India, News

കോയമ്പത്തൂരിലെ പ്ലസ്​ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ;അധ്യാപകന്‍ അറസ്​റ്റില്‍

keralanews suicide of plus two student in coimbatore teacher arrested

ചെന്നൈ: കോയമ്പത്തൂരിൽ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂർ ആര്‍.എസ്.പുരം ചിന്മയ വിദ്യാലയത്തിലെ ഊര്‍ജതന്ത്രം അധ്യാപകനായ മിഥുന്‍ ചക്രവര്‍ത്തിയാണ് (32) അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്കൂൾ പ്രധാനദ്ധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച്‌ രക്ഷിതാക്കള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു. ആര്‍എസ് പുരത്തെ കോര്‍പറേഷന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 17 വയസ്സുകാരിയെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ നിന്നു കണ്ടെടുത്ത പെണ്‍കുട്ടി എഴുതിയതായി കരുതുന്ന കത്തിലാണ് സംഭവത്തെക്കുറിച്ച്‌ സൂചന നല്‍കുന്നത്. കത്തില്‍ മിഥുന്‍ ചക്രവര്‍ത്തിയെ കൂടാതെ രണ്ടു പേരുകള്‍ കൂടിയുണ്ടെന്നു പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോൾ മോശമായി സംസാരിച്ചെന്നും കഴിഞ്ഞ മാര്‍ച്ചില്‍ പ്രത്യേക ക്ലാസുണ്ടെന്നു പറഞ്ഞ് സ്‌കൂളില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നുമാണ് ആരോപണം. സ്വകാര്യ സ്‌കൂളില്‍ പഠിക്കുമ്പോൾ മിഥുന്‍ ചക്രവര്‍ത്തി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.വിവരമറിഞ്ഞ് പ്രധാന അദ്ധ്യാപികയോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കഴിഞ്ഞ സെപ്റ്റംബറില്‍ കോര്‍പറേഷന്‍ സ്‌കൂളിലേക്കു മാറ്റിയത്.സംഭവം വിവാദമായതോടെ മിഥുന്‍ ചക്രവര്‍ത്തി സെപ്റ്റംബറില്‍ സ്‌കൂളില്‍ നിന്നു രാജിവച്ചിരുന്നു. മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സ്വകാര്യ സ്‌കൂളിലെ പ്രധാനാധ്യാപികയ്‌ക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Previous ArticleNext Article