Kerala, News

കാസർകോട്ടെ എ​ട്ടാം ക്ലാ​സ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പോ​ക്സോ ചുമത്തിയ അധ്യാപകന്‍ അറസ്​റ്റില്‍

keralanews suicide of eighth standard student in kasarkode teacher charged pocso case arrested

കാസർകോഡ്: ഉദുമ ദേളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ദേളി സഅദിയ സ്കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ ഉസ്മാന്‍ (25) അറസ്റ്റില്‍.മുംബയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മേൽപ്പറമ്പ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ വിജയന്‍ എന്നിവര്‍ ആദൂര്‍, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അന്വേഷണം നടത്തി വരുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണവിവരം അറിഞ്ഞ ഉടന്‍തന്നെ പ്രതി കര്‍ണാടകത്തിലേക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി പി.ബി. രാജീവിന്റെ നിര്‍ദേശപ്രകാരം മേൽപ്പറമ്പ് എസ്.ഐ വി.കെ. വിജയന്‍, എ.എസ്.ഐ അരവിന്ദന്‍, ജോസ് വിന്‍സന്‍റ് എന്നിവര്‍ ബംഗളൂരുവില്‍ എത്തി കര്‍ണാടക പോലീസിന്റെ സഹായത്തോടെ ദിവസങ്ങളോളം പരിശോധന നടത്തിയിരുന്നു.അതിനിടെ, പ്രതി മഹാരാഷ്ട്രയിലേക്ക് കടന്ന് വിദേശത്തേക്ക് പോകാനായി ശ്രമം നടത്തുന്നതായി മനസ്സിലാക്കിയ അന്വേഷണസംഘം തന്ത്രപൂര്‍വം ഒരുക്കിയ വലയില്‍ പ്രതി കുടുങ്ങുകയായിരുന്നു.ഞായറാഴ്ച ബേക്കല്‍ സബ് ഡിവിഷന്‍ ഓഫിസിലെത്തിച്ച പ്രതിയെ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാര്‍ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപകന്റെ മാനസിക പീഡനമാണ് എന്നും എത്രയുംപെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും സംഘടനകളും പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.

Previous ArticleNext Article