ന്യൂഡൽഹി:നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവർ സമർപ്പിച്ച ഹർജികളാണ് തള്ളിയത്.ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.വിനയ് ശര്‍മയുടെയും മുകേഷ് സിങിന്‍റെയും മുന്നില്‍ ഇനി ദയാ ഹരജി നല്‍കുക എന്നൊരു വഴിയാണുള്ളത്.ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.കേസിലെ മറ്റ് രണ്ട് പ്രതികളായ അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത എന്നിവര്‍ക്കും വേണമെങ്കില്‍ തിരുത്തല്‍ ഹരജി നല്‍കാന്‍ അവസരമുണ്ട്.2012 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ്സിലാണ് 23 വയസ്സുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.ചികിത്സയിലിരിക്കവേ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ബാക്കി നാല് പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.