ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കാര്‍ഷിക വിദഗ്ധരുടെ സമിതിയും സുപ്രീംകോടതി രൂപീകരിച്ചു. തുടര്‍ന്നുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.നിയമങ്ങള്‍ തിടുക്കത്തില്‍ ഉണ്ടാക്കിയതല്ലെന്നും രണ്ട് പതിറ്റാണ്ടായി നടന്ന ചര്‍ച്ചകളുടെ ഫലമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി കര്‍ഷക യൂണിയനുകളുമായി നടത്തിയ എട്ട് ഘട്ട ചര്‍ച്ചകളില്‍, നിയമങ്ങള്‍ പിന്‍വലിക്കുന്നത് സര്‍ക്കാര്‍ ശക്തമായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഭേദഗതികള്‍ നടത്താമെന്ന് പറഞ്ഞിരുന്നു.പ്രശ്‌നം മികച്ച രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നിയമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.അതിനിടെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.അതേസമയം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് നിയമങ്ങള്‍ സ്വീകാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് നിയമങ്ങളെ എതിര്‍ക്കുന്നത്. അവരുമായി ചര്‍ച്ച നടത്തി വരിയാണ്. മുന്‍വിധികളോടെയാണ് ചില കര്‍ഷക സംഘടനകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കര്‍ഷകര്‍ക്ക് ഇടയില്‍ തെറ്റായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കര്‍ഷകര്‍ അല്ലാത്ത ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.