Kerala, News

എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

keralanews suspension period of m sivasankar extended

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് പുതിയ നടപടി. സിവില്‍ സര്‍വീസ് ചട്ടലംഘനത്തിനാണ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്പെന്‍ഷന്‍ കാലാവധി നീട്ടിയ കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. സസ്പെന്‍ഷന്‍ കാലാവധി ജൂലൈ 16 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫിസില്‍ നിയമിച്ചതിനെ സംബന്ധിച്ച്‌ അറിവുണ്ടായിരുന്നതുമാണ് സസ്‌പെന്‍ഷനിലേക്കു നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. ക്രിമിനല്‍ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിനു സസ്പെന്‍ഡ് ചെയ്യാം എന്നാണ് ചട്ടം. 2023 ജനുവരി മാസംവരെ ശിവശങ്കറിനു സര്‍വീസ് ശേഷിക്കുന്നുണ്ട്.

Previous ArticleNext Article