ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പട്ട സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം.സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികളാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് ഇന്ന് പരിഗണിച്ചത്. ചേബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയക്കും. ചീഫ്ജസ്റ്റിസിന് പുറമെ കേസില്‍ നേരത്തെ വിധി പറഞ്ഞ എ എം ഖാന്‍വില്‍ക്കര്‍, ആര് എഫ് നരിമാന്, ഡി വൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരാണ് റിവ്യൂ ഹര്‍ജി പരിഗണിച്ചത്. ഇന്ത്യന്‍ യങ് ലോയേഴ്സിന്റെ ഹര്‍ജിയില്‍ മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച വിധിക്കെതിരെയാണ് 49 പുനഃപരിശോധനാഹര്‍ജികള്‍ വന്നത് . പന്തളം കൊട്ടാരം, തന്ത്രി കണ്ഠര് രാജീവര്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണഫോറം, എന്‍എസ്എസ്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ് ഹര്‍ജി നല്‍കിയത്. പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനമായെങ്കിലും സ്ത്രീപ്രവേശനം സംബന്ധിച്ച് സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കിയിട്ടില്ല.ഇതോടെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന വിധി നിയമമായി നിലനിൽക്കും.