ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി ഇന്ന്.മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വിധി പറയുക. കേസിൽ വാദം കേൾക്കവെ സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ രൂക്ഷമായി വിമർശിച്ച കോടതി നിയമനിർമ്മാണ സഭയിൽ സഭ അംഗങ്ങൾ തന്നെ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ എന്ത് പൊതുതാത്പര്യമാണ് സർക്കാരിന് മുൻപിലുള്ളതെന്നും ചോദിച്ചിരുന്നു.വി. ശിവന്‍കുട്ടി അടക്കമുള്ള സി.പി.എം എം.എല്‍.എമാര്‍ നടത്തിയ അക്രമം അസ്വീകാര്യമാണെന്നും അവര്‍ പൊതുസ്വത്ത് നശിപ്പിച്ചത് പൊറുക്കാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.2015ല്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.