തിരുവനന്തപുരം:കനത്ത ചൂടിൽ കേരളം ചുട്ടുപൊള്ളുകയാണ്.നിരവധിയാളുകൾക്കാണ് ദിനംപ്രതി സൂര്യാഘാതമേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ചൂട് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.ഇതിന് പുറമേ ചിക്കന്‍പോക്‌സ്, കോളറ, ഡെങ്കിപ്പനി അടക്കം സാംക്രമിക രോഗങ്ങള്‍ക്കും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണണെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.എന്താണ് സൂര്യാഘാതമെന്നും സൂര്യാഘാതമേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും നോക്കാം:
സൂര്യാഘാതം:
അന്തരീക്ഷത്തിലെ ചൂട് ഒരു പരിധിയിൽ കൂടുതൽ ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കും.ഇതോടെ ശരീരത്തിനകത്തുണ്ടാകുന്ന താപം പുറന്തള്ളുന്നതിന് തടസ്സം നേരിടും.ഇതിന്റെ ഫലമായി ശരീരത്തിൽ നടക്കുന്ന പല നിർണായക പ്രവർത്തനങ്ങളും തകരാറിലാക്കുന്ന അവസ്ഥയാണ് സൂര്യാഘാതം.വരണ്ട് ചുവന്ന ശരീരം,ശക്തമായ തലവേദന,തലകറക്കം,മന്ദഗതിയിലുള്ള നാഡിമിടിപ്പ്,മാനസിക നിലയിലുണ്ടാകുന്ന മാറ്റം,അബോധാവസ്ഥ എന്നിവയൊക്കെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്റ്ററുടെ സേവനം തേടണം. അതേസമയം സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം.തലവേദന,ഓക്കാനം,ഛർദി,അമിതമായ വിയർപ്പ്,തലകറക്കം,ക്ഷീണം,അതിയായ ദാഹം,മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇതും സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറാം.
സൂര്യാഘാതമേറ്റാൽ എന്തൊക്കെ ചെയ്യണം:
* സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്തു നിന്നും തണലിലേക്ക് മാറി വിശ്രമിക്കണം.
* ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രം ഊരി മാറ്റണം.
* ധാരാളം വെള്ളം കുടിക്കുക.
* തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കണം.
* ധാരാളം പഴങ്ങളും സലാഡുകളും കഴിക്കുക.
* ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.