കൊച്ചി: സ്വപ്ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നാളെ ചോദ്യം ചെയ്യും.നാളെ കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്‌ക്ക് സമൻസ് നൽകി. ഇ ഡി കസ്റ്റഡിയിലിരിക്കെ ശബ്ദം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിലെ ഗൂഢാലോചനയാണ് അന്വേഷിക്കുക എന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പറഞ്ഞത് അസൂത്രിതമായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.എം ശിവശങ്കറാണ് പിന്നിലെന്നും സ്വപ്ന തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഇഡി സമൻസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്‌പോർട്‌സ്- യുവജനകാര്യ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ.ഇഡി ചോദ്യം ചെയ്തത് കൃത്യമായ രേഖകള്‍ കാട്ടിയായിരുന്നെന്നും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അവര്‍ ഹാജരാക്കിയെന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പിന്നില്‍ എം. ശിവശങ്കറാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ശിവശങ്കറിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനുവേണ്ടിയാണ് ഇ.ഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ കേസിന്റെ അന്വേഷണഘട്ടത്തില്‍ അട്ടകുളങ്ങര ജയിലില്‍ വെച്ച് ഇ.ഡി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.