കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ചപ്പറ്റിയെന്ന അഭിപ്രായത്തിലുറച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍.സാജന്റെ കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് ഉള്‍ക്കൊള്ളണമെന്നും ജയരാജന്‍ ഒരഭിമുഖത്തിലാണ് വ്യക്തമാക്കിയത്.’ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിട നിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് നഗരസഭാ അധ്യക്ഷ. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്.ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്.’ – ജയരാജന്‍ പറഞ്ഞു.ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയ്ക്കു തെറ്റു പറ്റിയിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പരസ്യമായി നിലപാടെടുത്ത ജയരാജനെ തള്ളിയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ ഈ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചത്.