പാലക്കാട്: പ്രമുഖ ആയുർവേദ ചികിത്സകനും സന്യാസിയുമായ ഒറ്റപ്പാലം പാലപ്പുറത്തെ സ്വാമി നിർമലാനന്ദ ഗിരി മഹാരാജ് (86) സമാധിയായി. 1980 ൽ കാശിയിലെ തിലബാൻഡേശ്വരം മഠത്തിലെ അച്യുതാനന്ദ ഗിരിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്. പിന്നീട് തിരിച്ച് കേരളത്തിലെത്തി. അദ്വൈത ഫിലോസഫിയുടെ പ്രചാരകനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയും ഉത്തരേന്ത്യയിലും നിരന്തര പ്രഭാഷണം നടത്തി. കേനോപനിഷത്, തന്ത്ര, ഭഗവത് ഗീതയ്ക്ക് ഒരാമുഖം,ക്ഷേത്രാരാധന തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
അദ്ദേഹം 90 കളിൽ ആണ് ആയുർവേദ ചികിത്സ തുടങ്ങിയത്. ആദ്യം പാലക്കാടും പിന്നീട് ഒറ്റപ്പാലം പാലപ്പുറം പാലിയിൽ മഠത്തിലും താമസിച്ചു പ്രഭാഷണവും ചികിത്സയും ഒരുമിച്ചു കൊണ്ടുപോയി. ആത്മീയ രംഗത്തും കാന്‍സര്‍ ചികിത്സാരംഗത്തും സജീവ സാന്നിധ്യമായിരുന്ന നിര്‍മലാനന്ദഗിരി ഒറ്റപ്പാലം കയറംമ്പാറ പാലയില്‍ മഠത്തിലായിരുന്നു വര്‍ഷങ്ങളായി താമസിച്ചിരുന്നത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ അസുഖം മൂര്‍ച്ചിച്ചതോടെ പാലക്കാട് തങ്കം ആസ്പത്രിയിലെത്തിച്ചിരുന്നുവെങ്കിലും വൈകുന്നേരം ആറരയോടെ സമാധിയാവുകയായിരുന്നു.
ഭൗതിക ശരീരം ഒറ്റപ്പാലത്തേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ മൂന്നുമണിക്ക്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് അദ്ദേഹത്തിന്റെ പൂർവ്വാശ്രമമെന്നു പറയപ്പെടുന്നു