ന്യൂഡൽഹി:സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂരിനോട് ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. ഡൽഹി ചീഫ് മെട്രോപൊളിറ്റൻ കോടതിയിലാണ് ഹാജരാകേണ്ടത്.ഇന്ത്യൻ ശിക്ഷ നിയമത്തിലെ 498-എ(ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരത കാട്ടൽ),306(ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരം തരൂരിനെതിരെ നടപടികളുമായി നീങ്ങാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ചതായി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ പറഞ്ഞു.സുനന്ദയുടെ മരണം ആത്മഹത്യ ആണെന്ന് കണ്ടെത്തിയ ഡൽഹി പോലീസ് തരൂരിനെതിരെ പ്രേരണ കുറ്റത്തിന് മതിയായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തരൂരിനെതിരെയുള്ള കേസ് നിയമവിരുദ്ധവും അസംബന്ധവുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വികാസ് പഹ്വ പറഞ്ഞു. കുറ്റപത്രത്തിന്റെയും മറ്റു രേഖകളുടെയും പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.