ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് സുപ്രീംകോടതി. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിനെ കേസിലെ രേഖയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ.ഇരയുടെ സ്വകാര്യത മാനിക്കണമെന്നും അതിനാല്‍ പ്രതിക്ക് പകര്‍പ്പ് കൈമാറാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും കോടതി അഭിപ്രായപ്പെട്ടു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും അത് വ്യാജമായിരുന്നെന്നും പറഞ്ഞാണ് ദൃശ്യങ്ങള്‍ തനിക്ക് വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.ഓടുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് നടിയുടെ വാദം.എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനമാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നായിരുന്നു ആയിരുന്നു ദിലീപിന്റെ വാദം. അതുപോലെ തന്നെ നടിയുടെ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന് സംശയിക്കുന്നതായും ഇതില്‍ ഫോറന്‍സിക് പരിശോധന വേണമോ മറ്റെന്തെങ്കിലും പരിശോധന വേണമോ എന്നതും തന്റെ അവകാശമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങളുടെ കോപ്പിയില്‍ വാട്ടര്‍ മാര്‍ക്കിടാം, പോലീസുകാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താം, സി ഡാക്കിനെ ഏല്‍പ്പിക്കാം തുടങ്ങിയ അനേകം ഉപാധികള്‍ ദിലീപ് മുൻപോട്ട് വെച്ചെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചില്ല. ദിലീപിന് വ്യക്തിപരമായി പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് നടിയുടെ സ്വകാര്യതയും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന നടിയുടെയും സര്‍ക്കാരിന്റെയും വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ അന്വേഷണ സംഘത്തിന് കേസുമായി മുൻപോട്ട് പോകാനാകും.