Kerala, News

ജപ്തി നടപടികൾക്കിടെ തീ കൊളുത്തി ആത്മഹത്യ ഭീഷണി;പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു

keralanews suicide threat by setting fire during confiscation proceedings man died

തിരുവനന്തപുരം:കോടതിയുത്തരവു പ്രകാരം ജപ്തി നടപടികൾക്ക് എത്തിയവർക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം നടനനത്. രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കൈയേറി കുടില്‍കെട്ടിയെന്ന പരാതിയുണ്ടായിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചു. കമ്മിഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ദേഹത്തൊഴിച്ചു.കയ്യിൽ കരുതിയ ലൈറ്ററിൽ നിന്നും തീ ദേഹത്തേക്ക് പടരുകയായിരുന്നു.തീ ആളിക്കത്തിയതോടെ ജപ്തിക്ക് വന്നവര്‍ അമ്പരന്നു.പോലീസുകാര്‍ ഉടൻ തീയണയ്ക്കാന്‍ നോക്കി. എന്നാല്‍ പെട്രോളായതിനാല്‍ പെട്ടന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.എന്നാൽ രാജന്റെ ജീവൻ രക്ഷിക്കാനായില്ല.അതേസമയം താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.മരിക്കാന്‍ വേണ്ടിയല്ല താന്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. കോടതിയുത്തരവ് നടപ്പാക്കാനെത്തിയവരെ പിന്തിരിപ്പിക്കാനായിരുന്നു ആത്മഹത്യശ്രമം. കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചുവെന്നാണ് രാജന്‍ പറഞ്ഞത്. എന്നാല്‍ അത് വലിയ ദുരന്തമായി മാറുകയായിരുന്നു.

അതേസമയം തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. ‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാന്‍, പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുൻപ്  പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനഃശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.’പൊലീസുകാര്‍ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോൾ ഷര്‍ട്ടില്‍ പിടിച്ച്‌ ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുമായിരുന്നു’. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നുവെന്നും മറ്റൊരു മകന്‍ രാഹുല്‍ പറഞ്ഞു.രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കരണം എന്നാണ് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

Previous ArticleNext Article