കൊട്ടിയൂർ അമ്പായത്തോടിൽ വൻ ഉരുൾപൊട്ടൽ

കണ്ണൂർ:കൊട്ടിയൂർ അമ്പായത്തോടിൽ വൻ ഉരുൾപൊട്ടൽ.വലിയ ശബ്ദത്തോടുകൂടി മലയുടെ ഒരുഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.മലയിടിഞ്ഞു വീണ പ്രദേശത്ത് ആളുകൾ താമസിക്കുന്നില്ല.മലയിടിഞ്ഞ് വന്ന മണ്ണും പാറയും മരങ്ങളും താഴത്തെ നദിയിലേക്കാണ് വീണത്. ഇത് കുറച്ച് നേരത്തേക്ക് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി. നദി ഗതിമാറി ജനവാസ മേഖലയിലേക്ക് പോകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തടസ്സം മാറിയിട്ടുണ്ട്.ഇപ്പോഴും മല ഇടിയുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ബാവലിപ്പുഴ കര കവിഞ്ഞൊഴുകുകയാണ്. പ്രദേശത്ത് മാലൂര്‍ കുണ്ടേരിപ്പൊയിലില്‍ 14 വീടുകളാണ് വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരിക്കുന്നത്. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു കഴിഞ്ഞു. മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രദേശത്ത് തുറന്നിട്ടുണ്ട്. കൊട്ടിയൂരിലെ രണ്ട് പ്രദേശങ്ങളാണ് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നത്.നിരവധി വീടുകള്‍ നിലം പൊത്തി. തലശ്ശേരി, കണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഇവിടെ വൈദ്യുതിയും ഇല്ല. ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. രണ്ട് പാലങ്ങള്‍ അപകടാവസ്ഥയിലാണ്. വയനാടുമായി ബന്ധിപ്പിക്കുന്ന രണ്ട് ചുരങ്ങളും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വയനാടുമായി ഒരു ഗതാഗത ബന്ധവും സാധ്യമല്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.