നുവെന്നും ചന്ദ്രചൂഡ് മൂബൈയില്‍ നടന്ന നിയമ വിദഗദ്ധരുടെ ഒരു സ്വകാര്യ ചടങ്ങില്‍ വ്യക്തമാക്കി.പക്ഷെ യുവതി പ്രവേശനം അനുവദിച്ച വിധിയില്‍ ഉറച്ച് നില്‍ക്കുന്നു. യുവതികള്‍ക്ക് മാത്രം പ്രവേശനം തടയുന്നത് തൊട്ട്കൂടായ്മയ്ക്ക് തുല്യമാണന്നും ചന്ദ്രചൂഡ് വിമര്‍ശിച്ചു. യുവതി പ്രവേശനം എതിര്‍ത്ത ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിലപാടിലെ അംഗീകരിക്കുന്നു. എന്നാല്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കിലെടുക്കണമെന്നും ചന്ദ്രചൂഡ് ആവിശ്യപ്പെട്ടു.
കാസർകോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് വീടൊരുങ്ങി;ഗൃഹപ്രവേശം നാളെ
കാസർകോഡ്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് സ്വപ്‌നഗൃഹം ഒരുങ്ങി.നാളെ ഗൃഹപ്രവേശനം നടക്കുന്ന വീട്, തണല്‍ ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഹൈബി ഈഡന്‍ എം എല്‍ എ 44 ദിവസം കൊണ്ടാണ് യാഥാര്‍ഥ്യമാക്കിയത്. ചടങ്ങില്‍ എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഹൈബി ഈഡനും പങ്കെടുക്കും.സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് നാളെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ഥ്യമാകുമ്ബോള്‍ ഇതൊന്നും കാണാന്‍ മകനില്ലെന്ന ദുഃഖം മാത്രമേ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്.ചെറിയ നല്ലൊരു വീടുവെക്കണം.ആ വീട്ടില്‍ വെച്ച് ചെറിയ പെങ്ങളുടെ കല്യാണവും നടത്തണം എന്നതൊക്കെയായിരുന്നു കൃപേഷിനുണ്ടായിരുന്ന സ്വപ്നങ്ങള്‍. കൃപേഷിന്റെ മരണത്തെ തുടര്‍ന്ന് വീട് സന്ദര്‍ശിച്ച ഹൈബി ഈഡന്‍ വീടിന്റെ ദയനീയാവസ്ഥ കണ്ട് വീടു നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസുമായും കൂടിയാലോചിച്ച് 1000 ചതുരശ്രയടി സിസ്തീര്‍ണമുള്ള വീടിന് അനുമതി നല്‍കുകയായിരുന്നു.കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കും. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്.രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെ കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്.
കൊല്‍ക്കത്തയില്‍ ലോറിയിൽ കടത്തുകയായിരുന്ന 1000കിലോ സ്ഫോടക വസ്തുക്കൾ പിടികൂടി;രണ്ടുപേര്‍ അറസ്റ്റില്‍
കോല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 1000 കിലോ സ്ഫോടക വസ്തുക്കളുമായെത്തിയ ലോറി പ്രത്യേക ദൗത്യ സംഘം പിടികൂടി. കൊൽക്കത്തയിലെ താല പാലത്തില്‍ നിന്നാണ് സ്ഫോടക വസ്തുക്കളുമായെത്തിയ ലോറി പിടികൂടിയത്. ലോറിയുമായെത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സ്ഫോടക വസ്തുക്കളുമായി ഒരു ലോറി ഒഡീഷയില്‍ നിന്നും സംസ്ഥാനത്തെത്തിയതായി പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് ലോറി പിടികൂടിയത്.
മിന്നൽ ഹർത്താലിന് വിലക്ക്;ഏഴുദിവസം മുൻപ് നോട്ടീസ് നൽകണം
കൊച്ചി:ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമം ഇല്ലാത്തതുമൂലമാണ് ഹര്‍ത്താല്‍ നിത്യസംഭവമാകുന്നത്. ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ട്. അടിക്കടി ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുൻപ് പ്രഖ്യാപിക്കണമെന്നും ഇടക്കാല ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ഹര്‍ത്താലിനിടെയുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആഹ്വാനം ചെയ്തവര്‍ക്കാണ്. നാശനഷ്ടമുണ്ടായാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും കയ്യില്‍ നിന്ന് പണം ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.സമരം ചെയ്യുക എന്നത് മൗലികാവകാശത്തിന്റെ പരിധിയില്‍വരുന്നതാണ്. അതിനെ കോടതി നിരുല്‍സാഹപ്പെടുത്തുന്നില്ല. മറിച്ച് മൗലികാവകാശത്തെ ഉപയോഗിക്കുമ്ബോള്‍ അത് മറ്റുള്ളവര്‍ക്ക് എത്രകണ്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു, പൊതു ജീവിതത്തെ എത്രകണ്ട് ബാധിക്കുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.