ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിർദേശം.ഇതിനായി മൂന്ന് പേരടങ്ങുന്ന സമിതിയെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ചു.സുപ്രീംകോടതി റിട്ട. ജഡ്ജി ഖലീഫുല്ലയാണ് സമിതി ചെയര്‍മാന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീംറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.സമിതിയ്ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.മധ്യസ്ഥ ചര്‍ച്ചക്ക് ഒരു തടസ്സവുമില്ലെന്ന് കോടതി വ്യക്തമാക്കി. ചര്‍ച്ച രഹസ്യമായിരിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.അതേസമയം എല്ലാ ചര്‍ച്ചകളും റെക്കോര്‍ഡ് ചെയ്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഫൈസാബാദിലാണ് ചര്‍ച്ച നടക്കുക. ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്‌ത് നല്‍കണം.ഒരാഴ്‌ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും എട്ട് ആഴ്ചക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നാലാഴ്ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം.അയോധ്യയിലെ ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം സുപ്രീം കോടതി ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥതയെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്.ഈ വിഷയത്തില്‍, മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതാണ് സമിതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്.