ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരസ്യ വിമർശനം. നിയമവ്യവസ്ഥയുടെ തലപ്പത്തെ പക്ഷപാതിത്വം ജനാധിപത്യം അപകടത്തിലാക്കുമെന്ന് വാർത്താസമ്മേളനം വിളിച്ചു ചേർത്ത് നാല് ജഡ്ജിമാർ തുറന്നടിച്ചു. ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ,രഞ്ജൻ ഗോഗോയ്, മദൻ.ബി.ലോക്കൂർ,കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവെച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിൽ വാർത്താസമ്മേളനം നടത്തിയത്.സുപ്രീം കോടതിയിൽ കുറച്ചു കാലങ്ങളായി ശരിയല്ലാത്ത കാര്യങ്ങൾ നടക്കുന്നതായി മുതിർന്ന ജഡ്ജിമാർ വിളിച്ചുപറഞ്ഞത് രാഷ്ട്രീയ,നിയമ മേഖലകളെ ഞെട്ടിച്ചിരിക്കുകയാണ്.കോടതിയുടെ പ്രവർത്തനങ്ങളിലെ താളപ്പിഴകൾ ചൂണ്ടിക്കാട്ടിയിട്ടും ചീഫ് ജസ്റ്റിസ് നടപടി എടുത്തില്ലെന്നും അതുകൊണ്ടുതന്നെ ഏറെ വേദനയോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്നുമുള്ള ആമുഖത്തോടെയാണ് ജഡ്‌ജിമാർ മാധ്യമ പ്രവർത്തകരെ കണ്ടത്.നാല് ജഡ്ജിമാരും ചേർന്ന് ചീഫ് ജസ്റ്റിസിനെഴുതിയ ഏഴുപേജുള്ള കത്തും പുറത്തുവിട്ടു. സമാനതകളില്ലാത്ത ഈ സാഹചര്യം രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി കൂടിക്കാഴ്ച നടത്തി.പരമോന്നത നീതിപീഠത്തിലെ ഭിന്നിപ്പിന്റെ ആഴവും പ്രത്യാഘാതങ്ങളും വിലയിരുത്തിയെങ്കിലും പ്രത്യക്ഷമായി ഇടപെടേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.ഇത് നീതിന്യായ സംവിധാനത്തിന്റെ ആഭ്യന്തര കാര്യമാണെന്നും പ്രശ്നങ്ങൾ ജുഡീഷ്യറി തന്നെ സ്വയം പരിഹരിക്കുമെന്നും നിയമ സഹമന്ത്രി പി.പി ചൗധരി പറഞ്ഞു.കേസുകൾ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുക്തിരാഹിത്യവും കീഴ്വഴക്ക ലംഘനവുമാണ് കാട്ടുന്നതെന്നും മുതിർന്ന ജഡ്ജിമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണ് പരാതി.കേസുകൾ ഏത് ബെഞ്ച് കേൾക്കണമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം തനിക്കാണെന്ന് കഴിഞ്ഞ നവംബറിൽ മെഡിക്കൽ കോഴക്കേസിലെ വിവാദ വിധിക്കു ശേഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തുറന്നടിച്ചതോടെയാണ് ജഡ്ജിമാർക്കിടയിലെ അവിശ്വാസം പരസ്യമായി തുടങ്ങിയത്.
India, News
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരസ്യ വിമർശനം
Previous Articleപച്ചക്കറികൾക്ക് വിൽപ്പന വില നിശ്ചയിക്കണമെന്ന് കർഷക സംഘടന