കണ്ണൂർ:ആകാശത്ത് വിസ്മയം തീർത്ത് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ദൃശ്യമായി.എന്നാൽ ആകാശം മേഘാവൃതമായതു കാരണം 152 വർഷങ്ങൾക്കു ശേഷം ദൃശ്യമായ ഈ പ്രതിഭാസം ജില്ലയിൽ ദൃശ്യമായത് ഭാഗികമായി മാത്രം.പലയിടത്തും ആകാശം മേഘാവൃതമായതിനാൽ ചന്ദ്രന്റെ ഓറഞ്ച് ചന്തം പൂർണ്ണമായും കാണാനായില്ല. അപൂർവ പ്രതിഭാസം കാണുന്നതിനായി ജനങ്ങൾ വൈകിട്ടോടെ തന്നെ തുറസായ സ്ഥലങ്ങൾ,കടൽത്തീരം എന്നിവിടങ്ങളിൽ സ്ഥാനം പിടിച്ചു.കണ്ണൂർ സയൻസ് പാർക്കിലെ ഒബ്‌സർവേറ്ററി ടവറിലെ ടെലിസ്കോപ്പിലൂടെയും അല്ലാതെയും കുട്ടികളടക്കം നിരവധി ആളുകൾ കാഴ്ച കണ്ടു.പയ്യാമ്പലം ബീച്ചിലും കാഴ്ച കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.വൈകുന്നേരം മുതൽ ആകാശത്തെ അപൂർവ ദൃശ്യം കാണാൻ എത്തിയവരുടെ മുൻപിൽ 7.10 ഓടെയാണ് ചുവന്ന നിറമുള്ള ചന്ദ്രൻ തെളിയാൻ തുടങ്ങിയത്.ഇടയ്ക്ക് കാർമേഘം ചന്ദ്രനെ മറച്ചെങ്കിലും കാത്തു നിന്നവരെ നിരാശരാക്കാതെ പൂർണ്ണചന്ദ്രൻ ഉദിച്ചു.എന്നാൽ അപ്പോഴേക്കും ഓറഞ്ച് രാശി മാഞ്ഞിരുന്നു.മൂന്നു അപൂർവതകളോടെ ആകാശത്തുദിച്ച ചന്ദ്രനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കാണികൾ മടങ്ങിയത്.