ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് ലോക്ഡൗണിൽ ഇളവ് നല്‍കിയ സംസ്ഥാന സര്‍കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന കേരള സര്‍കാരിന്റെ അഭ്യര്‍ഥന സുപ്രീം കോടതി അംഗീകരിച്ചില്ല. സംസ്ഥാനം തിങ്കളാഴ്ച തന്നെ മറുപടി നല്‍കണമെന്ന് കോടതി നിർദേശിച്ചു.ലോക് ഡൗണ്‍ ഇളവ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് ദിവസത്തേയ്ക്കാണ് ഇളവ്. അതിനാല്‍ കൂടുതല്‍ സമയം നല്‍കാന്‍ സാധിക്കില്ലെന്നും തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്നും ഏതാനും കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ഇളവ് നല്‍കിയതെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇളവ് അനുവദിച്ചത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച ആദ്യത്തെ കേസായി പരിഗണിക്കുമെന്ന് പറഞ്ഞ് കോടതി ഹര്‍ജി മാറ്റി. കേസ് പരിഗണിക്കുന്ന വേളയില്‍ ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല മതപരമായ അവകാശങ്ങളെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ച് നിരീക്ഷിച്ചിരുന്നു.
ഡെല്‍ഹി മലയാളിയായ പി കെ ഡി നമ്പ്യാരാണ് ഇളവ് നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.ആരോഗ്യ വിദഗ്ധരുമായി ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും കേരളത്തിലും മഹാരാഷ്ട്രയിലും വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേരള സര്‍കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.സുപ്രീം കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് കന്‍വാര്‍ യാത്ര ഉത്തര്‍പ്രദേശ് സര്‍കാര്‍ റദ്ദാക്കിയിരുന്നു. സമാനമായി ഒരു മത ആഘോഷത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യുന്ന കേരളത്തില്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇടപെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ചില മേഖലകലകളില്‍ കൂടി കടകള്‍ തുറക്കാന്‍ അനുവദിച്ചു എന്നെ ഉള്ളു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചു.തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്. ചൊവ്വാഴ്ച രാവിലെ ആദ്യത്തെ കേസായി ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.