കണ്ണൂർ: ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും സംസ്ഥാനത്തെ നാളികേര കൃഷിയെ കനത്ത തോതിൽ ബാധിക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. മണ്ണ്, ജലം, ജൈവ വൈവിധ്യം തുടങ്ങിയ പാരിസ്ഥിതിക അടിത്തറയെ ആകമാനം തകർക്കുന്ന കാലാവസ്ഥാ മാറ്റം നാളികേര കൃഷിയെ അപകടപ്പെടുത്തിത്തുടങ്ങിയതായി ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ,ചൈന,പാകിസ്ഥാൻ, മാലിദ്വീപ്, ബംഗ്ലാദേശ് ഇനീ രാജ്യങ്ങളിലാണ് കാലാവസ്ഥാ മാറ്റം കൃഷിയിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയെങ്കിലും കേരളത്തിലെ നാളികേര കൃഷിയുടെ വേരറുക്കാൻ പോന്നതാണ് ഇപ്പോഴത്തെ താപവ്യതിയാനം എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അന്തരീക്ഷ താപനില ഒരു പരിധി വരെ ഉയർന്നാലും നാളികേര കൃഷിയെ സാധാരണയായി ബാധിക്കാറില്ല. എന്നാൽ ഇപ്പോൾ സ്ഥിതി അങ്ങനെ അല്ല എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.