Kerala, News

കേരളത്തില്‍ ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധിച്ചതായി സംശയം; യുഎഇയില്‍ നിന്ന് എത്തിയയാള്‍ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍

keralanews suspected of monkeypox in kerala person who arrived from u a e under observation with symptoms

തിരുവനന്തപുരം: കേരളത്തിൽ ഒരാൾക്ക് മങ്കിപോക്സ് (കുരങ്ങ് വസൂരി) ബാധിച്ചതായി സംശയം. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കി. വിദേശത്ത് നിന്നെത്തിയ ആൾക്കാണ് രോഗലക്ഷണം. പരിശോധനാഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. ഇന്ന് വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.മങ്കിപോക്സ് ബാധിച്ച ഒരാളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന വ്യക്തിയാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിരിക്കുന്നത്.വിദേശത്ത് നിന്നെത്തി മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വ്യക്തിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യുഎഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. വീട്ടിലുള്ളവരുമായി മാത്രമാണ് ഈ വ്യക്തിക്ക് അടുത്ത ബന്ധം ഉണ്ടായിട്ടുള്ളു എന്നാണ് വിവരം. നേരത്തെ പല രാജ്യങ്ങളിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു.പനിയുടെ ലക്ഷണങ്ങളാണ് മങ്കിപോക്സ് ബാധിച്ചവർക്കും ഉണ്ടാവുക. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പകരും. ശരീരസ്രവങ്ങൾ വഴിയാണ് ഈ വൈറസ് കൂടുതലായും പടരുന്നത്. അടുത്ത സമ്പർക്കം ഉള്ളവർക്ക് മാത്രമാണ് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article