തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് സെൽഫ് ഡിക്ലറേഷൻ ഉണ്ടെങ്കിൽ ടിസി ഇല്ലാതെ തന്നെ ഇഷ്ടമുള്ള സ്‌കൂളുകളിൽ ചേരാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടിസി ആവശ്യപ്പെടുന്ന ഏതൊരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ടിസി നൽകേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. നിയമസഭയിൽ എ.എൻ. ഷംസീർ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.ചില സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നത്. വിദ്യാർത്ഥി പുതുതായി ചേരാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കൂ. ഹയർസെക്കൻഡറി സ്‌കൂൾ ട്രാൻസ്ഫർ സിംഗിൾ വിൻഡോ അഡ്മിഷൻ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.