Kerala, News

നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

keralanews supreme court will hear the petition filed by the state government seeking the withdrawal of assembly brawl case

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ഹർജി പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ നിന്നും സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്.നിയമസഭ കയ്യാങ്കളി അംഗീകരിക്കാനാവില്ലെന്നും എന്ത് സന്ദേശമാണ് അക്രമത്തിലൂടെ നേതാക്കൾ സമൂഹത്തിന് നൽകിയതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ അപ്പീല്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചന. മന്ത്രി വി ശിവന്‍ കുട്ടി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ പ്രതികൂല പരാമര്‍ശമുണ്ടായാല്‍ അത് സര്‍ക്കാറിന് തിരിച്ചടിയാകും. രാവിലെ പതിനൊന്ന് മണിക്കാണ് കേസ് പരിഗണിക്കുന്നത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയില്‍ പ്രതികള്‍ കുറ്റവിചാരണ നേരിടണമെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢും എംആര്‍ ഷായും അടങ്ങുന്ന ബഞ്ച് പറഞ്ഞിരുന്നു. കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അപ്പീല്‍ പിന്‍വലിക്കുകയാണ് എങ്കില്‍ പ്രതികള്‍ക്ക് വിചാരണക്കോടതിയില്‍ വിചാരണ നേരിടേണ്ടി വരും. 2015 മാർച്ച് പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ധനമന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് നടത്തിയ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭ സെക്രട്ടറിയുടെ പരാതിയിൽ ഇപി ജയരാജൻ, കെടി ജലീൽ, കെ. അജിത്, കെ കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവൻ, വി.ശിവൻകുട്ടി എന്നീ ആറ് എംഎൽഎമാർക്കെതിരെയായിരുന്നു പൊതുമുതൽ നശീകരണ നിയമപ്രകാരം അന്ന് കേസെടുത്തത്.

Previous ArticleNext Article