ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല,ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമല്ല തന്റെ വിചാരണ നടന്നത് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പവൻ കുമാർ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ സമാന ആവശ്യം ഉന്നയിച്ച് പവൻ കുമാർ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. ഹൈകോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ വിചാരണ നിയമപരമായി നിലനിൽക്കില്ലെന്നും തന്റെ വധശിക്ഷ റദ്ദാക്കണമെന്നും പവൻ കുമാർ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്.ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്. ഈ ഹരജി തള്ളിയാലും തിരുത്തൽ ഹരജിയടക്കമുള്ള നിയമസാധ്യതകൾ പ്രതികൾക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുമെന്ന് കാണിച്ച് വിചാരണക്കോടതി പുറപ്പെടുവിച്ച് മരണ വാറണ്ട് നടപ്പാക്കുന്നത് ഇനിയും വൈകിയേക്കും. കേസിലെ പ്രതി മുകേഷ് സമർപ്പിച്ച ദയാഹരജി പ്രസിഡണ്ടിന്റെ പരിഗണനയിലായിരുന്നതിനാലാണ് വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 1 ലേക്ക് മാറ്റിവെച്ചത്. മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി പിന്നീട് തള്ളിയിരുന്നു.