Kerala, News

ശബരിമല സ്ത്രീപ്രവേശനം;പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

keralanews supreme court will consider review petition regarding women entry in sabarimala

ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഇന്ന് മൂന്ന് മണിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേമ്ബറിലാണ് പരിശോധന.നാല്പത്തിയൊമ്പത് പുനപരിശോധന ഹര്‍ജികളും ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് പുറമെ, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. പരിശോധന സമയത്ത് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല.  പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പിസി ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്‌എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച്‌ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്നാണ് പുന: പരിശോധന ഹര്‍ജികളിലെ പ്രധാനവാദം.

Previous ArticleNext Article