ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി വ്യാപാരത്തിന് ആര്.ബി.ഐ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി.2018 ലാണ് ആർബിഐ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് നിരോധനം ഏർപ്പെടുത്തിയത്.നിരോധനം നീക്കിയതോടെ ബിറ്റ്കോയിന് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ഇന്ത്യയില്‍ നിയമവിധേയമാകും.സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.ക്രിപ്റ്റോകറന്‍സി സമ്പൂർണ്ണമായി നിരോധിക്കുക എന്നത് നിയമപരമായി ശരിയല്ലെന്നും ഇത്തരം കറന്‍സിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള എല്ലാ ഹർജികൾക്കും കോടതിയുടെ ഇന്നത്തെ ഉത്തരവ് ബാധകമാകും.ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയാണ് ക്രിപ്റ്റോകറന്‍സിക്ക് നിരോധനമേര്‍പ്പെടുത്തിയ ആര്.ബി.ഐ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ആര്.ബി.ഐയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നതിന് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രബാങ്ക് പ്രതികരിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്റ്റോകറന്‍സി ഉപയോഗിക്കുന്നുണ്ടെന്നും ആര്.ബി.ഐ ആരോപിച്ചു.