ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ 17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. അതേസമയം, 2023വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി. അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.മുന്‍ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാറിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്നു ജെഡിഎസ് എംഎല്‍എമാരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു.എംഎല്‍എമാര്‍ ആദ്യം ഹൈക്കോടതിയെ സമീപിക്കണമായിരുന്നു.പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ജനാധിപത്യത്തില്‍ ധാര്‍മികത പ്രധാനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച സുപ്രീംകോടതി വിധി ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റില്‍ ആറ് ഇടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധിക്കൂ. ഡിസംബര്‍ അഞ്ചിനാനാണ് ഉപതെരഞ്ഞെടുപ്പ്. കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ രണ്ടു മണ്ഡലങ്ങളില്‍ പിന്നീട് മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ.