ന്യൂഡൽഹി:മുന്‍മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്ക് എതിരെ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവ്.ഇവര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിയമ നടപടിയെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. അനധികൃത പണമിടപാടികളും കോടതി നടപടികളുടെയും പേരിലാണ് ഇന്റലിജന്‍സ് ബ്യൂറോ വിജയയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചെന്നൈയ്ക്ക് പുറത്ത് വിജയ 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്ളാറ്റുകള്‍ വാങ്ങിയെന്നും ഇതില്‍ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ വിഗ്രഹമോഷണ കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരുന്ന പ്രത്യേക ബെഞ്ച് വിജയ പിരിച്ചുവിട്ടിരുന്നു. തമിഴ്നാട് മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തിനെതിരായ ഉത്തരവുകള്‍ ഈ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഈ നേതാവുമായുള്ള ബന്ധമാണ് കാരണം കാണിക്കാതെയുള്ള ഈ ബെഞ്ച് പിരിച്ചുവിട്ടതിന് പിന്നിലെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന രണ്ടാമത്തെ ആരോപണം. വിജയ താഹില്‍രമാനിയുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സിബിഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.നേരത്തെ, മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് വിജയ താഹില്‍രമാനി രാജിവെച്ചിരുന്നു. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഇവരുടെ ആവശ്യം സുപ്രീംകോടതി കൊളീജിയം നിരസിച്ചു. തുടര്‍ന്നാണായിരുന്നു വിജയ താഹില്‍രമാനി രാജിവെച്ചത്.