കണ്ണൂർ:പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ അധികൃതർക്ക് വീഴ്ചപറ്റിയതായി ജയിൽ ഡിഐജി യുടെ അന്വേഷണത്തിൽ കണ്ടെത്തൽ. ഓഗസ്റ്റ് ഇരുപത്തിനാലാം തീയതി സൗമ്യയെ ജയിൽ വളപ്പിലെ കശുമാവിൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിവാദമായ കൊലക്കേസ് പ്രതിയായതിനാൽ അതിജാഗ്രതയോടെ നിരീക്ഷിക്കേണ്ട റിമാൻഡ് തടവുകാരിയായ സൗമ്യ ജയിൽ വളപ്പിൽ തൂങ്ങിമരിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ആരോപണമുണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ജയിൽ ഡിഐജി എസ്.സന്തോഷ് ബുധനാഴ്ച ജയിലിൽ തെളിവെടുപ്പിനെത്തിയത്.ജയിൽ സൂപ്രണ്ട് പി.ശകുന്തള, ഡെപ്യുട്ടി സൂപ്രണ്ട് കെ.തുളസി,അസി.സൂപ്രണ്ട് സി.സി രമ,കെ.ചന്ദ്രി, അസി.പ്രിസൺ ഓഫീസർമാർ,തടവുകാർ,ഡ്രൈവർ എന്നിവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ജയിലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.9.30 നാണു സൗമ്യ മരിക്കുന്നത്.അതിനു മുൻപ് 9.10 നു അവർ സഹതടവുകാരുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.പിന്നീട് ടോയ്ലെറ്റിൽ പോയ സൗമ്യയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സഹതടവുകാരി ഉണക്കാനിട്ട സാരിയിലാണ് സൗമ്യ തൂങ്ങിയത്.സൗമ്യയുടെ കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് ഇവർക്ക് പ്രത്യേക നിരീക്ഷണം വേണമെന്ന് പോലീസ് ജയിലധികൃതർ നേരത്തെ അറിയിച്ചുരുന്നു.ഇക്കാര്യം ജയിലധികൃതർ ഗൗരവത്തിലെടുത്തില്ലെന്നും പറയുന്നു. അതേസമയം സംഭവ ദിവസം ജയിൽ സൂപ്രണ്ടും ഡെപ്യുട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സംഭവം നടന്നത് ജീവനക്കാർ അറിയിച്ച ശേഷമാണ് ഇവർ സ്ഥലത്തെത്തിയത്.ഇതും വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.