ന്യൂഡൽഹി:പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. ജനതാത്‌പര്യം മുൻനിർത്തി പാലം പണി വേഗത്തിലാക്കണമെന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണം, മേൽപ്പാലം പുതുക്കിപ്പണിയാൻ അടിയന്തരമായി അനുമതി നൽകണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാന സർക്കാറിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഹാജരായി. പൊതുതാത്പര്യം മുൻനിർത്തിയാണ് മേൽപ്പാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ഇ. ശ്രീധരന്റെയും ചെന്നൈ ഐഐടിയുടെയും എഞ്ചിനീയർമാർ അംഗങ്ങളായ സമിതിയുടെയും റിപ്പോർട്ടുകൾ എ.ജി ചൂണ്ടിക്കാട്ടി.അറ്റോർണി ജനറലിന്റെ വാദമുഖങ്ങൾ കോടതി അതേപടി അംഗീകരിച്ചു. പാലം അപകടത്തിലാണെന്ന വിദഗ്ധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. രണ്ട് വർഷം കൊണ്ട് പാലം തകർന്നുവെന്ന കാരണം കൊണ്ട് തന്നെ ഹൈക്കോടതി വിധി റദ്ദാക്കുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.